വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ്

വാളയാര്‍ കേസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാന്‍ പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടത്.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന മട്ടിലായിരുന്നു എം ജെ സോജന്റെ പ്രതികരണം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് കുട്ടികളുടെ അമ്മ കോടതിയില്‍ പരാതിയുമായി സമീപിക്കുകയായിരുന്നു. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മ പരാതിയില്‍ പറയുന്നത്. പരാമര്‍ശത്തില്‍ സോജന് വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. സോജനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാര്‍ സമരസമിതി ആവശ്യപ്പെടുന്നത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.