വിജയ് ബാബുവിനെതിരായ നടപടി വൈകി; 'അമ്മ'യില്‍ പ്രതിഷേധവും രാജിയും

 
amma

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയെടുക്കുന്നതില്‍ വൈകിയതില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ പ്രതിഷേധം. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാല പാര്‍വതി രാജി വെച്ചു. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയിരുന്നു. 

വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോനും രംഗത്തെത്തിയതായാണ് വിവരം. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.

വൈകിട്ട് ആറ് മണിക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിന് തൊട്ട് മുന്‍പാണ് 'അമ്മ'യ്ക്ക് വിജയ് ബാബുവിന്റെ കത്ത് ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്. എന്നാല്‍ മുഖംമിനുക്കല്‍ നടപടിയുടെ ഭാഗമായാണ് വിജയ്ബാബുവിന്റെ സ്വമേധയാ പുറത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചതെന്നാണ് വിമര്‍ശനം. 

വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്റെ വാദം. നടപടി എടുത്താല്‍ വിജയ് ബാബു ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം.