വാക്‌സിന്‍ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കായി; മൂന്നാംഡോസിന് നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രം

 
vaccine

കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിനുള്ള ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍. അതേസമയം കോവിഡ് മൂന്നാം ഡോസ് വാക്സിൻ നല്‍കാന്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.  തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നല്‍കാന്‍ അനുമതി നല്‍കുന്നില്ല എന്ന കിറ്റെക്സ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. വാക്‌സിന്‍ എടുക്കാന്‍ അനുമതി നല്‍കണമെന്നും കിറ്റെക്സ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.  

വാക്സിൻ ലഭ്യമാകാത്തതാണോ ഇത്രയും ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ
സത്യവാങ്മൂലം. വാക്‌സിന്‍  ഇടവേള 84 ദിവസമാക്കിയത് വാക്‌സിന്‍ക്ഷാമം കൊണ്ടല്ല,  മാര്‍ഗരേഖ അടിസ്ഥാനമാക്കിയാണ് ഇടവേള നിശ്ചയിച്ചത്. നിലവില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. 

കണ്ണൂര്‍ സ്വദേശിയായ ഗിരികുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയും പിന്നീട് കോടതി മുന്‍പാകെ വന്നു. കോവാക്‌സിന്‍ കുത്തിവെപ്പാണ് ഇദ്ദേഹം എടുത്തിരുന്നത്. എന്നാല്‍ അതിനു ശേഷം വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍, കോവാക്‌സിന് വിദേശരാജ്യങ്ങള്‍ അംഗീകാരം നല്‍കാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ്, സൗദിയിലേക്ക് ജോലിക്കു പോകാന്‍ മൂന്നാംഡോസ് ആയി കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി തേടി ഗിരികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി.  

മൂന്നാംഡോസ് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. മൂന്നാം ഡോസിന്റെ കാര്യത്തില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു.