നിയമസഭ തെരഞ്ഞെടുപ്പ്; പീരുമേട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ ജാഗ്രതക്കുറവുണ്ടായി: സിപിഐ അവലോകന റിപ്പോര്‍ട്ട്

 
CPI Flags

ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്ന് വിലയിരുത്തല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ട്. മണ്ഡലങ്ങളില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎല്‍എ ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കരുനാഗപള്ളിയില്‍ ഉള്‍പ്പെടെ സംഭവിച്ച തോല്‍വിയില്‍ സിപിഎമ്മിനെതിരെയും വിമര്‍ശനമുണ്ട്. വി.ഡി സതീശന്‍ ജയിച്ച പറവൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 

പീരുമേട്ടിലും മണ്ണാര്‍ക്കാടും സംഘടനാപരമായ വീഴ്ചയുണ്ടായി. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎല്‍എ ഗീതാഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ല. മണ്ണാര്‍ക്കാട് സിപിഐ ജില്ലാ സെക്രട്ടറി തോല്‍ക്കാന്‍ പല കാരണങ്ങളുണ്ട്. മന്ത്രിമാര്‍ക്ക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആയില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പറവൂരിലെയും മൂവാറ്റുപുഴയിലെയും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം എറണാകുളം ജില്ലാ കൗണ്‍സിലിനാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്കു പ്രാതിനിധ്യം ഇല്ലാതെ പോയ കാലം ഉണ്ടായിട്ടില്ല. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. 

അതേസമയം, ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ എബ്രഹാം രണ്ടാം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പറയുന്നു. എന്നാല്‍, സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോല്‍വിക്കു കാരണം എല്‍ദോ എബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പി രാജുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. 'നിങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നില്ലേ' എന്നായിരുന്നു കാനത്തിന്റെ ചോദ്യം. വിവാഹം ലളിതമായി നടത്തണമെന്ന് എല്‍ദോയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നാണ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച പി. രാജു പറഞ്ഞത്.

ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നാണ് സിപിഐ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സിപിഎം വീഴ്ച പ്രകടമാണെന്ന് അവലോകന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. വി.ഡി സതീശന്‍ ജയിച്ച പറവൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. 

ഹരിപ്പാടും സിപിഎം വോട്ടുകള്‍ ചോര്‍ന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പല വോട്ടുകളും ബിജെപിക്ക് പോയി. സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ല. ഉദുമയില്‍ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.