ഔഡി കാര്‍ പിന്തുടര്‍ന്നുവെന്ന് ഡ്രൈവറുടെ മൊഴി; വൈറ്റില അപകടത്തിലെ ദുരൂഹതകള്‍ കൂടുന്നു

മുന്‍ മിസ് കേരളയടക്കം മൂന്നുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്
 
miss kerala accident

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ട കാര്‍ അപകടത്തിനു പിന്നിലെ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. തങ്ങളുടെ വാഹനത്തെ ഒരു ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും അപകടത്തിന് കാരണമായത് അതാണെന്നും അപകടത്തില്‍പ്പെട്ട് കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുകയാണ്. നേരത്തെ സിസിടിവി പരിശോധനകളില്‍ അപകടത്തില്‍പ്പെട്ട കാറിനെ ഔഡി കാര്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈ കാര്‍ ആരുടെതാണെന്നതില്‍ വ്യക്ത വന്നിട്ടില്ല. പലതരം സംശയങ്ങളിലും നിഗമനങ്ങളിലുമാണ് പൊലീസ് ഇപ്പോഴും.

ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന ' നമ്പര്‍ 18' എന്ന ഹോട്ടലില്‍ പാര്‍ട്ടി കഴിഞ്ഞാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍, അന്‍ജന ഷാജന്‍, ആഷിഖ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ കാറില്‍ പുറപ്പെട്ടത്. അബ്ദുള്‍ റഹ്മാന്‍ ആയിരുന്നു വാഹനം ഓടിച്ചത്. വൈറ്റിലയില്‍ വച്ചായിരുന്നു അപകടം. ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ മാത്രം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോള്‍ അന്‍സിയും അന്‍ജുവും അപകടസ്ഥലത്ത് വച്ചും ആഷിഖ് ആശുപത്രിയില്‍ വച്ചും മരിച്ചു. അബ്ദുള്‍ റഹ്മാന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 

അപകടം നടന്നശേഷം പിന്നാലെ വന്ന ഒരു കാര്‍ അവിടെ നിര്‍ത്തുകയും അതില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചശേഷം മടങ്ങുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന്റെ കൈവശമുള്ളത്. കാറില്‍ നിന്നിറങ്ങിവന്നയാള്‍ നംബര്‍ 18 ഹോട്ടല്‍ ഉടമ റോയി ആണെന്നു പൊലീസ് സംശയിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹോട്ടലുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പൊലീസിന് സംശയം ഉണ്ടാവുകയും പരിശോധനയ്ക്ക് എത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി നടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവിശ്യപ്പെട്ടെങ്കിലും പൊലീസിന് ഇതുവരെ ആ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ല. റോയിയുടെ ഡ്രൈവര്‍ വന്ന് ദൃശ്യങ്ങള്‍ അടങ്ങിയ ടേപ്പ് കൊണ്ടുപോയെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതായാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ് റോയിയുടെ വീട്ടില്‍ അടക്കം പരിശോധന നടത്തിയിരുന്നു. റോയിയെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഹോട്ടല്‍ ഉടമയുടെ ഡ്രൈവറെ പൊലീസ് ചെയ്തപ്പോള്‍, അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നവര്‍ നല്ല മദ്യലഹരിയിലായിരുന്നുവെന്നും ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ കാര്‍ ഓടിക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആ അവസ്ഥയില്‍ കാര്‍ ഓടിക്കേണ്ടെന്നു തങ്ങള്‍ പറഞ്ഞിട്ടും കേള്‍ക്കാതെയാണ് വാഹനം എടുത്തുപോയതെന്നും അതുകൊണ്ടാണ് എന്തെങ്കിലും അപകടം ഉണ്ടാകുമോയെന്ന ആശങ്കയില്‍ തങ്ങള്‍ അവരെ പിന്തുടര്‍ന്നു പോയതെന്നുമാണ് ഡ്രൈവര്‍ മെല്‍വിന്റെ മൊഴിയില്‍ പറയുന്നത്.

എന്നാല്‍ ഈ വാദങ്ങളില്‍ പൊലീസിന് ഇപ്പോഴും സംശയങ്ങളുണ്ട്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ അപകടത്തില്‍പ്പെട്ടവരും ഹോട്ടലുകാരും തമ്മില്‍ എന്തോ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതിനു കാരണവും അതാണെന്ന് പൊലീസ് കരുതുന്നു. ഒക്ടോബര്‍ 31 ല്‍ ഹോട്ടലിലെ ബാക്കി കാര്യങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെ ആ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഡി ജെ പാര്‍ട്ടിയുടെ മാത്രം ദൃശ്യങ്ങള്‍ നഷ്ടമായിരിക്കുന്നതാണ് ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്നത്.