മരം മുറിക്കേണ്ട;  വിവാദ ഉത്തരവ് മരവിപ്പിച്ചു

അസാധാരണ നടപടിയെന്നും ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും മന്ത്രി
 
a  k saseendran-dam
ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍

ബേബി ഡാമിന് സമീപം മരം മുറിക്കാനുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിക്ക് അനുമതി നല്‍കി കൊണ്ട് ഉത്തരവിറക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്തരവ് ഇറക്കിയതുമായി ബന്ധപ്പെട്ട് ചീഫ് ഫോറസ്റ്റ് ഓഫിസറില്‍ നിന്നും വിശദീകരണം തേടിയതിനു പിന്നാലെയാണ് ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനമായത്. അസാധാരണ നടപടിയാണ് ഉണ്ടായതെന്നും ഗുരുതരമായ വീഴ്ച്ച ഇക്കാര്യത്തില്‍ ഉണ്ടായതായും എ കെ ശശീന്ദ്രന്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി തലം മുതല്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറയുന്നുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് മനസിലായിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ ബേബി ഡാമിന് പരിസരത്തുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതെന്നാണ് വനം വകുപ്പ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തില്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതര വീഴ്ച്ച വരുത്തി. വനം വകുപ്പ് മന്ത്രിയോ, മുഖ്യമന്ത്രിയുടെ ഓഫിസോ. ജലസേചന വകുപ്പ് മന്ത്രിയോ ഒന്നും തന്നെ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് അതാത് വകുപ്പുകളില്‍ നിന്നും പറയുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോള്‍ മാത്രമാണ് മരം മുറിക്കാനുള്ള ഉത്തരവിനെ കുറിച്ച് താന്‍ അറിയുന്നതെന്നായിരുന്നു ഇന്ന് രാവിലെ മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്. മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയ വിഷയങ്ങള്‍ കൂടിയായതിനാല്‍, ആ വിഷയങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും വനം മന്ത്രി പറയുന്നുണ്ട്.

ബേബി ഡാമിന് പരിസരത്ത് 15 മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് അനുമതി നല്‍കിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇത്തരമൊരു ഉത്തരവിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് വനം മന്ത്രി രംഗത്ത് വന്നത്. ജലസേചന വകുപ്പിനോ, മുഖ്യമന്ത്രിയുടെ ഓഫിസിന് തന്നെയോ ഇക്കാര്യത്തില്‍ അറിവില്ലെന്നു കൂടിയുള്ള പ്രസ്താവനകള്‍ വന്നതോടെ വലിയ രാഷ്ട്രീയ പ്രതിഷേധത്തിനാണ് കളമൊരുങ്ങിയത്. പ്രതിപക്ഷ നേതാക്കള്‍ അതിശക്തമായ ഭാഷയിലാണ് സര്‍ക്കാരിനെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെയും സ്വത്തിനെയും ബാധിക്കുന്ന, കാലങ്ങളായി രണ്ട് സംസ്ഥാനങ്ങളില്‍ക്കിടയില്‍ നീറപ്പുകഞ്ഞു നില്‍ക്കുന്ന ഒരു വിഷയത്തില്‍ നിരുത്തരവാദപരമായൊരു നീക്കം നടത്തിയിട്ട് യാതൊന്നും അറിഞ്ഞിരുന്നില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കേരളത്തില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

ബേബി ഡാം ശക്തിപ്പെടുത്തിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ബേബി ഡാം ബലപ്പെടുത്തിയതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനും പറഞ്ഞിരുന്നു. ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം തമിഴ്‌നാട് കഴിഞ്ഞ കാലങ്ങളായി തുടരുന്നുണ്ടായിരുന്നു. അതിനുള്ള പ്രധാന തടസം ബേബി ഡാമിന് പരിസരത്തുള്ള മരങ്ങള്‍ മുറിച്ചു മാറ്റുകയെന്നതായിരുന്നു. ഇതിനുള്ള അനുമതിയ്ക്കായി തമിഴ്‌നാട് കേരള സര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിന്റെ ആശങ്ക ഇതിനുള്ള തടസമായിരുന്നു. ആ തടസമാണ് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ അറിയാതെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയത് എന്നിടത്താണ് വിഷയം ഗുരുതരമായിരിക്കുന്നത്. കേവലം ഒരു ഉദ്യോഗസ്ഥന്‍ തന്നിഷ്ടപ്രകാരം ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതെങ്കില്‍, കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്ന് സമ്മതിക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മറിച്ചാണെങ്കില്‍, മുഖ്യമന്ത്രിയടക്കം അറിഞ്ഞു തന്നെയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നും അഞ്ചു ലക്ഷത്തോളം ജനങ്ങളുടെ ജീവനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് യാതൊരു ആശങ്കയില്ലെന്നു തെളിഞ്ഞതായും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

വിവാദ ഉത്തരവ് മരവിപ്പിച്ചെങ്കിലും തിങ്കളാഴ്ച്ച കൂടുന്ന നിയമ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം പ്രസ്തുത ഉത്തരവ് തന്നെയായിരിക്കും.