ഡിസിസി പുന:സംഘടന: അന്തിമപട്ടിക കൈമാറി, എല്ലാ ജില്ലകളിലും ഒറ്റ പേരിലേക്ക് എത്തിയെന്ന് സുധാകരന്‍

 
congress

ഡിസിസി അധ്യക്ഷന്മാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി.  സമവായത്തിലൂടെ എല്ലാ ജില്ലകളിലും ഒറ്റ പേരിലേക്ക് എത്തിയെന്നാണ് സുധാകരന്റെ അവകാശവാദം. 10 ദിവസം മുമ്പ് താരീഖ് അന്‍വറിന് സമര്‍പ്പിച്ച പട്ടികയില്‍ ചില തിരുത്തലുകള്‍ വരുത്തിയാണ് പുതിയ പട്ടിക സുധാകരന്‍ തയാറാക്കിയത്. ഹൈക്കമാന്‍ഡ് ഉടന്‍ പട്ടിക പ്രഖ്യാപിക്കുമെന്നും സുധാകരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ഉള്‍പ്പടെ ആറ് ജില്ലകളില്‍ തര്‍ക്കം തുടരുന്നതായാണ് സൂചന. പക്ഷേ ചര്‍ച്ചകളില്ലാതെ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക അംഗീകരിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് മുതിര്‍ന്ന നേതാക്കളെന്നുമാണ് വിവരം.  ഈ സാഹചര്യത്തില്‍ താരിഖ് അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുമായി വീണ്ടും ആശയവിനിമയം നടത്തുമെന്ന റിപോര്‍ട്ടുകളുമുണ്ട്.  

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവരാനിരിക്കെ, നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പോരിന് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തയാറെടുത്തുവെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെതെന്ന പേരില്‍ പുറത്തു വന്ന വാട്‌സ്ആപ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ഏറെ വിവാദമായിരുന്നു. 

പ്രതിഷേധങ്ങള്‍ക്കിടയിലും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന വാദമാണ് കെപിസിസി നേതൃത്വം ഉയര്‍ത്തുന്നത്. ആരുടെയും സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ പട്ടിക പുറത്തിറക്കുമെന്ന്  വി ഡി സതീശന്റെ പ്രതികരണം ഇത് തന്നെയായിരുന്നു.