ഡിസിസി പട്ടിക: കോണ്‍ഗ്രസില്‍ 'പൂരം' തുടങ്ങുന്നു; പരസ്യ പ്രതികരണവുമായി നേതാക്കള്‍

 
UDF

ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല
 

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ്, പാര്‍ട്ടി പുന:സംഘടിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നത്. നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യങ്ങള്‍ അണികളില്‍ നിന്നുപോലും ഉയര്‍ന്നു. കെപിസിസി അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വിവിധ ഡിസിസി അധ്യക്ഷന്മാര്‍ക്കുമെതിരെ പരസ്യ പ്രതികരണങ്ങളുണ്ടായി. പലയിടത്തും പോസ്റ്ററുകളും ഉയര്‍ന്നു. തുടര്‍ന്ന്, ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായി. കേരളത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത സമിതി എത്തി. കാര്യകാരണങ്ങള്‍, നേതാക്കള്‍ അക്കമിട്ടു നിരത്തി. ഗ്രൂപ്പ് തര്‍ക്കം ഇല്ലാതാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഒടുവില്‍, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന്
മുല്ലപ്പള്ളിയും പുറത്തായി. എല്ലാം കൂട്ടായ തീരുമാനമായിരുന്നെന്ന് ഇരുവരും പ്രതികരിച്ചു. പിന്നാലെ, ഒന്നും തങ്ങളോട് ആലോചിച്ചിരുന്നില്ലെന്ന് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്തെഴുതി. ഏക മനസോടെ കെപിസിസിക്ക് പുതിയൊരു അധ്യക്ഷനെ തീരുമാനിക്കാന്‍ പോലും നേതാക്കള്‍ തയ്യാറായില്ല. ഗ്രൂപ്പുകള്‍ക്ക് അതീതനായ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി. ഗ്രൂപ്പില്ലാത്ത നേതാവെന്ന വിളിപ്പേരുമായി കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായും അവരോധിക്കപ്പെടുന്നു. രംഗം ശാന്തമായെന്ന തോന്നലുകള്‍ക്കിടെ, കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറികള്‍ സംഭവിക്കുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയാണ് പുതിയ വിഷയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സതീശന്‍, സുധാകരന്‍, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിങ്ങനെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും മുറുകുകയാണ്. 

ഡിസിസി പട്ടികക്കെതിരെ പരാതി പ്രവാഹം
തിരുവനന്തപുരം - പാലോട് രവി, കൊല്ലം - രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട - പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ - ബാബു പ്രസാദ്, കോട്ടയം - നാട്ടകം സുരേഷ്,  ഇടുക്കി - സി പി മാത്യു, എറണാകുളം - മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍ - ജോസ് വള്ളൂര്‍, പാലക്കാട് - എ തങ്കപ്പന്‍, മലപ്പുറം - വി.എസ് ജോയ്, കോഴിക്കോട് - കെ പ്രവീണ്‍കുമാര്‍, വയനാട് - എന്‍.ഡി അപ്പച്ചന്‍, കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് - പി.കെ ഫൈസല്‍ എന്നിവരാണ് പുതിയ ഡിസിസി പ്രസിഡന്റുമാര്‍. 

