അലംഭാവമരുത്, കോവിഡ് ഭയമൊഴിഞ്ഞിട്ടില്ല; രണ്ടാം ഡോസ് എടുക്കാന്‍ മലയാളിക്ക് മടിയോ?
 

കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷനുള്ള സമയപരിധി പിന്നിട്ടിട്ടും 14 .18  ലക്ഷം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല

 
covid

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നീണ്ടകാലം അടഞ്ഞു കിടന്നിരുന്ന വിവിധ മേഖലകള്‍ തുറന്നതിന്റെ  ആഹ്‌ളാദാരവങ്ങളിലാണ് മലയാളി ഇപ്പോള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷനുള്ള സമയപരിധി പിന്നിട്ടിട്ടും 14 .18  ലക്ഷം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. കൃത്യമായ കാലയളവിനുള്ളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്, രണ്ടാഴ്ച പിന്നിടുമ്പോഴെ പൂര്‍ണമായ പ്രതിരോധ ശേഷി കൈവരിക്കൂ എന്നാണു ശാസ്ത്രലോകം പറയുന്നത്. അതുകൊണ്ട് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കാണിക്കുന്ന വിമുഖത നമ്മളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ചു 6 .91 ലക്ഷം ആളുകള്‍ക്ക് കോവിഡ് രണ്ടാം ഡോസ് സമയത്തിന് ലഭ്യമായിട്ടില്ല. 22,357  ആളുകള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് വിസ്സമ്മതം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മനഃപൂര്‍വം വാക്സിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍ കോവിഡ് പ്രതിരോധത്തിന് വലി വെല്ലുവിളിയായി മാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ്  അവലോകന യോഗത്തില്‍ രണ്ടാം ഡോസ് പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ്  തരംഗം വീണ്ടും പിടിമുറുക്കിയിട്ടുണ്ട്.അതുപോലുള്ള അവസ്ഥ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍.

'രണ്ടാം ഡോസ് സമയത്തിന് എടുത്തില്ലെങ്കില്‍ പ്രയോജനം ലഭിക്കുകയില്ല. കേരളത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ യോഗ്യരായ 95 .74% ആളുകള്‍ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ഒരു വിമുഖത കാണുന്നുണ്ട്. കോവിഡ് വീണ്ടും കണ്ടു തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതിലെ താല്‍പര്യക്കുറവ് രോഗവ്യാപനം വര്‍ദ്ധിച്ചതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നു. കൃത്യമായ സമയത്തു രണ്ടു ഡോസ് വാക്‌സിനേഷന്‍ 80 % ആളുകളില്‍ എത്തിക്കാന്‍ സാധിച്ച രാജ്യങ്ങളില്‍ കോവിഡ് തരംഗം കെട്ടടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയം ആയവരുടെ വിവരങ്ങള്‍ ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്‌സിന്‍ നല്‍കാനുള്ള അവസരം ഒരുക്കണം. ജില്ലാ കളക്ടര്‍മാര്‍ ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ എന്നിവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ചു ഇക്കാര്യം ബോധ്യപ്പെടുത്തണം. വാര്‍ഡ് തല സമിതികളും മറ്റ്  വകുപ്പുകളും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്തു വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം';  എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പല കാരണങ്ങളാലാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖ കാണിക്കുന്നത്. കോവിഡ് ഒന്നാം വാക്‌സിന്‍ എടുത്തവരില്‍ ഒരു വിഭാഗത്തിന് ഉണ്ടായ ശാരീരികമായ  ബുദ്ധിമുട്ടുകള്‍ അവരെ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 'ആദ്യ വാക്‌സിന്‍ എടുത്ത സമയം എനിക്ക് ഒത്തിരി പ്രയാസങ്ങള്‍ വന്നു. പനിയും ചുമയും, ഛര്‍ദിയും  തൊട്ട് വയറിളക്കം വരെ. രണ്ടു ദിവസം തല ഉയര്‍ത്താന്‍ പോലും കഴിയില്ലാരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ഡോസ് എടുക്കാന്‍ എനിക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഞാന്‍ എടുക്കില്ല എന്ന് തന്നെയാണ് എല്ലാവരോടും പറഞ്ഞിരുന്നത്. പിന്നീട് ആശുപത്രിയില്‍ കാല്‍ സംബന്ധമായ അസുഖത്തിന് ഡോക്ടറെ കാണേണ്ടി വന്നു. ഡോക്ടറാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ എന്നെ ഉപദേശിച്ചത്. പിന്നെ ചുറ്റും ഉള്ളവരൊക്കെ പറഞ്ഞു, ആദ്യ ഡോസില്‍ ലക്ഷണങ്ങള്‍ ഉണ്ടായവര്‍ക്കു രണ്ടാം ഡോസ് കുഴപ്പം ഉണ്ടാവില്ല എന്നാണ് എനിക്ക് കിട്ടിയ ഉപദേശം. അങ്ങനെ എല്ലാരും നിര്‍ബന്ധിച്ചപ്പോഴാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ പോയത്': 52 വയസ്സുകാരി വത്സ എന്ന വീട്ടമ്മയുടെ വാക്കുകളാണ് ഇത്. എറണാകുളം സ്വദേശിനിയായ വത്സയ്ക്കുണ്ട തരത്തിലുള്ള ഭയം മൂലം രണ്ടാം ഡോസ് വൈകിപ്പിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇവരെ കണ്ടെത്തി വേണ്ട ഉപദേശങ്ങള്‍ നല്‍കി രണ്ടാം ഡോസ് കോവിഡ്  വാക്‌സിനേഷന്‍ കൃത്യ സമയത്തു നല്‍കിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളു.

ഐ. എം. എ. കേരള  സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സാമുവേല്‍ കോശി രണ്ടാം ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു അഴിമുഖത്തോടു സംസാരിച്ചപ്പോള്‍ പറഞ്ഞ പ്രധാന കാര്യം, ഇളവുകള്‍ നല്‍കിയത് ജനങ്ങളെ അലംഭാവത്തിലേക്കു നയിച്ചു എന്നതാണ്. 'രണ്ട്  ഡോസ് വാക്‌സിന്‍ കൃത്യമായ ഇടവേളയില്‍ എടുത്താല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലപ്രാപ്തി ലഭിക്കുകയുള്ളു. രണ്ടാം വാക്‌സിന്‍ എടുക്കുന്നതില്‍ അലംഭാവം വരാനുള്ള ഒരു പ്രധാന കാരണം ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഇളവുകളാണ്. സിനിമ തിയറ്ററുകളും  ഷോപ്പിംഗ് മാളുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ എല്ലാം പഴയ രീതിയിലേക്ക് എത്തിക്കഴിഞ്ഞു എന്ന ചിന്തയിലാണ്. ഒരു ഡോസ് എടുത്താല്‍ പല സ്ഥലങ്ങളിലും പ്രവേശനം ലഭിക്കും എന്നതുകൊണ്ട് തന്നെ രണ്ടാം ഡോസിന്റെ പ്രാധാന്യം മറന്നു പോകുന്നതിന് ഒരു കാരണമാണ്. രോഗ തീവ്രത കുറയ്ക്കുന്നതില്‍ രണ്ടു വാക്‌സിന്‍ എടുക്കുന്നത് പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ജനങ്ങളെ കൃത്യമായി സര്‍ക്കാര്‍ ബോധവല്‍ക്കരിച്ചു കൃത്യമായ രീതിയില്‍ വാക്‌സിന്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കേണ്ടതാണ്.'' 

ഡോക്ടറുടെ അഭിപ്രായത്തില്‍  പിന്നീടാകാം, നാളെയാകാം എന്നിങ്ങനെയുള്ള മാറ്റിവെക്കലുകള്‍ ചെറുപ്പക്കാര്‍ക്കിടയിലാണ് കൂടുതല്‍ കാണപ്പെടുന്നത്. 60  വയസ്സിനു മുകളില്‍ പ്രായമുള്ള  ചിലര്‍ക്കും  ഇത്തരത്തിലുള്ള മാറ്റിവെക്കലുകള്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ കണ്ടിരുന്നു.കുഴപ്പമൊന്നും വരില്ല എന്ന മിഥ്യ ധാരണയിലും അശാസ്ത്രീയമായ മാര്‍ഗങ്ങളിലും ചിന്തകളിലും ജീവിക്കുന്ന ആളുകളെ കാര്യങ്ങള്‍ ബോധവത്കരിക്കേണ്ടത് അത്യാവശ്യമായാണെന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

വാക്‌സിനേഷന്‍ സമയത്തിന് ലഭിക്കാതിരുന്നത് മൂലം കൃത്യമായ ഇടവേളയില്‍ വാക്‌സിനേഷന്‍ എടുക്കാന്‍ സാധിക്കാതിരുന്ന ആളുകളും കേരളത്തിലുണ്ട്. അങ്കമാലി സ്വദേശിനിയായ  മേരിയും ഭര്‍ത്താവും വാക്‌സിന്‍ ലഭിക്കാതിരുന്നത് മൂലം കൃത്യ സമയത്ത് എടുക്കാന്‍ സാധിക്കാത്തവര്‍ ആണ്. 'ഞങ്ങളുടെ രണ്ടാം ഡോസിന്റെ  വാക്‌സിന്‍ എടുക്കേണ്ട സമയം വാക്‌സിന്‍ ക്ഷാമം രൂക്ഷം ആയിരുന്നു. മക്കള്‍ മൊബൈല്‍ വഴി ബുക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് എടുക്കേണ്ട സമയമൊക്കെ കഴിഞ്ഞതിനു ശേഷമാണ് ഞങ്ങള്‍ക്ക് രണ്ടാം ഡോസ് കിട്ടിയത്'. ആവശ്യക്കാര്‍ കൂടുതലായിരുന്ന സമയങ്ങളില്‍ ഇതുപോലെ അനവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കാതിരുന്ന അവസ്ഥ എത്തിയിരുന്നു. വാക്‌സിനുകള്‍ക്കു വേണ്ടി ദൂരെ സ്ഥലങ്ങളിലേക്ക് വരെ നെട്ടോട്ടം ഓടുന്ന കാഴ്ചകളായിരുന്നു ആ സമയത്തു ഉണ്ടായത്. അതുപോലുള്ള അവസരങ്ങളില്‍ വാക്‌സിന്‍ ക്ഷാമം മൂലം എടുക്കാതിരുന്നവരെ കണ്ടെത്തി അവര്‍ക്കുള്ള വാക്‌സിന്‍ എത്തിക്കേണ്ടതായ കടമ സര്‍ക്കാരിനുള്ളതാണ്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് പഞ്ചായത്തിലെ 13 -ആം  വാര്‍ഡിലെ ആശ വര്‍ക്കര്‍ ആയ ആശ മനോജിന്റെ വാക്കുകള്‍ അനുസരിച്ചു ഭൂരിപക്ഷം ആളുകള്‍ക്കും വാക്‌സിന്‍ എടുക്കുന്നതില്‍ താല്പര്യക്കുറവൊന്നും ഇല്ല. വെള്ളപ്പൊക്കവും വെള്ളക്കെട്ടും മൂലമുള്ള പ്രാദേശികമായ  ചില  കാരണങ്ങള്‍  മൂലം സമയത്തിന് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത ചില കുടുംബങ്ങളെയും വാക്‌സിന്‍ എടുക്കാന്‍  തീരെ താല്പര്യം ഇല്ലാത്ത ചുരുങ്ങിയ ചില വ്യക്തികളും ഒഴിച്ച് പൊതുവെ എല്ലാവരും വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടു എത്തുന്നവര്‍ ആണ്.

'ആറ് വ്യക്തികളാണ് ഞങ്ങളുടെ വാര്‍ഡില്‍ വാക്‌സിന്‍ എടുക്കാനുള്ളത്. അതില്‍ ഒരാള്‍ക്ക് എടുക്കാന്‍ ഒട്ടും താല്‍പ്പര്യം ഇല്ല. വേറെ ഒരു വ്യക്തി രണ്ടാം ഡോസ് വാക്‌സിന്‍  എടുക്കാന്‍ വന്നതാണെങ്കിലും ആരോഗ്യപരമായ ചില പ്രശ്‌നനങ്ങള്‍ മൂലം നല്‍കാന്‍ സാധിച്ചില്ല. ചില പ്രായമായ ആളുകള്‍ക്ക് വീട്ടുകാരുടെ സമ്മതം ഇല്ലല്ലാത്തതു മൂലം എടുക്കാന്‍ സാധിച്ചിട്ടില്ല. വെള്ളക്കെട്ട് മൂലം എടുക്കാന്‍ വൈകുന്ന ചില പ്രായമായ ആളുകളും ഉണ്ട്. വെള്ളക്കെട്ടുമൂലം എടുക്കാന്‍ സാധിക്കാത്തവര്‍ വരുന്ന ദിവസങ്ങളില്‍ വാക്‌സിന്‍ എടുത്തുകൊള്ളാം എന്ന സന്നദ്ധത അറിയിച്ചിട്ടുണ്ട്'. പ്രാദേശികമായ വെള്ളക്കെട്ടും  മഴക്കെടുതിയും ജനങ്ങളുടെ വാക്‌സിനേഷന് ഒരു തടസമായി മാറുന്നുണ്ട് എന്ന വസ്തുതയാണ് ഈ വാക്കുകളില്‍ നിന്നും നമുക്ക് വ്യക്തമാവുന്നത്.

ഒന്നാം ഡോസ് എടുത്തുള്ള ഇടവേളയില്‍ കോവിഡ്  വന്നത് മൂലം രണ്ടാം ഡോസ് വൈകുന്ന പല കുടുംബങ്ങളും ഉണ്ട്. പെരുമ്പാവൂര്‍ സ്വദേശികളായ അരുണും കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നവരാണ്. 'ഒന്നാം ഡോസ് എടുത്തിട്ടുള്ള ഇടവേളയിലാണ് കുടുംബത്തില്‍ ഉള്ളവര്‍ക്കെല്ലാം കോവിഡ് വന്നത്. അതോടെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിനുള്ള ഇടവേള കൂടി. അതുകൊണ്ടാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയം ആകുന്നേയുള്ളൂ'.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ  കണക്കുകള്‍ അനുസരിച്ചു 3.02  ലക്ഷം ആളുകളുടെ രണ്ടാം ഡോസ് വൈകുന്നത് ഒന്നാം ഡോസ് നല്‍കിയതിന് ശേഷമുള്ള ഇടവേളയില്‍ കോവിഡ്  ബാധിച്ചത് മൂലമാണ്. ആദ്യ ഡോസിന് ശേഷം അലര്‍ജി ബാധിച്ച 14,030  ആളുകളും മറ്റു രോഗങ്ങള്‍ മൂലം ചികിത്സയില്‍ ഉള്ളവരായ 3847  ആളുകളും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടും. രണ്ടു ഫോണ്‍ നമ്പര്‍ നല്‍കിയത് മൂലം പേര് ഇരട്ടിച്ചവരായ 2 .7  ലക്ഷം ആളുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യ ഡോസ് വാക്‌സിനേഷനില്‍ തന്നെ സംസ്ഥാനത്തെ ഏഴു ജില്ലകള്‍ സംസ്ഥാന ശരാശരിയായ 96 % നേക്കാള്‍ പുറകിലാണ്. കോട്ടയം (89 %,) ആലപ്പുഴ(90 %), തൃശൂര്‍(91 %,), കാസര്‍കോട്(93%), കൊല്ലം(94 %), പാലക്കാട്(94 %), കോഴിക്കോട്( 95%) എന്നീ ജില്ലകളില്‍ കോവിഡ് ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ണമായി നല്‍കാനായിട്ടില്ല. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ആദ്യ ഡോസ് വാക്‌സിനേഷനില്‍ 100 % എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും വരുന്ന പുതിയ കോവിഡ് തരംഗങ്ങള്‍ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. കോവിഡ് കുറഞ്ഞു എന്ന അലംഭാവത്തില്‍ ഇരിക്കാതെ, യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് രണ്ട് ഡോസ് വാക്‌സിനുകളും കൃത്യമായ സമയത്ത് നല്‍കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ എടുക്കേണ്ടതാണ്.അതോടൊപ്പം കൃത്യസമയങ്ങളില്‍ വാക്‌സിന്‍ എടുക്കാനുള്ള മനോഭാവം ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടതാണ്.