ഒഴിഞ്ഞുമാറുന്ന ശിശുക്ഷേമക്കാര്‍; അനിശ്ചിതകാല സമരവുമായി അനുപമ

ശിശുക്ഷേമ സമിതിയുടെ ഓഫിസിനു മുന്നിലാണ് സമരം
 
 
anupama chandran
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരെ മാറ്റണമെന്ന് ആവശ്യം
 


ദത്ത് വിവാദത്തില്‍ അനിശ്ചിതകാല സമരവുമായി അനുപമ.  ശിശുക്ഷേമ സമിതിയുടെ ഓഫിസിനു മുന്നിലാണ് സമരം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദ എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. താന്‍ പ്രസവിച്ച കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയതിനു പിന്നില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണും ആണെന്നും ഇരുവരും അതാത് സ്ഥാനങ്ങളില്‍ തുടര്‍ന്നാല്‍ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുമുണ്ടെന്നാണ് അനുപമ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാക്കു പാലിക്കുന്നില്ലെന്ന ആരോപണവും സമരത്തിനു പിന്നിലെ കാരണമാണ്.

തന്റെ കുട്ടിയെ എത്രയും വേഗം വീണ്ടെടുക്കണമെന്നും കേസ് തീര്‍പ്പാകുന്നതുവരെ സര്‍ക്കാരിന്റെ സംരക്ഷണയിലാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനുപമ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാനും കുട്ടിയെ തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടാനും കേരള ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശം വന്നിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് അനുപമ കത്തില്‍ പറയുന്നത്. കുട്ടി ഇപ്പോഴും ആന്ധ്ര ദമ്പതികളുടെ കൈവശമാണെന്നും കുട്ടിയെ വിദേശത്തേക്ക് കടത്തിയേക്കാമെന്നു ഭയപ്പെടുന്നതായും അനുപമ പറയുന്നു. തന്റെ കുട്ടിയെ ഇന്ത്യക്ക് പുറത്തേക്ക് കടത്തുകയോ ജീവന്‍ അപയാപ്പെടുത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ആയിരിക്കുമെന്നും കത്തില്‍ അനുപമ ഓര്‍മിപ്പിക്കുന്നുണ്ട്. മോശമായ കാര്യങ്ങളൊന്നും സംഭവിക്കാതിരിക്കാനാണ് കേസിന്റെ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞിനെ ആന്ധ്ര ദമ്പതികളില്‍ നിന്നും ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും കത്തില്‍ അനുപമ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിനെതിരേയും പരാതി ഉയര്‍ത്തിയാണ് അനുപമ വീണ്ടും സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ആദ്യം പറഞ്ഞതുപോലെയല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് അനുപമയുടെ ആക്ഷേപം.

അനുപമയുടെ പരാതികള്‍ക്ക് അടിസ്ഥാനമുണ്ടെന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. തങ്ങള്‍ക്കുള്ള നിയമപരിരക്ഷ ചൂണ്ടിക്കാട്ടി അനുപമയുടെ പരാതികളുമായി അനുബന്ധിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ് ശിശുക്ഷേമ സമിതി. ദത്തു കൊടുത്തതിനെ കുറിച്ച് പൊലീസിന്റെ ചോദ്യങ്ങളോടും സമിതി പ്രതികരിച്ചിട്ടില്ല. എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചോളാനാണ് പൊലീസിനോടുണ്ടായിരുന്ന മറുപടിയും. എന്നാല്‍, ശിശുക്ഷേമ സമിതിയുടേതിന് സമാനമായ സമീപനമാണ് സിഡബ്ല്യുസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഒന്നും പറയാന്‍ തയ്യാറാകാത്ത ശിശുക്ഷേമക്കാര്‍

അനുപമയ്ക്ക് അനുകൂലമെന്ന നിലയില്‍ വൈകാരികമായ ചില പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ആരോപണ വിധേയരായ ശിശുക്ഷേമ സമിതി, സിഡബ്ല്യുസി എന്നിവരെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ദത്ത് സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്നായിരുന്നു വനിത-ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണെന്നും ഈ കുഞ്ഞിനെ നിശ്ചിത ദിവസം കഴിഞ്ഞും ആരും അന്വേഷിച്ച് വരാതിരുന്നതിനെ തുടര്‍ന്നാണ് ദത്ത് നല്‍കിയതെന്നുമാണ് മന്ത്രി നിയമസഭയില്‍ വാദിച്ചത്. എന്നാല്‍ അനുപമയുടെ പരാതിയനുസരിച്ച്, തന്റെ മാതാപിതാക്കള്‍ കൊണ്ടു വന്ന കുഞ്ഞിനെ യാതൊരു അന്വേഷണവും നടത്താതെ, നടപടികളും പാലിക്കാതെ ശിശുക്ഷേമ സമിതി പ്രതിനിധികള്‍ കൈയേറ്റു വാങ്ങുകയായിരുന്നു.

ശിശുക്ഷേമ സമിതി ഒരു കുഞ്ഞിനെ സ്വീകരിക്കുന്നത് അത്ര ലാഘവം നിറഞ്ഞൊരു പ്രക്രിയ അല്ലെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിര്‍വഹിച്ചത് എന്നാണ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞത്. അമ്മതൊട്ടിലില്‍ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്ന കുട്ടികളായി പരിഗണിച്ചാണ് ശിശുക്ഷേമ സിമിതി സ്വീകരിക്കുന്നതെന്നും അതിനനുസരിച്ചുള്ള നിയമപരമായ കാര്യങ്ങള്‍ സമിതി ചെയ്തിരുന്നുവെന്നും മന്ത്രി പറയുമ്പോള്‍, എല്ലാ കാര്യങ്ങളും നിയമപരമായി നടന്നിരുന്നുവെങ്കില്‍ അനുപമ ഉയര്‍ത്തുന്ന പരാതികള്‍ക്കോ ആരോപണങ്ങള്‍ക്കോ ഇടമുണ്ടാകില്ലായിരുന്നു. അനുപമയുടെ കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ അല്ല ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ശിശുക്ഷേമ സമിതി അതിന്റെ പ്രഖ്യാപിത നിയമങ്ങള്‍ അനുസരിച്ചിരുന്നുവെങ്കില്‍ അനുപമയുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ച അനുപമയുടെ കുട്ടിയെ സ്വീകരിക്കില്ലെന്നാണ് ബാലാവകാശ പ്രവര്‍ത്തകയും മഹിള സമാക്യ മുന്‍ സംസ്ഥാന കോര്‍ഡിനേറ്റുമായിരുന്ന പി ഇ ഉഷ ചൂണ്ടിക്കാണിക്കുന്നത്. അനുപമയും അജിത്തും നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല എന്നതിനാല്‍ അജിത്തിന്റെ സാന്നിധ്യം ആവിശ്യമില്ലെങ്കിലും കുട്ടിയെ കൈമാറുമ്പോള്‍ അമ്മയെന്ന നിലയില്‍ അനുപമയുടെ സാന്നിധ്യം അവിടെ ഉണ്ടാകണമായിരുന്നു. പകരം, അമ്മയായ അനുപമ ഒപ്പിട്ട സമ്മതപത്രം ഉണ്ടെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും പി ഇ ഉഷ ചൂണ്ടിക്കാണിക്കുന്നു.

