കോവിഡ് കണക്കുകളിലെ വിമര്‍ശനം; കേന്ദ്രം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി 

 
veena_george

 കോവിഡ് കണക്കുകളില്‍ കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ വിമര്‍ശനം വസ്തുതാവിരുദ്ധമാണെന്നും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൃത്യമായ കണക്കുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

കോവിഡ് കണക്കുകള്‍ കേരളം നല്‍കുന്നില്ല എന്നത് തെറ്റായ പ്രചാരണമാണ്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുണ്ട്. ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് മന്ത്രി  പറഞ്ഞു.

മൂന്ന് ഏജന്‍സികള്‍ക്കാണ് കേരളം കോവിഡ് കണക്കുകളുടെ വിവരം അയക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ജോയിന്റ് സെക്രട്ടറി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരു കത്ത് അയക്കുകയും, ഇത് കേരളത്തിന് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

18 നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് കിട്ടുന്നത്. അന്നുതന്നെ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നു. മാധ്യമവാര്‍ത്തയിലൂടെയാണ് സര്‍ക്കാര്‍ ഈ വിവരം അറിയുന്നത്. ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നുണ്ട്.  ആരോഗ്യവകുപ്പ് ദിവസവും കണക്കുകള്‍ അയച്ചുകൊണ്ടിരിക്കെ, കേരളം കണക്കുകള്‍ നോക്കുന്നില്ല, അവലോകനം ചെയ്യുന്നില്ല എന്നിങ്ങനെ തെറ്റായ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആരോഗ്യമന്ത്രി ചോദിച്ചു. 

അതിന് പിന്നിലെ ലക്ഷ്യമെന്താണ്? ആ ലക്ഷ്യം സംശയത്തോടെ മാത്രമേ കാണാനാകൂ. അതിന് പിന്നില്‍ നല്ല ഉദ്ദേശ്യമുണ്ടെന്ന് കരുതാനാകില്ല. എല്ലാ കണക്കുകളും കൃത്യമായി കൊടുക്കുമ്പോഴും ഇങ്ങനെ ചെയ്യുന്നില്ല എന്ന് പൊതു മധ്യത്തില്‍ പ്രചരിപ്പിക്കുന്നത് മറ്റെന്തില്‍ നിന്നൊക്കെയോ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള തന്ത്രമായി മാത്രമേ കാണാനാകൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.