അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

 
അഭയ കൊലക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം, സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും ശിക്ഷ. ഇരുവരും അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും വിധിച്ചു. കൊലപാതകത്തിനൊപ്പം കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നതിനുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം വിധിച്ചത്. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഐപിസി 302 വകുപ്പ് അനുസരിച്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 28 വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്.

ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ കോടതി ഇന്നലെ ശരിവെച്ചിരുന്നു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കിണറ്റിലിട്ടുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നെന്ന കുറ്റവും തോമസ് കോട്ടൂരിനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഒന്നാം പ്രതിയായ തോമസ് കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണം വഴിതെറ്റിക്കാനും തെളിവ് നശിപ്പിക്കാനും ഉള്‍പ്പെടെ ശ്രമങ്ങളുണ്ടായതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസില്‍ വിധി പറഞ്ഞത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്നു കണ്ടെത്തിയത് സിബിഐയാണ്. എട്ട് സാക്ഷികളോളം കൂറുമാറിയ കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴിയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഒന്നും മൂന്നും പ്രതികളാണ്. കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കിയിരുന്നു.

1992 മാര്‍ച്ച് 26ന് രാത്രിയാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഭയ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി. 1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. ഫാദര്‍ ജോസ് പുതൃകയിലിനെ വിടുതല്‍ ഹര്‍ജി പരിഗണിച്ചു പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആവശ്യം സുപ്രിംകോടതിയും തള്ളിയതോടെ വിചാരണ ആരംഭിച്ചു.

കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്. അതേസമയം, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും അതു കേള്‍ക്കാന്‍ ജീവിച്ചിരിപ്പില്ല.