കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടകയില്‍ കര്‍ശന പരിശോധന; 38 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു

 
karnataka

കര്‍ണാടകയില്‍ 38 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ 28 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാര്‍ഥികളാണ് കോളേജിലുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കര്‍ശന കോവിഡ് പരിശോധന ഏര്‍പ്പെട്ടുത്തുന്നതായി കര്‍ണാടക അറിയിച്ചിരുന്നു. ട്രയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയില്‍വേ സ്റ്റേഷനുകളില്‍ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ആര്‍ടിപിസിആര്‍ ഫലം കൈയിലുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തില്‍ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ക്വാറന്റീന്‍ അവസാനിപ്പിക്കുകയുള്ളു.

ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായവരെ ക്വാറന്റീന്‍ ചെയ്യിക്കാന്‍ ഹോട്ടലുകള്‍, നേരത്തെയുള്ള കോവിഡ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പണം നല്‍കി നില്‍ക്കേണ്ടവര്‍ക്ക് ഹോട്ടലുകളില്‍ നില്‍ക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം കേരളത്തില്‍നിന്നുള്ളര്‍ക്ക് കര്‍ണാടക ഏര്‍പ്പെടുത്തിയ ക്വാറന്റീനില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കിയതായും റിപോര്‍ട്ടുണ്ട്.  മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്‌സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. മറ്റ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഒരാഴ്ചത്തെ ക്വാറന്റീന്‍ സ്ഥാപനം ഒരുക്കണം.