പ്രതിരോധശേഷി നിരക്ക്; കേരളത്തിലും സെറോ സർവേ, ഉത്തരവിറങ്ങി

 
covid

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേരളത്തില്‍ സെറോ സര്‍വെയ്‌ലന്‍സ് സര്‍വ്വേ നടത്തും. സംസ്ഥാനം സ്വന്തം നിലയിലാണ് സര്‍വേ സംഘടിപ്പിക്കുന്നത്. കോവിഡ് ബാധ, വാക്‌സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം. സര്‍വേ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.. ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 42.7% ആണ്  കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 - 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തുക. നേരത്തെ, ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ സംബന്ധിച്ച് പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ജില്ലാതലത്തില്‍ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേരളം ഇത്തരം പഠനങ്ങള്‍ നടത്തുന്നത്.