പി.എസ് പ്രശാന്ത് സിപിഎമ്മില്‍; കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമെന്ന് എ. വിജയരാഘവന്‍

 
d

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കരുത്ത് ചോര്‍ന്നുവെന്നും ജനവിരുദ്ധമായ ബിജെപി നിലപാടുകളെ പ്രതിരോധിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസില്‍ വലിയ തകര്‍ച്ചയും ശിഥിലീകരണവുമാണ് നടക്കുന്നത്. രാജ്യത്ത് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ചേരിതിരിഞ്ഞ് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം തര്‍ക്കങ്ങളുടെ പേരിലാണ് കര്‍ണാടകത്തിലടക്കം കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഇതേ പശ്ചാത്തലത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കങ്ങളേയും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം നേതൃത്വത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പി.എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എ. വിജയരാഘവനോടൊപ്പം എ.കെ.ജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തിലേക്ക് എത്തുകയായിരുന്നു പി.എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ് പ്രശാന്ത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് പ്രശാന്ത് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിമര്‍ശനത്തെ തുടര്‍ന്ന് പ്രശാന്തിനെ ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനും തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രശാന്ത് വീണ്ടും രംഗത്തെത്തിയിരുന്നു.

ഉപാധികളില്ലാതെയാണ് സിപിഎമ്മിൽ ചേരുന്നതെന്നും പാർട്ടി പറയുന്ന നിർദേശങ്ങൾ അനുസരിക്കുമെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു. ആറാം തീയതി പ്രശാന്തിനു ജില്ലാ കമ്മിറ്റി സ്വീകരണം നൽകും.  ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തുന്ന പാർട്ടിയായതിനാലാണ് സിപിഎമ്മിൽ ചേരുന്നതെന്നും പ്രശാന്ത് പറഞ്ഞു. പാർട്ടിയെ ബാധിച്ചിരിക്കുന്ന ചില ആശങ്കകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയ നിലപാട്  സ്വീകരിക്കുകയായിരുന്നെന്നു പ്രശാന്ത് പറഞ്ഞു. മനസമാധാനത്തോടെ സ്വസ്ഥമായ രാഷ്ട്രീയ പ്രവർത്തനം നടത്താനുള്ള സാഹചര്യം കോൺഗ്രസിലില്ല. ജനാധിപത്യമില്ലാത്ത രീതിയില്‍ കോണ്‍ഗ്രസും ഹൈക്കമാന്‍ഡും മാറിയെന്ന് പ്രശാന്ത് കുറ്റപ്പെടുത്തി.