സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, ഇന്ന് മുതൽ കർശന പൊലീസ് പരിശോധന

 
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, ഇന്ന് മുതൽ കർശന പൊലീസ് പരിശോധന

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് പരിഗണിച്ച് കേരളത്തിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താൻ ആന്‍റിജൻ പരിശോധനകള്‍ വ്യാപകമാക്കും. ആന്‍റിജൻ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. പരമാവധി പേരിലേക്ക് വാക്സീൻ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്സിന്‍ വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഇന്നലെ രാജ്യത്ത് ആദ്യമായി ഒരു ലക്ഷത്തി പതിനയ്യായിരം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തിരുന്നു.