മഴ കുറഞ്ഞ് കേരളം, കാലവര്‍ഷത്തിന്റെ സ്വഭാവം വീണ്ടും മാറി; ഇനി പ്രതീക്ഷ സെപ്റ്റംബറില്‍

 
മഴ കുറഞ്ഞ് കേരളം, കാലവര്‍ഷത്തിന്റെ സ്വഭാവം വീണ്ടും മാറി; ഇനി പ്രതീക്ഷ സെപ്റ്റംബറില്‍

മഴ കുറഞ്ഞ് കേരളം. കാലവര്‍ഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ കുറവ്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ എട്ട് ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് ഏറി വരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടായതായാണ് കണക്കുകള്‍. മഴ മാറി നില്‍ക്കുകയും താപനിലയും ആര്‍ദ്രതയും വര്‍ധിക്കുകയും ചെയ്തതോടെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കാലാവസ്ഥയിലേക്ക് മാറി സംസ്ഥാനം.

സാധാരണഗതിയില്‍ സംസ്ഥാനത്ത് ജൂണ്‍ മുതല്‍ ഓഗസ്റ്റ് 28 വരെ 1762.5 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1623.8 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഓഗസ്റ്റ് 27ലെ കണക്ക് പ്രകാരം ഏഴ് ശതമാനം മഴയുടെ കുറവായിരുന്നു എങ്കില്‍ ഓഗസ്റ്റ് 28ന് എട്ട് ശതമാനമായി ഇത് വര്‍ധിച്ചു. സാധാരണ മഴ ലഭിച്ചു എന്ന് കാലാവസ്ഥാ വകുപ്പ് എടുത്ത് കാട്ടുന്ന ജില്ലകളിലുള്‍പ്പെടെ ശരാശരി ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. കണ്ണൂര്‍, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് ശരാശരിയിലും അധികം മഴ ലഭിച്ചത്. കണ്ണൂരില്‍ 12 ശതമാനവും, കോട്ടയത്ത് 11 ശതമാനവും, കോഴിക്കോട് 13 ശതമാനവും തിരുവനന്തപുരത്ത് എട്ട് ശതമാനവും അധിക മഴ ലഭിച്ചു എന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ മറ്റ് ജില്ലകളിലെല്ലാം ലഭിക്കേണ്ടതിലും കുറവ് മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടതിലും 20 ശതമാനം കുറവ് രേഖപ്പെടുത്തുമ്പോഴാണ് കാലാവസ്ഥാ വകുപ്പ് 'കുറവ്' രേഖപ്പെടുത്തുന്നത്. കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് ഇത്തരത്തില്‍ മഴയുടെ അളവില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയില്‍ 30 ശതമാനവും, തൃശൂര്‍ ജില്ലയില്‍ 27 ശതമാനവും ഇടുക്കി ജില്ലയിൽ 20 ശതമാനവുമാണ് കുറവ്. മലപ്പുറം ജില്ലയില്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ 14 ശതമാനം മഴ കുറവാണ്.

ഇന്ത്യയില്‍ ഒട്ടാകെയുളള കണക്ക് പരിശോധിച്ചാല്‍ ശരാശരി ലഭിക്കേണ്ട മഴ ലഭിച്ചതായാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ കേരളത്തിലാണ് മണ്‍സൂണ്‍ മഴയില്‍ കുറവ് വന്നത്. അറബിക്കടല്‍ ക്രമാതീതമായി ചൂട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളില്‍ വന്ന മാറ്റമായിരിക്കാം ഇതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായിരിക്കുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി അറ്റ്‌മോസ്ഫിയറിക് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ എസ് അഭിലാഷ് പറയുന്നു: "കേരളത്തിലെ കഴിഞ്ഞ വര്‍ഷങ്ങളിലേയും ഈ വര്‍ഷത്തേയും മഴയുടേയും കാലാവസ്ഥയുടേയും പ്രത്യേകതകള്‍ നോക്കിയാല്‍ ഓഗസ്റ്റ് എന്ന മാസം അണ്‍പ്രെഡിക്ടബിള്‍ ആയിരിക്കുന്നതായി കാണാം. ചിലപ്പോള്‍ അതിതീവ്ര മഴ ലഭിക്കുന്നു, മറ്റ് സമയങ്ങളില്‍ മഴ തന്നെ ഇല്ലാതാവുന്നു. അറബിക്കടലിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ ചൂട് പിടിച്ച് കിടക്കുന്നതിന്റെ ഫലമാവാം കേരളത്തിലെ മഴക്കുറവ് എന്നാണ് മനസ്സിലാവുന്നത്. പസഫിക് സമുദ്രത്തില്‍ സാധാരണ ഈ സമയങ്ങളില്‍ 25 മുതല്‍ 30 വരെ ചുഴലിക്കാറ്റുകള്‍ (ടൈഫൂണ്‍സ്) ഉണ്ടാവേണ്ടതാണ്. എന്നാല്‍ ഇത്തവണ പത്തില്‍ താഴെ ടൈഫൂണ്‍സാണ് ഉണ്ടായിട്ടുള്ളത്. ഇതും മഴയുടെ ഗതി തീരുമാനിച്ചിരിക്കും."