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം

സാധാരണ ആബാന്‍ഡന്റ് ആയും സര്‍ണ്ടര്‍ ആയുമാണ് ശിശുക്ഷേമ സമിതിയില്‍ കുട്ടികളെത്തുന്നത്. പ്രസവിച്ച കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യമില്ലാത്തവര്‍, പലവിധ കാരണങ്ങളാല്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ അജ്ഞാതരായി നിന്നുകൊണ്ട് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ വിട്ടിട്ടു പോകാം. ഇത്തരം കുട്ടികളെയാണ് അബാന്‍ഡന്റ് ആയി പരിഗണിക്കുന്നത്. ഇങ്ങനെയൊരു കുട്ടിയെ കിട്ടുമ്പോഴും ശിശുക്ഷേമ സമിതി പുലര്‍ത്തേണ്ട ചില നിയമങ്ങളുണ്ടെന്ന് പി ഇ ഉഷ പറയുന്നു. വിവരം പൊലീസിനെ അറിയിക്കുക. കുട്ടി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുക. കുട്ടിയുമായി ബന്ധപ്പെട്ട ഒരു സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, കുട്ടിയുടെ മാതാപിതാക്കളെയോ മാതാവിനെയോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരെ കൗണ്‍സിലിംഗിന് വിധേയമാക്കുക, അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുക എന്നൊക്കെയുള്ള നടപടികള്‍ കൈക്കൊള്ളണം. കുട്ടികളെ സര്‍ണ്ടര്‍ ചെയ്യുന്ന രീതിയുമുണ്ട്(ഇവിടെയും പലപ്പോഴും മാതാപിതാക്കള്‍ അജ്ഞാതരായി നില്‍ക്കാനുള്ള സാഹചര്യമാണ് കൂടുതല്‍). സര്‍ണ്ടര്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും കുട്ടിയുടെ മാതാവിന്റെയോ മാതാപിതാക്കളുടെയോ സാന്നിധ്യം ഉണ്ടായിരിക്കണം. മാതാവില്‍ നിന്നും(പിതാവ് ഉണ്ടെങ്കില്‍ രണ്ടുപേരില്‍ നിന്നും) ആണ് കുട്ടിയെ ഏറ്റു വാങ്ങുന്നത്. അതല്ലാതെ, അമ്മയുടെ മാതാപിതാക്കള്‍ക്കോ അച്ഛന്റെ മാതാപിതാക്കള്‍ക്കോ ഇരുവരുടെയും മറ്റു ബന്ധുക്കള്‍ക്കോ കുട്ടിയെ കൊണ്ടു വന്ന് ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ സാധ്യമല്ല. അത്തരം സാഹചര്യത്തില്‍ വരുന്ന കുട്ടികളെ കണ്ണുംപൂട്ടി സ്വീകരിക്കാന്‍ ശിശുക്ഷേമ സമിതി തയ്യാറാകരുത് എന്നാണ് പി ഇ ഉഷ അഭിപ്രായപ്പെടുന്നത്. അനുപമയുടെ കുഞ്ഞിന്റെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രകാരമുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നതാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ദത്ത് നല്‍കിയതും അതിനുവേണ്ടി സ്വീകരിച്ച നടപടികളും ന്യായീകരിക്കാമെങ്കിലും, കുഞ്ഞിനെ ശിശുക്ഷേമ സമിതി എങ്ങനെ സ്വീകരിച്ചു എന്ന കാര്യത്തില്‍ ഇതുവരെയും വിശദീകരണം ഉണ്ടായിട്ടില്ല.

കുട്ടിയെ കിട്ടുമ്പോള്‍ തന്നെ വിവരം ശിശുക്ഷേമ സമിതി പൊലീസില്‍ അറിയിക്കേണ്ടതുമുണ്ട്. അനുപമയുടെ കാര്യത്തില്‍ അങ്ങനെയൊരു നടപടിക്രമവും പാലിക്കപ്പെട്ടിട്ടില്ല. അതെന്തുകൊണ്ടെന്ന കാര്യത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി വിശദീകരണം നല്‍കിയിട്ടില്ല. പൊലീസിനെ വിവരം അറിയിച്ചിരുന്നുവെങ്കില്‍, പൊലീസ് കൃത്യമായി ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ ആ കൈമാറ്റത്തില്‍ അനുപമ എന്ന അമ്മയുടെ സാന്നിധ്യം ഉറപ്പാകുമായിരുന്നു. അങ്ങനെ അനുപമ ശിശുക്ഷേമ സമിതിക്കു മുന്നില്‍ വന്നിരുന്നുവെങ്കില്‍ (വരാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ അനുപമ എവിടെയാണോ ഉള്ളത് അവിടെ പോയി ശിശുക്ഷേമ സമിതിയോ പൊലീസോ അനുപമയോട് സംസാരിക്കുകയോ മൊഴിയെടുക്കുകയോ വേണം. അങ്ങനെയാണ് നിയമം) ശിശുക്ഷേമ സമിതിയുടെ ഇതുവരെയുള്ള നടപടികളില്‍ ആര്‍ക്കും കുറ്റം ആരോപിക്കാന്‍ കഴിയുമായിരുന്നില്ല. നിയമപ്രകാരം വിവാഹിതരായിരുന്നില്ല എന്നതിനാല്‍ കുട്ടിയുടെ അച്ഛനായ അജിത്തിന് കുട്ടിക്കുവേണ്ടി നിയമപ്രകാരമുള്ള അവകാശം ഉന്നയിക്കാനും സാധിക്കില്ല. അത്തരത്തിലൊന്നും ഉണ്ടായിട്ടില്ല എന്നതിനാല്‍ ഇപ്പോള്‍ അനുപമ പറയുന്ന പരാതികള്‍ക്ക് തന്നെയാണ് പ്രാധാന്യം.