വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് കണ്ണൂര്‍ വിസി; സിലബസില്‍ പോരായ്മകളുണ്ടായിരുന്നുവെന്ന് വിദഗ്ധ സമിതി

 
VC

ഗോൾവാർക്കറുടെയും സവർക്കറുടെയും പുസ്​തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന്​ കണ്ണൂർ സർവകലാശാല പിന്മാറി. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാൻസിലർ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചു.  സിലബസി​ൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ പഠിപ്പിക്കും. സിലബസിൽ പോരായ്​മയുണ്ടെന്ന്​ വിദഗ്​ധ സമിതി കണ്ടെത്തിയെന്നും വി.സി വ്യക്​തമാക്കി.

സിലബസ് വിവാദമായ പശ്ചാത്തലത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ പേപ്പര്‍ പഠിപ്പിക്കേണ്ട എന്നാണ് സര്‍വ്വകലാശാലയുടെ തീരുമാനം. 90 ദിവസം മാത്രമാണ് ഇനി മൂന്നാം സെമസ്റ്റര്‍ അവസാനിക്കാന്‍ ബാക്കിയുള്ളതെന്നിരിക്കെ വിവാദ പേപ്പറിന് പകരം പഴയ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന Contemporary Political Theory തന്നെയായിരിക്കും ഇത്തവണയും പഠിപ്പിക്കുക.

സവര്‍ക്കറുടെയും ഗോള്‍ വര്‍ക്കറുടെയും പുസ്തകങ്ങള്‍ പല സര്‍വകലാശാലകളിലും പഠിപ്പിക്കുന്നുണ്ടെന്നിരിക്കെ കാവിവല്‍ക്കരണമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നായിരുന്നു സമിതി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അതേസമയം, പൊളിറ്റിക്കല്‍ ആന്റ് ഗവേണന്‍സ് വിഷയത്തില്‍ ഗവേണന്‍സിന് പ്രാധാന്യം നല്‍കിയില്ല എന്നതടക്കം പോരായ്മകള്‍ സിലബസിലുള്ളതായും  റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.