വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം; തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്. വ്യാജ തെളിവ് ഉണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടുന്നതെന്ന് ദിലീപ് ആരോപിച്ചു. കൂടുതല്‍ സമയം തേടിയുള്ള പ്രോസിക്യൂഷന് അപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ആരോപണം.

അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു വിചാരണക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും തുടരന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതികളുടെ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ വിശകലനത്തിന് കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
അതേസമയം അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് ഹര്‍ജി പരിഗണിക്കുന്നത്.