ധീരജിന്റെ കൊലപാതകം: നിഖില്‍ പൈലി ശ്രമിച്ചത് അതിര്‍ത്തി കടക്കാന്‍, പിടികൂടിയത് ബസില്‍വച്ച്

ധീരജിനെ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്നാണ് പ്രാഥമിക നിഗമനം
 
dheeraj-nikhil paily

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസുകാരായ രണ്ടുപേര്‍ അറസ്റ്റില്‍. നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരാണ് പിടിയിലായത്. ബസില്‍ പോകുന്നതിനിടയിലാണ് നിഖിലിനെ പിടികൂടിയത്. ഇടുക്കി കരിമണലില്‍ നിന്നാണ് നിഖിലിനെ പിടികൂടുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം അതിര്‍ത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ധീരജിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത് നിഖില്‍ ആണെന്നാണ് പ്രാഥമിക നിഗമനം.

ധീരജ് അടക്കം മൂന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടുവെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ജെറിനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. കോളേജിന് പുറത്തു നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തുടക്കം മുതലെ പറഞ്ഞിരുന്നു. നിഖിലിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. ഇടുക്കിക്കു പുറത്തുള്ള ജില്ലകളിലെ സ്റ്റേഷനുകളിലേക്കും നിഖിലിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ജില്ല വിട്ടുപോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു തെരച്ചില്‍ പുറത്തേക്കും വ്യാപിപ്പി്ച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കോളേജ് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് കൊല്ലപ്പെടുന്നത്. ധീരജിനൊപ്പം അമല്‍, അഭിജിത്ത് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. 

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊലക്കത്തിക്കിരയായ ഒരു എസ്എഫ്ഐ നേതാവ് തൃശൂരിലെ രാഷ്ട്രീയ കളംമാറ്റങ്ങളുടെ കാലത്ത് ഓര്‍മിക്കപ്പെടുന്നു; ആരാണ് സഖാവ് കൊച്ചനിയന്‍?

ആസൂത്രിതമായ കൊലപാതകമാണോ എന്ന കാര്യം അന്വേഷിക്കണമെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിത കൊലപാതകമെന്നാണ് എസ് എഫ് ഐയും സിപിഎമ്മും പരാതിപ്പെടുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരുവിധ സംഘര്‍ഷവും കോളേജില്‍ ഉണ്ടായിരുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു കാര്യങ്ങള്‍ പോയിരുന്നതെന്നും കരുതികൂട്ടിയെത്തിയ യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകര്‍ കൊലപാതകം നടത്തുകയാണെന്നാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ പറയുന്നത്.

സംഭവത്തിനു പിന്നില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. നിഖില്‍ പൈലി മാത്രമാണോ കൊലപാതകത്തിനു പിന്നിലെന്ന കാര്യവും പൊലീസ് അന്വേഷിക്കും. കോളേജ് ഗേറ്റിനു പുറത്തുവച്ചാണ് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. 21 കാരനായ ധീരജിനെ ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് സിപിഎം ജില്ല സെക്രട്ടറി  എം സി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞത്. ചങ്ക് പിളര്‍ന്നാണ് ധീരജ് മരിച്ചതെന്ന് ഡോക്ടര്‍ തന്നോട് പറഞ്ഞതായും വര്‍ഗീസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറയുന്നുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ധീരജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.