ജൂണ്‍ മാസം ആദ്യം തന്നെ സംസ്ഥാനത്ത് കാലവര്‍ഷം എത്തിയിരുന്നു. ആദ്യ ഒരാഴ്ച സംസ്ഥാനമാകെ താരതമ്യേന നല്ല രീതിയില്‍ കാലവര്‍ഷം ലഭിച്ചു. എന്നാല്‍ പിന്നീട് രണ്ട് ആഴ്ചകളോളം കാര്യമായ മഴയുണ്ടായില്ല. പിന്നീട് ഉണ്ടായ മഴകളും കാലവര്‍ഷത്തിന്റെ സ്വഭാവത്തിനനുസരിച്ചുള്ളതായിരുന്നില്ല എന്ന് കാലാവസ്ഥാ വിദഗ്ദ്ധരും ഭൗമശാസ്ത്രജ്ഞരും പറയുന്നു. "മണ്‍സൂണ്‍ കിട്ടിയില്ല എന്ന് തന്നെ പറയേണ്ടി വരും. ജൂണ്‍ മാസത്തില്‍ ആദ്യ ആഴ്ചയും ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലും ലഭിച്ച മഴ ഒഴിച്ചാല്‍ കേരളത്തില്‍ കാര്യമായ മണ്‍സൂണ്‍ ലഭിച്ചിട്ടില്ല. വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ തുലാമഴ പോലെ ഒരു മഴ പെയ്ത് പോയതൊഴിത്താല്‍ അതിന് കാലവര്‍ഷത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല", ഡോ. അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ലഭിച്ച മഴയുടെ അളവില്‍ വര്‍ധനവുണ്ടാക്കിയത് ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയില്‍ ലഭിച്ച മഴയാണ്. അന്ന് ഇടുക്കിയും വയനാടും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ അതിതീവ്ര മഴ പെയ്തിരുന്നു. "അക്കാരണം കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും മഴ ലഭിച്ചത്. ഓഗസ്റ്റ് ആദ്യ ആഴ്ചകളില്‍ ഈ ജില്ലകളിലെല്ലാം 30 ശതമാനത്തിലേറെ മഴ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.പിറ്റേ ആഴ്ച്ച ലഭിച്ച തീവ്രമഴ ആ കുറവ് കുറച്ചെങ്കിലും നികത്തി. എന്നാല്‍ പോലും ഇപ്പോഴും ആവശ്യത്തിന് മഴ ലഭിച്ചിട്ടില്ല. രണ്ട്, കേരളത്തില്‍ കാലവര്‍ഷത്തിന്റെ ഭാഗമായി ലഭിച്ചിരുന്ന നൂല്‍ മഴ അപ്രത്യക്ഷമായി എന്നതാണ് വലിയൊരു മാറ്റം. വലിയ തുള്ളികളുള്ള വലിയ മഴ ശക്തമായി പെയ്ത് ഒഴിഞ്ഞ് പോവുന്നതാണ് ഇപ്പോള്‍ കണ്ട് വരുന്ന പാറ്റേണ്‍. ഇത് ലഭിച്ച മഴയുടെ അളവില്‍ വര്‍ധനവ് ഉണ്ടാക്കിയാലും ഭൂജല, ജലാശയ നിരപ്പുകളൊന്നും ഏറ്റുന്നില്ല. ഇത് അപകടകരമായ അവസ്ഥയാണ്", ഭൗമശാസ്ത്രജ്ഞനായ ഡോ. എസ് ശ്രീകുമാര്‍ പറയുന്നു.


ഈ ആഴ്ച അറബിക്കടലില്‍ രൂപപ്പെട്ട സിസ്റ്റം ന്യൂനമര്‍ദ്ദമായി കേരളത്തില്‍ മഴ എത്തിക്കും എന്നും അത് ശക്തമായ മഴയായിരിക്കും എന്നും ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതകളും വരെ കാലാവസ്ഥാ വിദഗ്ദ്ധര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ കാറ്റിന്റെ ദിശ മാറിയതോടെ അതിന്റെ ആനുകൂല്യവും കേരളത്തിന് ലഭിച്ചില്ല. "രണ്ട് ദിവസത്തിനുള്ളില്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷെ മഴ ലഭിച്ചാല്‍ തന്നെയും കാലവര്‍ഷ മഴയുടെ കുറവ് നല്ല രീതിയില്‍ ഉണ്ടാവും", ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. സെപ്തംബര്‍ മാസത്തില്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടാവാനുള്ള സാധ്യതകളാണ് വിദഗ്ദ്ധര്‍ പറയുന്നത്. "സെപ്തംബര്‍ മാസമാണ് പ്രതീക്ഷ. അതിലും മഴ കിട്ടിയില്ലെങ്കില്‍ കേരളത്തിന് മഴയില്ല", ഡോ അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷ മേഘങ്ങള്‍ നീങ്ങിയതോടെ സംസ്ഥാനത്ത് ചൂടേറുകയും ചെയ്തു. 28 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് കേരള്തതില്‍ രേഖപ്പെടുത്തിയത്. ഇത് കാലവര്‍ഷത്തിലെ ഇടവേളകളില്‍ രേഖപ്പെടുത്താറുള്ള താപനിലയാണ്. എന്നാല്‍ ആര്‍ദ്രത (ഹ്യുമിഡിറ്റി) എഴുപത് ശതമാനത്തോളവും അതിലധികവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അനുഭവപ്പെടുന്ന ചൂട് അതിന് ആനുപാതികമായിരിക്കും. ചൂട് ഏറുകയും മഴയില്ലാതാവുകയും ചെയ്താല്‍ കേരളം വളരെ നേരത്തെ വരള്‍ച്ചയെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.