'അനില്‍കുമാര്‍ പോയതില്‍ ക്ഷീണമില്ല; പുറത്തുപോയവരുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല'

 
VD Muralidharan

അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍. ഒരു ആള്‍ക്കൂട്ടമല്ല, ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു പ്രസ്ഥാനമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനിടയില്‍ ചിലര്‍ വിട്ടുപോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. എസ്ഡിപിഐ സഹായത്തോടെ ഈരാറ്റുപേട്ടയില്‍ ഭരണം പിടിച്ച സിപിഎമ്മിനെയാണ് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന് അനില്‍കുമാര്‍ വിശേഷിപ്പിക്കുന്നത്. ഇത്ര നല്ല ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍കുമാര്‍ നേരത്തെ തന്നെ സിപിഎമ്മില്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു. 

ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടുപോകാനുള്ള ശ്രമമാണ് കെപിസിസി അധ്യക്ഷന്റെ നേതൃത്തില്‍ നടക്കുന്നത്. അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ല. രണ്ടുപേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

അനില്‍കുമാര്‍ പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്നേഹം കൂടും, ബഹുമാനം ഉണ്ടാകും. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധമുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ കൈകാര്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, അനില്‍കുമാര്‍ അടഞ്ഞ അധ്യായമാണെന്ന് കെ. മുരളീധരന്‍ എംപി പ്രതികരിച്ചു. ടാങ്ക് നിറഞ്ഞാല്‍ വെള്ളം പുറത്തേക്കുപോകും, ഇനിയും കുറച്ചുപേര്‍ പോയാലും അത് പാര്‍ട്ടിയെ ബാധിക്കില്ല. പുകഞ്ഞ പുള്ളി പുറത്താണ്. കെപിസിസി ഭാരവാഹികളെ പെട്ടിതൂക്കുന്നവരെന്നും കൂട്ടികൊടുപ്പുകാരെന്നും പറഞ്ഞാല്‍ കെട്ടിപിടിച്ച് ഉമ്മ വെക്കണോ? പുറത്തുപോയവരുടെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല. മാലിന്യങ്ങളെ സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും മുരളീധരന്‍ പറഞ്ഞു.

എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണ് അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നതെന്നായിരുന്നു പി.ടി തോസമിന്റെ വിമര്‍ശനം. കഷ്ടകാല സമയത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെയാണ് ആവശ്യം. ഇവരാണ് മുമ്പ് താക്കോല്‍ സ്ഥാനത്തിരുന്ന് നിരവധിപ്പേരെ വെട്ടിക്കളഞ്ഞത്. വിശദീകരണം ശരിയല്ലാത്തതുകൊണ്ടാണ് പാര്‍ട്ടി വിട്ടോടിയതെന്നും പി.ടി തോമസ് പറഞ്ഞു.  

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്തവരാണെന്ന് ഷാഫ് പറമ്പില്‍ വിമര്‍ശിച്ചു. അനില്‍കുമാറിനോളം അവസരം ലഭിക്കാത്ത ധാരാളം പ്രവര്‍ത്തകരിപ്പോഴും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് നിരവധി പേര്‍. അനില്‍കുമാറിനെ രണ്ടുതവണ നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചിരുന്നുവെന്നും ഷാഫിപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.