കോവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

 
കോവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് പടരുന്നത് ജനിതകമാറ്റം വന്ന വൈറസെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു.ലോക്ഡൗണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. അതേസമയം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാന്‍ പരിശോധനകള്‍ ആരംഭിച്ചു.

ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു.കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ ഗ1,ഗ2,ഗ3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാല്‍ അതിജാഗ്രത പുലര്‍ത്തേണ്ടിവരും. വാക്‌സിന്റെ പ്രതിരോധ ശേഷിയേയും മറികടക്കാന്‍ ഇത്തരം വൈറസുകള്‍ക്ക് കഴിഞ്ഞേക്കും.

അതേസമയം ഇന്ന് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ടീക്കാ ഉത്സവിന് തുടക്കമാകും. ബുധനാഴ്ച വരെയാണ് വാക്സിന്‍ ഉത്സവമായി ആചരിക്കുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധ മരുന്ന് കുത്തിവയ്ക്കാനാണ് ലക്ഷ്യമിടേണ്ടതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.