പാലോട് രവി (തിരുവനന്തപുരം), പി.രാജേന്ദ്രപ്രസാദ് (കൊല്ലം) സതീഷ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട), നാട്ടകം സുരേഷ് (കോട്ടയം), വി.എസ്. ജോയി (മലപ്പുറം) എന്‍.ഡി. അപ്പച്ചന്‍ (വയനാട്) എന്നിവര്‍ എ വിഭാഗക്കാരാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായും സതീശനുമായും നല്ല ബന്ധത്തിലാണ് പാലോട് രവി. രാജേന്ദ്രപ്രസാദ് കൊടിക്കുന്നില്‍ സുരേഷിന്റെ നോമിനിയാണ്. പി.ജെ കുര്യനു സ്വീകാര്യനായതാണ് സതീഷ് കൊച്ചുപറമ്പിലിനു സഹായകരമായത്. കോട്ടയത്ത് താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ നാട്ടകം സുരേഷിന് ഉമ്മന്‍ ചാണ്ടി മുന്‍ഗണന നല്‍കി. മലപ്പുറത്ത് സജീവ പരിഗണനയില്‍ ഉണ്ടായിരുന്ന ആര്യാടന്‍ ഷൗക്കത്തിനു പകരമാണ് യുവ നേതാവ് വി.എസ് ജോയിക്കു നറുക്കു വീണത്. ക്രൈസ്തവസഭാ വിഭാഗങ്ങളുടെ ആവശ്യവും രാഹുല്‍ ഗാന്ധിയുടെ താല്‍പര്യവും വയനാട്ടില്‍ എന്‍.ഡി. അപ്പച്ചന്റെ രണ്ടാം വരവിനു വഴിയൊരുക്കി.

ബാബു പ്രസാദ് (ആലപ്പുഴ), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂര്‍ (തൃശൂര്‍), കെ.പ്രവീണ്‍കുമാര്‍ (കോഴിക്കോട്), മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍), പി.കെ. ഫൈസല്‍ (കാസര്‍കോട്) എന്നിവര്‍ ഐ വിഭാഗക്കാരാണ്. ആലപ്പുഴയില്‍ വേണുഗോപാല്‍ കെ.പി. ശ്രീകുമാറിനെ നിശ്ചയിച്ചങ്കിലും ചെന്നിത്തലയുടെ താല്‍പര്യം ബാബുവിന് രക്ഷയായി. ഇടുക്കിയിലെ സി.പി. മാത്യു പി.ടി തോമസിന്റെ അനുയായിയാണ്. ജോസ് വള്ളൂര്‍ ചെന്നിത്തലയുടെ പട്ടികയില്‍ ഉണ്ടായെങ്കിലും അദ്ദേഹം കെ.സുധാകരനുമായി നല്ല ബന്ധത്തിലാണ്.

സുധാകരന്റെ കണ്ണൂരിലും സതീശന്റെ എറണാകുളത്തും അവരുടെ നോമിനികളെയാണു വച്ചത്. എം.കെ. രാഘവന്റെയും കെ.മുരളീധരന്റെയും പിന്തുണ പ്രവീണിനു തുണയായി. പി.കെ. ഫൈസലിനു വഴിയൊരുക്കിയതു കെ.സി.വേണുഗോപാലിന്റെ പിന്തുണയാണ്. 

പട്ടികക്കെതിരെ പരാതി പ്രളയമാണ്. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. കെ സുധാകരനെയും വി,ഡി സതീശനെയും അനുകൂലിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പട്ടിക തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം. ദളിത് വിഭാഗത്തെ അവഗണിച്ചതിലും സ്ത്രീ പ്രാതിനിധ്യം ഇല്ലാത്തതിലും പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് പാലോട് രവിയേയും മലപ്പുറത്ത് വി എസ് ജോയിയേയും അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക നേതാക്കള്‍ ഹൈക്കമാന്റിനെ വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിവിധ ജില്ലകളില്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  

