കേന്ദ്ര നിര്‍ദേശം പാലിക്കുന്നില്ല; കേരളത്തിലെ കോവിഡ് വ്യാപനം കുറയ്ക്കാന്‍ മികച്ച നടപടികള്‍ വേണം

 
covid

വീടുകളിലെ രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേസുകള്‍ കുറയാത്തതിന് കാരണം

കേരളത്തിലെ കോവിഡ് രോഗികളില്‍ 85 ശതമാനത്തിലധികവും വീടുകളില്‍ തന്നെ ഐസൊലേറ്റ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, പ്രതിദിന കോവിഡ് കുതിപ്പ് തടയാന്‍ മികച്ച നടപടികള്‍ ആവശ്യമാണെന്ന് കേന്ദ്രം. വീടുകളില്‍ കഴിയുന്ന രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കേരളം തയ്യാറാകുന്നില്ല. അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

രോഗവ്യാപനം തടയുന്നതില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ജില്ലാ തലത്തില്‍ മാത്രമായി ഒതുങ്ങരുത്. രോഗബാധയുള്ള അയല്‍പ്രദേശങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ കാണിക്കണം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ പലപ്പോഴും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ അടിച്ചമര്‍ത്താന്‍ കേരളത്തിന് കഴിയാത്തത്. 

അവധിക്കാല ഇടങ്ങളായ തീരമേഖലകളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. ഗതാഗതം ഉള്‍പ്പെടെ നിയന്ത്രിക്കണം. കേരളത്തിന്റെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14-19 ശതമാനമായി തുടരുകയാണ്. അത് അയല്‍ സംസ്ഥാനങ്ങളിലേക്കു കൂടി പടരാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ്, കര്‍ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധിതമാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചതിലൂടെ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാനമാണ്, ഇന്ന് പ്രതിദിന കോവിഡ് കേസുകളില്‍ മുന്നിലുള്ളത്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 41,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇവരില്‍ 30,000ല്‍ അധികം പേരും കേരളത്തില്‍ നിന്നാണ്. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിതരായി മരിച്ചത്. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം കേരളം 40 ലക്ഷത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരണം 20,000 കടന്നു.