സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 21 പേര്‍; 28 പേര്‍ ചികിത്സയില്‍

 
black fungus

സംസ്ഥാനത്ത് കോവിഡ് അനുബന്ധ മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന് ഔദ്യോഗിക കണക്ക്. ആകെ 110 പേരിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചപ്പോഴാണ് 21 പേർ മരിച്ചത്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികൾ മരിച്ചു. 

ആകെ രോഗം ബാധിച്ചവരിൽ 61 പേർ രോഗമുക്തരായി.  28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ട്.  പ്രമേഹമടക്കം മറ്റ് അസുഖങ്ങളുള്ളവർക്കാണ് കോവിഡ് അനുബന്ധ ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാൻ സാധ്യത. ഈ സാഹചര്യത്തിൽ ആശുപത്രി ഐസിയു, വെന്റിലേറ്റർ മേഖലകളിൽ അണുനശീകരണം കർശനമാക്കാൻ ബ്ലാക്ക്ഫംഗസ് ബാധയെത്തുടർന്ന് നിർദേശം നൽകിയിരുന്നു.

ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മുതല്‍ 12 ലക്ഷം രൂപ വരെ ചെലവു വരുന്ന ചികില്‍സ ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.