ദത്ത് കേസില്‍ ഇനി നിര്‍ണായക ദിനങ്ങള്‍; ഡിഎന്‍എ ഫലം ഇന്നു കിട്ടിയേക്കും

ഇന്നലെയാണ് കുട്ടിയുടെയും അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചത് 
 
anupama-ajith

ദത്ത് വിവാദ കേസില്‍ ഡിഎന്‍എ പരിശോധനഫലം ഇന്ന് ലഭിക്കുമെന്ന് വിവരം. വൈകുന്നേരത്തോടെ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നിന്നും പരിശോധന ഫലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഡിഎന്‍എ റിസള്‍ട്ടിനെ കുറിച്ച് വിവരങ്ങളൊന്നും തന്നെ പുറത്തുവിടില്ല. ദത്ത് കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം ഡിഎന്‍എ റിസള്‍ട്ടും തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹാജരാക്കുകയായിരിക്കും ചെയ്യുക. കേസിലെ അടുത്ത വാദം നവംബര്‍ 30 ന് ഉണ്ടെന്നിരിക്കെ 29 ആം തീയതി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാമെന്ന് സിഡബ്ല്യുസി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡിഎന്‍എ പരിശോധന ഫലവും സമര്‍പ്പിക്കുമെന്നാണ് വിവരം.

തിങ്കളാഴ്ച്ചയാണ് കുഞ്ഞിന്റെയും അനുപമയുടെയും പങ്കാളി അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അനുപമയും അജിത്തുമാണെന്ന് തെളിഞ്ഞാല്‍ മാത്രമെ കുട്ടിയെ വിട്ടുകൊടുക്കൂ. ആന്ധ്രയില്‍ നിന്നും ഞായറാഴ്ച്ച രാത്രിയില്‍ കേരളത്തില്‍ എത്തിച്ച കുട്ടിയുടെ ഡിഎന്‍എ സാമ്പിളുകള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലെ വിദഗ്ദര്‍ നിര്‍മല ശിശുഭവനിലെത്തിയാണ് ശേഖരിച്ചത്. എല്ലാ നിയമനടപടികളും പൂര്‍ത്തിയാകും വരെ കുട്ടിയെ ശിശുഭവനിലായിരിക്കും സംരക്ഷിക്കുക. കുട്ടിയുടെ സാമ്പിളുകള്‍ രാവിലെ തന്നെയെടുത്തെങ്കിലും തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അനുപമയുടെയും അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചത്. 

ഡിഎന്‍എ പരിശോധനയില്‍ അട്ടിമറി നടക്കുമെന്നാണ് അനുപമ ആരോപിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത് തന്റെ തന്നെ കുട്ടിയെ ആണോയെന്ന് സംശയമുണ്ടെന്നും അനുപമ ഇന്നലെ പലതവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചിരുന്നു. കുട്ടിയെ മാറ്റിയിട്ടുണ്ടാകുമെന്നാണ് അനുപമയുടെ സംശയം. തന്റെ സാന്നിധ്യത്തില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും, തങ്ങളുടെ മൂന്നുപേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണമെന്നും ആവശ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞത് അട്ടിമറി നടത്താന്‍ വേണ്ടിയാണെന്നാണ് അനുപമ ആരോപിക്കുന്നത്. തെറ്റ് ചെയ്തവര്‍ക്ക് ഡിഎന്‍എ സാമ്പിള്‍ എടുക്കാനുള്ള ഉത്തരവാദിത്വം കൊടുത്താല്‍ അവര്‍ പ്രതികാര മനോഭാവത്തോടെ മാത്രമെ പെരുമാറൂ എന്നും അനുപമ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ശിശുക്ഷേമ സമിതിക്ക് എതിരേ അനുപമ ഉയര്‍ത്തുന്ന ആക്ഷേപങ്ങളില്‍ വിശദീകരണവുമായി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ ഇന്നലെ രംഗത്തു വന്നിരുന്നു. ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു ഷിജൂഖാന്റെ വിമര്‍ശനം. ദത്ത് നല്‍കാനുള്ള അനുമതിയില്ലാതെയാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് ജനറല്‍ സെക്രട്ടറി പറയുന്നത്. ജുവനൈല്‍ ജസ്റ്റീസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിയ്ക്കുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(25/2017 നമ്പര്‍) സമിതിക്കുണ്ടെന്നും 2017 ഡിസംബര്‍ 20 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്ട്രേഷന് 2022 വരെ കാലയളവ് ഉണ്ടെന്നുമാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി വിശദീകരിക്കുന്നത്. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് അനാഥരും ഉപേക്ഷിക്കപ്പെടുന്നവരും താത്കാലിക പരിരക്ഷ ആവശ്യമുള്ളവരുമായ കുഞ്ഞുങ്ങളെ സമിതി പരിപാലിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പറയുന്നുണ്ട്.  ദത്ത് നല്‍കുന്നതിനുള്ള അംഗീകൃത സ്ഥാപനമാണെങ്കിലും ലൈസന്‍സ് കാലാവധി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്നായിരുന്നു ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രധാന ആരോപണം. സ്റ്റേറ്റ് അഡോപ്ഷന്‍ റെഗുലേറ്ററി അതോററ്റി നല്‍കിയ അഫിലിയേറ്റ് ലൈസന്‍സ് ഉപയോഗിച്ചായിരുന്നു ശിശുക്ഷേമ സമിതി ദത്ത് നടപടികള്‍ നടത്തിയിരുന്നതെന്നും പ്രസ്തുത ലൈസന്‍സിന്റെ കാലാവധി 2016 ല്‍ അവസാനിച്ചിരുന്നുവെന്നുമാണ് സമിതിക്കും ജനറല്‍ സെക്രട്ടറിക്കും എതിരേ നിരത്തിയ പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരം കുടുംബ കോടതിയില്‍ ദത്ത് കേസ് പരിഗണിച്ചപ്പോള്‍ ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ കോടതിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.