രാജ്യത്തെ കോവിഡ് കണക്കുകള്‍ തെറ്റിച്ചത് കേരളം; കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം 

 
Kerala Covid
പ്രതിദിന കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച


 

പ്രതിദിന കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 13നുശേഷം, അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് കേരളം കണക്കുകള്‍ ഒന്നാകെ സമര്‍പ്പിച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചു. ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ കോവിഡ് കേസുകളില്‍ 90 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തേണ്ടിവന്നത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ സംസ്ഥാന ആരോഗ്യവകുപ്പിന് കത്ത് അയച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2183 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 940 കേസുകളും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി ചേര്‍ത്തിരിക്കുന്ന 214 മരണങ്ങളില്‍ 213 എണ്ണം കേരളത്തില്‍ നിന്നുള്ളതാണ്. ഒരു മരണം ഉത്തര്‍പ്രദേശില്‍ നിന്നും. ഞായറാഴ്ച, 1150 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയോടെ പ്രതിദിന കേസുകളില്‍ 90 ശതമാനം വര്‍ധന വന്നതോടെയാണ് കേരളത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്രം കത്ത് അയച്ചത്. ഏപ്രില്‍ 14 മുതലുള്ള കണക്കുകള്‍ കേരളം ഒരുമിച്ച് സമര്‍പ്പിക്കുകയായിരുന്നു. ഇതോടെ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165 ശതമാനം വര്‍ധിച്ചു. 

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 90 ശതമാനം വര്‍ധനവ്; ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും 

കേരളത്തിന്റെ അഞ്ച് ദിവസത്തെ കണക്ക് ഇന്ന് പുതുക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അവലോകനത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. ഏതാനും ദിവസത്തെ കണക്കുകള്‍ ഒരുമിച്ച് പുതുക്കുമ്പോള്‍, അത് ഒരു ദിവസത്തെ വര്‍ധനയായി കണക്കുകളില്‍ ഇടംപിടിക്കും. അതിനാല്‍ ദിവസവും കോവിഡ് കണക്കുകള്‍ പുതുക്കണം. രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകള്‍ അത്യാവശ്യമാണ്. രോഗികളെ നിരീക്ഷിക്കുന്നതിനു മാത്രമല്ല, പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതിനും ഇത് ആവശ്യമാണെന്നും കേന്ദ്രം കത്തില്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനത്ത് ദിവസവും വൈകിട്ട് ആറോടെ കോവിഡ് കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. എന്നാല്‍, കേസുകള്‍ കുറഞ്ഞതോടെ മാധ്യമങ്ങള്‍ക്ക് കോവിഡ് കണക്കുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു