ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി; ജലീലിനെ തള്ളി സിപിഎം, മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്ന് ബിജെപി

 
d


മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ ജലീലിനെ തള്ളി സിപിഎം. തട്ടിപ്പില്‍ ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ നിലപാട് സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണെന്നും സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്  സിപിഎം നിലപാട് വ്യക്തമാക്കിയത്. 

സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ കൂടുതലായി സിപിഐഎമ്മിന് അഭിപ്രായം ഇല്ലെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി.  സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. അതില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

വിഷയത്തില്‍ കെടി ജലീലിനെ തള്ളുന്ന നിലപാടാണ് സഹകരണ മന്ത്രി വിഎന്‍ വാസവനും സ്വീകരിച്ചത്. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടെന്നും സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്. അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നുമാണ് വിഎന്‍ വാസവന്‍ അറിയിച്ചത്. എആര്‍ നഗര്‍ ബാങ്ക് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് കിട്ടിയിട്ടില്ല. ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടാണ് ജലീല്‍ പരസ്യപ്പെടുത്തിയത്. ജലീല്‍ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു.

അതേസമയം   സാമ്പത്തിക ക്രമക്കേടില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി ബിജെപി. കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇ ഡി അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വിഷയത്തില്‍ ഇ ഡി അന്വേഷണം വേണമെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ ആവശ്യം മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിയതിന് പിന്നാലെയാണ് ബിജെപി നീക്കം. 

കേരളത്തിലെ സഹകരണ ബാങ്കുകളില്‍, പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ എ ആര്‍ നഗര്‍ ബാങ്കില്‍ ഒരന്വേഷണവും വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുക മാത്രമല്ല, ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ള 1200 കോടി രൂപയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ അതിനെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് തടയുകയാണ്

എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ ആരോപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞിരുന്നു.