ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു മുതല്‍;  ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ കായലില്‍ തെരച്ചില്‍

 
hotel 18
ഹോട്ടല്‍ ഉടമ അടക്കം ആറു പേര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കും

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട കാര്‍ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്നേറ്റെടുക്കും. നേരത്തെ ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റടക്കം ആറുപേര്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പുതിയ അന്വേഷണ സംഘത്തിനു മുന്നില്‍ വെല്ലുവിളികള്‍ വലുതാണ്. നശിപ്പിച്ചെന്നു പറയപ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുകയാണ് ഇതില്‍ പ്രധാനം. അതേസമയം പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. നശിപ്പിച്ചെന്നു പറയുന്ന ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലില്‍ നടന്ന ലഹരി ഇപാടുകളുടെ ദൃശ്യങ്ങളായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങളില്‍ റോയി അടക്കമുള്ളവര്‍ കള്ളം പറയുകയാണെന്നാണ് പൊലീസിന്റെ വാദം. പ്രതികളാക്കിയവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നതും ഇതുകൊണ്ടാണ്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കപ്പനെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കവും അന്വേഷണ സംഘം ശക്തമാക്കും. സൈജു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റോയിയുടെ സുഹൃത്തായ സൈജു, അയാളുടെ നിര്‍ദേശപ്രകാരമാണ് അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നത്. അപകടത്തിനുശേഷം ഇയാള്‍ തന്റെ വണ്ടിയില്‍ നിന്നും പുറത്തിറങ്ങി പരിസരം നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 31 ന് ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിനു പുറത്തെയും സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ കളഞ്ഞെന്ന മൊഴിയു പുറത്ത് ഇന്ന് തേവര  കണ്ണങ്ങാട്ട് പാലത്തിനിടയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ക്രൈം ബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂബാ ടീമിന്റെ സഹായത്തോടെയാകും തിരച്ചില്‍. പാര്‍ട്ടി നടന്ന ഹാള്‍, ഹോട്ടലിലെ ഒന്നും രണ്ടും നിലകള്‍, പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് റോയി മാറ്റിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സ്ഥലങ്ങളില്‍ വച്ച് അരുതാത്ത കാര്യങ്ങള്‍ എന്തൊക്കെയോ നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. റോയിയുടെ നിര്‍ദേശ പ്രകാരം ഒരു ടെക്‌നീഷ്യന്‍ വാട്‌സ് ആപ്പ് വഴി ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറില്‍(ഡിവിആര്‍) നിന്നും ഹാര്‍ഡ് ഡിസ്‌ക് എങ്ങനെ അഴിച്ചുമാറ്റാം എന്ന് മെസേജ് അയക്കുകയും അതിന്‍പ്രകാരം ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക് മാറ്റി പകരം മറ്റൊന്ന് സ്ഥാപിക്കുകയാണുമുണ്ടായതെന്നും പൊലീസ് പറയുന്നു. അഴിച്ചു മാറ്റിയ ഹാര്‍ഡ് ഡിസ്‌ക് പീന്നീട് റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ കളയുകയായിരുന്നുവെന്ന് ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു.

നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിന് മുന്‍ മിസ് കേരള അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ഇവരുടെ ഡ്രൈവറായിരുന്ന അബ്ദുള്‍ റഹ്മാന്‍ എന്നിവരുമായി മുന്‍ പരിചയം ഉണ്ടായിരുന്നുവെന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ റോയിയില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തെ തുടര്‍ന്നാണ് മോഡലുകള്‍ ഹോട്ടലില്‍ നിന്നും പെട്ടെന്ന് പോയതെന്നുമാണ് കസ്റ്റഡി അപേക്ഷയിലുള്ള നിഗമനങ്ങള്‍.