പട്ടികയ്ക്കു പിന്നാലെ സസ്‌പെന്‍ഷന്‍; അംഗീകരിക്കാതെ അനില്‍കുമാറും ശിവദാസന്‍ നായരും
ഡിസിസി പട്ടിക സംബന്ധിച്ച്, പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍, മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്ന് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, നടപടി അംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഇരുവരും നല്‍കുന്ന സൂചന. സസ്‌പെന്‍ഡ് ചെയ്തു പേടിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസിലെ 'പൂരം' ഉടന്‍ തുടങ്ങുമെന്നുമായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. നേതാക്കന്മാരുടെ പെട്ടിതൂക്കികളെയാണ് പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരാക്കിയത്. ഇവരില്‍ പലരും നല്ല കച്ചവടക്കാരാണ്. ഇനി ഡിസിസി ഓഫിസില്‍ കയറാന്‍ ആളുകള്‍ ഭയപ്പെടുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ശിവദാസന്‍ നായരും പ്രതികരിച്ചു. കോണ്‍ഗ്രസ് തന്റെ കൂടി പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പുഴുക്കുത്ത് മാറ്റാന്‍ നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിസിസി പട്ടിക പുറത്ത് വന്നതോടെ ആ പ്രതീക്ഷക്ക് മങ്ങലേല്‍ക്കുകയാണോയെന്ന് സംശയിക്കുന്നു. പ്രവര്‍ത്തകരുടെ അഭിപ്രായം എന്തായിരിക്കും, അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരെയാണ് ഏല്‍പ്പിക്കേണ്ടത് എന്ന തരത്തില്‍ ഒരു ആലോചന നടന്നതായി എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യപ്രസ്ഥാനമാണ്. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളോ, പാര്‍ട്ടി നയത്തെയോ എതിര്‍ത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിനുള്ള സദുദ്ദേശ്യശപരമായ പ്രസ്താവനയാണ് നടത്തിയത്. വിമര്‍ശിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകനായ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാവുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. ഗ്രൂപ്പുകള്‍ക്ക് അതീതമായ പട്ടികയല്ല ഇപ്പോഴത്തേതെന്നുള്ള അനില്‍കുമാറിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുകയാണു ചെയ്തതെന്നും ശിവദാസന്‍ നായര്‍ വ്യക്തമാക്കി.

ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് എ.വി ഗോപിനാഥ്
തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞ ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോയതിന്റെ കാരണം അവരോടുതന്നെ ചോദിക്കണമെന്നായിരുന്നു പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവായ എ.വി ഗോപിനാഥിന്റെ പ്രതികരണം. തന്നേക്കാള്‍ ജനപിന്തുണയുള്ളവര്‍ ഉണ്ടായതു കൊണ്ടായിരിക്കാം പരിഗണിക്കപ്പെടാതിരുന്നത്. ഹൈക്കമാന്‍ഡ് വലിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഡിസിസി അധ്യക്ഷന്‍മാരെ നിയോഗിച്ചത്. അവര്‍ യോഗ്യരായിക്കാം. അതില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ല. തീരുമാനം സാധാരണ പാര്‍ട്ടി പാര്‍ട്ടിക്കാരന്‍ എന്നനിലയില്‍ അംഗീകരിക്കുകയാണ്. നാളത്തെ കാര്യം പറയാനാവില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു. 

ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല
പട്ടികയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി രംഗത്തെത്തിയിട്ടുണ്ട്. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു. ഫലപ്രദമായ ചര്‍ച്ച നടന്നില്ല. തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്കുമുമ്പ് വിശദീകരണം തേടണമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

പട്ടിക പൂര്‍ണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ നേതൃത്വം ഇത് സംബന്ധിച്ച് ആവശ്യത്തിന് ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഹൈക്കമാന്‍ഡിന് തീരുമാനം എളുപ്പമാകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പുതിയ ഡിസിസി പട്ടികക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തെതന്നെ താരിഖ് അന്‍വറിനോട് പരാതിപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്രൂപ്പുകള്‍ ഇല്ലാതാക്കുന്നതിന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ്  ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ചെന്നിത്തലയുടെ പരാതി. ഉറപ്പ് നല്‍കിയ കൂടിയാലോചന ഉണ്ടായില്ല. അത്തരമൊരു പട്ടികയോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജില്ലാ നേതൃസ്ഥാനത്തേക്കുള്ളവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളിയും പ്രതികരിച്ചിരുന്നു. രാഷ്ട്രീയകാര്യ സമിതി യോഗത്തിനു മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ താനുള്‍പ്പെടെയുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ പലരും ഒഴിവാക്കപ്പെട്ടതായി വി.എം സുധീരനും രംഗത്തെത്തിയിരുന്നു.