സുപ്രീംകോടതി വിധിച്ച ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു; സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

 
Endosulfan

റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സമ്മതിച്ച് മന്ത്രി, മൗനം വെടിയാതെ മുഖ്യമന്ത്രി

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരവും ആജീവനാന്ത ചികിത്സയും നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കുന്ന കാസര്‍കോട് മുന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളുക, പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ പുനഃസ്ഥാപിക്കുക എന്നിങ്ങനെ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവെക്കുന്നു. ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളും രക്ഷിതാക്കളും സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരുന്നു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 6727 പേരാണുള്ളത്. ഇവരില്‍ 1446 പേര്‍ക്കു മാത്രമാണ് സുപ്രീംകോടതി വിധി അനുസരിച്ചുള്ള അഞ്ച് ലക്ഷം രൂപ ലഭിച്ചതെന്നാണ് എന്‍ഡോസള്‍ഫാന്‍ സമര ഐക്യദാര്‍ഢ്യ സമിതി പറയുന്നത്. 3713പേര്‍ക്ക് അഞ്ച് ലക്ഷം രൂപയും 1568 പേര്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കാനുണ്ട്. സുപ്രീംകോടതി വിധിയെ ഇടതുപക്ഷ സര്‍ക്കാര്‍ സഹര്‍ഷമാണ് സ്വാഗതം ചെയ്തത്. എന്നാല്‍, ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതോടെ സുപ്രീംകോടതിക്ക് പിന്നീടും ഇടപെടേണ്ടിവന്നിരുന്നു. ദുരന്തബാധിതര്‍ക്ക് സഹായകമെന്നോണം വിധി നടപ്പാക്കുന്നതിനു പകരം പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നാണ് മുന്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായുള്ള പരിശോധനയ്ക്കുശേഷമാണ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിയത്. പിഎച്ച്‌സി, സിഎച്ച്‌സി തലത്തിലായിരുന്നു പ്രാഥമിക പരിശോധന. അതിനുശേഷം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാംപുകളില്‍ വീണ്ടും പരിശോധിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ ടീം ഈ പട്ടിക വീണ്ടും പരിശോധിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജില്‍നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷമാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിച്ച പട്ടിക റദ്ദാക്കണമെന്നാണ് മുന്‍ കാസര്‍കോട് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം മരിച്ചവരുടെ പേര് പട്ടികയില്‍ വന്നതും, ചിലര്‍ക്ക് മരണശേഷം ബാങ്കിലേക്ക് പെന്‍ഷന്‍ അയച്ചതുമെല്ലാം ഇപ്പോഴും ദുരിതജീവിതത്തില്‍ കഴിയുന്നവര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. 

ദുരിതബാധിതരുടെ പുനരധിവാസത്തിന് തുരങ്കംവെക്കുന്ന കാസര്‍കോട് മുന്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ദുരിതബാധിതര്‍ ആവശ്യപ്പെടുന്നു. ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആജീവനാന്ത ചികിത്സയും നല്‍കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണം. സാമൂഹിക നീതി വകുപ്പ് മന്ത്രി ചെയര്‍മാനായ റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തോളമായി. പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന സെല്‍ രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നാണ്. സെല്‍ എത്രയുംവേഗം പുനസ്ഥാപിക്കണം. ജില്ലയില്‍ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളില്ല. ജില്ല ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ നിയമിക്കണം. കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. 

അതേസമയം, റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ സമ്മതിച്ചു. ദുരിതബാധിതര്‍ക്ക് സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നില്ലെന്നാരോപിച്ച് എന്‍.എ നെല്ലിക്കുന്നിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. സെല്‍ പ്രവര്‍ത്തിക്കാത്തത് ദുരിതബാധിതര്‍ക്ക് സഹായം ലഭിക്കുന്നതിന് തടസമാകുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍, ദുരിതബാധിതരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നല്‍കി. 

മന്ത്രിയുടെ വിശദീകരണം വന്നതോടെ, അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. എന്നാല്‍, സഭാ നടപടികളില്‍ പ്രതിപക്ഷം സഹകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ ആരോപിച്ചത്. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമുള്ള കാര്യമായതിനാലാണ് നോട്ടീസ് നല്‍കിയത്. ഈ വിവരങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നന്നായി അറിയാവുന്നതാണെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി മൗനം വെടിഞ്ഞില്ല. ഇതോടെ, സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നവരെ പരിഗണിക്കുമെന്ന ഒരു മറുപടിയെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചെന്ന് സതീശന്‍ പറഞ്ഞു. ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നതായും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

(ഫയല്‍ ചിത്രം. അമ്മമാരുടെ അനുവാദത്തോടെ പകര്‍ത്തിയതാണ്; അനുവാദമില്ലാതെ പുന:പ്രസിദ്ധീകരിക്കരുത്)