സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വരുന്നു; തീരുമാനം നാളെ അവലോകനയോഗത്തിനുശേഷം 

 
Lockdown Kerala

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതിലും ബാറുകളും തുറക്കുന്നതിലും തീരുമാനമുണ്ടായേക്കും

സംസ്ഥാനത്തെ പ്രതിവാര കോവിഡ് അവലോകന യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷം നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിയത്. നാളത്തെ അവലോകന യോഗത്തിനുശേഷം കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ഇളവുകള്‍ നാളത്തെ യോഗത്തിനുശേഷം പ്രഖ്യാപിച്ചേക്കും. ബാറുകള്‍ തുറക്കുന്നകാര്യത്തിലും തീരുമാനമുണ്ടായേക്കും.

കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് വിവരം. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. 

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ രാവിലെ തുറക്കും. തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. ശനിയാഴ്ച ഇനി മുതല്‍ പ്രവൃത്തി ദിവസമാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ആയിരിക്കില്ല.

അതേസമയം, പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്‌കൂള്‍ തുറക്കലില്‍ അന്തിമതീരുമാനം. ഒക്ടോബറില്‍ സ്‌കൂള്‍ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍, 9 മുതല്‍ 12 വരെ ക്ലാസുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലായി 50 ശതമാനം വീതം കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന വിധമായിരിക്കും ക്രമീകരണങ്ങള്‍. ആരോഗ്യവകുപ്പിന്റെയും  കോവിഡ് വിദഗ്ധ സമിതിയുടെയും അഭിപ്രായം കണക്കിലെടുത്താവും കാര്യങ്ങളില്‍ തീരുമാനമെടുക്കുക. തിയേറ്ററുകള്‍ തുറക്കാനും ഇനിയും കാത്തിരിക്കേണ്ടിവരും.