നിയന്ത്രണം കടുപ്പിക്കാൻ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

 
നിയന്ത്രണം കടുപ്പിക്കാൻ കേരളം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കായിരിക്കും പരിശോധനയിൽ ഒന്നാമത്തെ പരിഗണന. പൊലീസിന്റെയും സെക്ട്രൽ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങൾ കർശനമാക്കുന്ന കാര്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സീൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്സീൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക.