കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോ? എന്താണ് തത്വത്തിലുള്ള അനുമതി? 

 
K Rail
എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഡിപിആര്‍ ലഭ്യമാക്കുന്നില്ല? 

ഇടതു സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ, തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിനെതിരായ (കെ. റെയില്‍) പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. റെയില്‍ പാതയുടെ അതിര്‍ത്തി നിര്‍ണയ കല്ലിടലിനെതിരെ പലയിടത്തും ചെറുത്തുനില്‍പ്പുകള്‍ തുടരുകയാണ്. ജനങ്ങളുടെ പ്രതിഷേധം മൂലം കോഴിക്കോട് ചെറുവണ്ണൂരില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് കല്ലിടാനായില്ല. അതിനിടെയാണ്, അതിര്‍ത്തി നിര്‍ണയ കല്ല് സ്ഥാപിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകള്‍ സ്ഥാപിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം പദ്ധതിക്കായുള്ള സര്‍വേ അധികൃതര്‍ക്ക് തുടരാം. നിയമത്തില്‍ പറയുന്നതുപോലെ, 60 സെന്റിമീറ്റര്‍ നീളമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാനാകൂവെന്നുമാണ് കോടതിയുടെ വിശദീകരണം. നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരായ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പദ്ധതിക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനു മുന്നോടിയായാണ് കല്ലിടലെന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അധികൃതര്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കാതെയും വിശദമായ പദ്ധതി രേഖ (ഡിപിആര്‍) ചര്‍ച്ചയ്ക്കുവെക്കാതെയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍. ഇതൊന്നുമില്ലാതെ എങ്ങനെയാണ് ഒരു പദ്ധതി തീരുമാനിച്ച്, പ്രഖ്യാപിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുന്നതെന്ന ചോദ്യവും കൂടുതല്‍ ശക്തമാകുകയാണ്.  

കെ റെയിലിന് കേന്ദ്രത്തിന്റെ അനുമതിയുണ്ടോ? 
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഒരു അനുമതിയും ലഭിച്ചിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും അടുത്തിടെ കെ റെയില്‍ അധികൃതര്‍ മറുപടി നല്‍കിയിരുന്നു. 2019 ഡിസംബര്‍ 17ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉള്‍പ്പെടെ കെ റെയില്‍ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്. തത്വത്തിലുള്ള അനുമതി ലഭിച്ചതോടെ, വിശദമായ പദ്ധതി റിപ്പോര്‍ട്ട് അഥവാ ഡിപിആര്‍, അലൈന്‍മെന്റ് എന്നിവ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തോടെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഒരു തരത്തിലുമുള്ള പിന്തുണയില്ലെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആരോപിക്കുന്ന അധികൃതര്‍ തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ രേഖയും പങ്കുവെച്ചിരുന്നു. 

K Rail

സ്ഥലമേറ്റെടുക്കാന്‍ വ്യവസ്ഥയുണ്ടോ? 
കെ റെയിലിന്റെ വിശദീകരണം കേട്ടാല്‍, പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ വരെ കേന്ദ്രം അനുമതി നല്‍കിയതായി തോന്നാം. എന്നാല്‍ അത്തരത്തിലൊരു വാക്കുപോലും അനുമതി പത്രത്തില്‍ ഇല്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, നിര്‍ദ്ദിഷ്ട പദ്ധതിക്ക് ആവശ്യമായ നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ (pre-investment activities) തുടങ്ങുന്നതിനുള്ള അനുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഇത്രയും ചെലവേറിയ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ അനുമതി. അതായത്, തിരുവനന്തപുരം-കാസര്‍ഗോഡ് പാതയില്‍ 540 കിലോമീറ്ററില്‍ മൂന്നും നാലും റെയില്‍പ്പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതി നിര്‍ദേശം തത്വത്തില്‍ പരിഗണിക്കുന്നു, അതിനുള്ള പണം കണ്ടെത്താനുള്ള വഴികള്‍ നോക്കിക്കോളൂ എന്നാണ് അതിനര്‍ത്ഥം. അതനുസരിച്ചാണ് വിശദമായ പദ്ധതി രേഖയും അലൈന്‍മെന്റും റെയില്‍വേ ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടാല്‍ മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ക്ക് വ്യവസ്ഥയുള്ളൂ. എന്നാല്‍, സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം പദ്ധതിക്കായുള്ള സര്‍വേ തുടരാം. അതുതന്നെയാണ് ഹൈക്കോടതിയും വ്യക്തമാക്കിയിരിക്കുന്നത്. 

എന്തുകൊണ്ട് ഡിപിആര്‍ ലഭ്യമാക്കുന്നില്ല?
ഭൂമിയേറ്റെടുക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രതിഷേധം. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം പോലും നടന്നിട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്. ഡിപിആര്‍ ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് പദ്ധതി തീരുമാനിക്കുകയെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെ ചോദിക്കുന്നുണ്ട്. ഡിപിആര്‍ ലഭ്യമാക്കാത്തിനു പിന്നില്‍ സര്‍ക്കാരിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി ആഘാതം, സോഷ്യല്‍ ഇംപാക്ട് പഠനങ്ങള്‍ നടത്തിയശേഷം പദ്ധതി കേരളത്തിന് സ്വീകാര്യമാണോ എന്നറിഞ്ഞശേഷമാണ് സര്‍വേ നടത്തേണ്ടത്. അങ്ങനെയല്ലെങ്കില്‍ പോലും, 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം അനുസരിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന സര്‍വേകളിലും, മുന്‍കൂട്ടി ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍, അവയൊന്നും പാലിക്കാതെയാണ് സര്‍വേയുമായി മുന്നോട്ടുപോകുന്നതെന്നാണ് കെ റെയില്‍ വിരുദ്ധ സമിതിയുടെ ആരോപണം. 'തികച്ചും അരാജകത്വം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നിയമസഭയില്‍ കൃത്യമായ ചര്‍ച്ചകളില്ല. എംഎല്‍എമാര്‍ക്കോ, എംപിമാമാര്‍ക്കോ, പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കോ ഇക്കാര്യത്തെക്കുറിച്ചൊന്നും കൃത്യമായ ധാരണയില്ല. 25-35 കോടി മുടക്കി ആദ്യം ഡിപിആര്‍ തയ്യാറാക്കിയതു തന്നെ അംഗീകൃത സ്ഥാപനത്തെ കൊണ്ടായിരുന്നില്ല. അക്കാര്യം ഗ്രീന്‍ ട്രിബ്യൂണല്‍ പരിശോധിച്ചിരുന്നു. അംഗീകൃത സ്ഥാപനം നടത്തിയ പഠനമല്ലാത്തതിനാല്‍ ഡിപിആര്‍ സ്വീകാര്യമല്ലെന്നും പുതിയ പഠനം വേണമെന്നും ഗ്രീന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അതോടെ, ഡിപിആറിനായി ചെലവഴിച്ച കോടികള്‍ പാഴായിപ്പോയി. ഇപ്പോള്‍ സര്‍വേയ്ക്ക് വരുന്നവര്‍ക്ക്, പദ്ധതിയെക്കുറിച്ചുപോലും അറിവില്ല എന്നതാണ് വസ്തുത. ആരുടെയൊക്കെയോ ആജ്ഞ അനുസരിക്കുന്നവരാണ് അവര്‍' -കേരള കെ റെയില്‍ വിരുദ്ധ സമിതി എറണാകുളം ജില്ലാ കണ്‍വീനര്‍ സി.കെ സദാശിവന്‍ പറയുന്നു. 

Also Read : എന്താണ് കെ-റെയില്‍ പദ്ധതി? പാത കടന്നുപോകുന്ന വില്ലേജുകള്‍, വെല്ലുവിളികള്‍, പ്രതിഷേധം: അറിയേണ്ടതെല്ലാം

പദ്ധതി വേണമെന്ന് തീരുമാനിച്ചശേഷം പാരിസ്ഥിതിക ആഘാത പഠനം!
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പദ്ധതിക്കെതിരെ ആദ്യം മുതല്‍ രംഗത്തുണ്ട്. കൃത്യമായ പാരിസ്ഥിതിക പഠനം ആവശ്യമാണെന്നും ഡിപിആര്‍ പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നവരില്‍ പരിഷത്ത് തന്നെയാണ് മുന്നില്‍. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് പരിഷത്ത് പ്രസിഡന്റ് ആര്‍.ജി.വി മേനോന്‍ 'അഴിമുഖ'ത്തോട് പ്രതികരിച്ചത്. ഭൂമി ഏറ്റെടുക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഡിപിആര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ പറ്റുകയുള്ളൂ. തത്വത്തിലുള്ള അനുമതി ലഭിച്ചാല്‍ പ്രിലിമിനറി പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്നതിനും തടസമുണ്ടാകില്ല. ഒരു പദ്ധതിയെക്കുറിച്ച് കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയാതെ എങ്ങനെയാണ് അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഭവിക്കുക? വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല. അത് പ്രതിഷേധിക്കേണ്ട കാര്യം തന്നെയാണ്. നിയമസഭയില്‍പോലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചകള്‍ നടക്കണം. വ്യാപകമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പറ്റൂ. മാത്രമല്ല, പാരിസ്ഥിതിക ആഘാതം പഠിക്കാതെ എങ്ങനെയാണ് ഒരു പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുക? പദ്ധതി വേണമെന്ന് തീരുമാനിച്ചശേഷം, പാരിസ്ഥിതിക ആഘാതം പഠിച്ചിട്ട് എന്താണ് കാര്യം? ഇക്കാര്യങ്ങള്‍ തന്നെയാണ് അലോക് കുമാര്‍ വര്‍മയും ചൂണ്ടിക്കാട്ടിയത്. ആവശ്യമായ ഗ്രൗണ്ട് സര്‍വേകള്‍ നടത്താതെ, ഗൂഗിള്‍ എര്‍ത്ത് ലഭ്യമാക്കുന്ന, അത്രത്തോളം കൃത്യമല്ലാത്ത ടോപ്പോഗ്രാഫിക് ഡാറ്റ ഉപയോഗിച്ചാണ് അവര്‍ പഠനം നടത്തിയതെന്നാണ് അലോക് വര്‍മയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ അംഗീകരിക്കുന്നതിനുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഇതെല്ലാം പരിശോധിക്കേണ്ടതാണ്. വേണ്ടരീതിയില്‍ സര്‍വേ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയും മതിയായ പഠനം നടന്നിട്ടില്ലെങ്കില്‍ ഡിപിആര്‍ പുതുക്കി സമര്‍പ്പിക്കാന്‍ പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതേസമയം, വിശദമായ പദ്ധതി രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടാത്തതില്‍ വേറെ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: കെ റെയില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?