ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരുമോ? ഇന്ന് കോവിഡ് അവലോകനയോഗം

 
lockdown

നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിഡന്റുമാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും യോഗം പരിഗണിച്ചേക്കും. സംസ്ഥാനത്തെ ഞായറാഴ്ചത്തെ വാരാന്ത്യ ലോക്ഡൗണ്‍ തുടരണോ, രാത്രി കര്‍ഫ്യൂ പിന്‍വലിക്കണോ എന്നീ കാര്യങ്ങളിലും യോഗം തീരുമാനമെടുക്കും. 

പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിക്കുന്നതുള്‍പ്പടെ കൂടുതല്‍ ഇളവുകളിലേക്ക് ഇപ്പോള്‍ പോകാനുള്ള സാധ്യത കുറവാണ്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുതെന്ന നിലപാടാണ് വിദഗ്ധര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തില്‍ രോഗ വ്യാപനമുണ്ടായപ്പോള്‍ കാണിച്ച ജാഗ്രത രണ്ടാം ഘട്ടത്തില്‍ പല തദ്ദേശ സ്ഥാപനങ്ങളും കാണിച്ചില്ലെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന്  അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമാകുകയാണ്. കോവിഷീല്‍ഡ് സ്റ്റോക്ക് പരിമിതിമണെന്നാണ് റിപോര്‍ട്ടുകള്‍. ആറ് ജില്ലകള്‍ക്ക് പുറമെ ഇന്ന് കൂടുതല്‍ ജില്ലകളില്‍ കോവിഷീല്‍ഡ് പൂര്‍ണമായും തീരും. ഇന്നലെ ഒന്നരലക്ഷത്തില്‍ താഴെയാണ് ആകെ വാക്‌സിന്‍ നല്‍കാനായത്.