ഡിസിസി പട്ടിക; ഒറ്റപ്പേരിലേക്ക് ചുരുക്കാന്‍ ശ്രമം, ഇന്ന് അവസാനവട്ട കൂടിയാലോചന

 
VD Satheeshan K Sudhakaran

ശശി തരൂരിനെതിരെ പോസ്റ്റര്‍

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കും. ഒന്നിലധികം പരിഗണനകളില്‍നിന്ന് ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് സംസ്ഥാന നേതാക്കളുടെ ശ്രമം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണ് പട്ടികയില്‍ അന്തിമ ചര്‍ച്ച നടത്തുന്നത്. അതിനുശേഷം ഇരുവരും ഡല്‍ഹിക്ക് പോകും. 

പല ജില്ലകളിലും അധ്യക്ഷസ്ഥാനത്തേക്ക് ഒന്നിലധികം പേരുകളുണ്ട്. അവയില്‍ നിന്ന് ഒറ്റപ്പേരിലെത്തിക്കുകയാണ് അവസാനവട്ട ചര്‍ച്ചയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ പാനലില്‍ ശശി തരൂരിന്റെ നോമിനി ജി.എസ് ബാബു, കെ.എസ് ശബരീനാഥന്‍, ആര്‍.വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എം.എം നസീര്‍, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോന്‍ ഐക്കര, യൂജിന്‍ തോമസ്, മലപ്പുറത്ത് വി.എസ് ജോയി, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണുള്ളത്. ഈ നാല് ജില്ലകളിലെ പേരുകളില്‍നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോള്‍ മറ്റു ജില്ലകളിലെ പേരുകളിലും മാറ്റം വരാം. സാമുദായിക പരിഗണന കൂടി ഇക്കാര്യത്തില്‍ പരിഗണിക്കുമെന്നാണ് വിവരം. 

അതേസമയം, എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിനെതിരെ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? - എന്നും പോസ്റ്ററില്‍ പറയുന്നു. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളില്‍ ചോദ്യമുണ്ട്.

poster against tharoor