കുട്ടികള്‍ക്ക് വാക്‌സിനെടുത്തിട്ടില്ലെന്നത് ഓര്‍മ്മിക്കണം; വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

 
veena

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും പുറത്തും അതീവജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി  വീണാ ജോര്‍ജ്. കൂടിച്ചേരലുകളും, ബന്ധുഗൃഹസന്ദര്‍ശനവും ഒഴിവാക്കുകയാണ് വേണ്ടതെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവര്‍ക്ക് വാക്‌സിനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. 18 വയസിന് താഴെയുളളവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുട്ടികളെയും കൊണ്ട് പോകുന്ന ഷോപ്പിങ് ഒഴിവാക്കണം. കോവിഡിന്റെ വ്യാപനം തടയുന്നതിന് വേണ്ടി എല്ലാവരും വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 

കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കോവിഡ് വ്യാപനം കൂടുതലായിരുന്നു. 

ഏറ്റവും സത്യസന്ധവും സുതാര്യവുമായാണ് കേരളം കാര്യങ്ങള്‍ നടത്തിയത്. ഏറ്റവും നന്നായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. 6ല്‍ 1 കേസ് എന്ന നിലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് 70.24 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും വീണ ജോര്‍ജ്ജ് പറഞ്ഞു.