ദിലീപിന് നിര്‍ണായക ദിനം; ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

 
dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ആരോപിക്കുന്നത്.  സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെയുണ്ടെന്നും കൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. 

നേരത്തെ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണത്തില്‍ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്. 

നടിയെ ആക്രമിച്ച കേസില്‍ എങ്ങനെ മൊഴി നല്‍കണമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ വിചാരണ അട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്നാണ് പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ച് നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.