നിയമസഭാ സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം; സഭാ സമിതി യോഗങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം

 
secretariat

നിയമസഭാ സെക്രട്ടേറിയറ്റില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പിന്നാലെയാണ് കോവിഡ് വ്യാപനം രൂക്ഷമായതെന്നും പുതിയ സാഹചര്യത്തില്‍ സഭാ സമിതികള്‍ യോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും  അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
 
ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ മുന്‍നിര്‍ത്തി രോഗനിയന്ത്രണത്തിന് അടിയന്തര നടപടി സ്വീകരിക്കണം, രോഗം പടരുന്നത് ഒഴിവാക്കാനും സ്ഥിതി നിയന്ത്രണ വിധേയമാക്കാനും നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ തുടങ്ങി ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാന്‍ കാരണമായതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്.