'താലിമാല വിറ്റാണെങ്കിലും പണം കൊണ്ടുവാ'; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്റെ കുടുംബത്തിന് പട്ടയം കിട്ടാന്‍ കൈക്കൂലി
 

ഭൂമിക്ക് പട്ടയം നല്‍കാനാണ് ചീമേനി വില്ലേജ് ഓഫിസര്‍ കൈക്കൂലി ചോദിച്ചത്
 
Endosulfan
ഭൂമി അളന്ന് സ്‌കെച്ച് അടക്കം തയ്യാറാക്കിയെങ്കിലും പണം തരാതെ ഒരു പേപ്പര്‍ പോലും തരില്ലെന്ന വാശിയിലായിരുന്നു വില്ലേജ് ഓഫിസര്‍
 

കാസറഗോഡ് ചീമേനിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസറെയും ഫീല്‍ഡ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തൂ. ഭൂമിക്ക് പട്ടയം അനുവദിച്ചു കൊടുക്കുന്നതിനായാണ് നിര്‍ദ്ധന കുടുംബത്തില്‍ നിന്നും ചീമേനി വില്ലേജ് ഓഫിസറായ കെ വി സന്തോഷ് ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടത്. പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷയുടെ പരാതിയിലാണ് സന്തോഷിനെയും ഫീല്‍ഡ് അസിസ്റ്റന്റ് കെ സി മഹേഷിനെയും വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മന്ദച്ചംവയലിലുള്ള 50 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടാന്‍ വേണ്ടി പിതാവിന്റെ മരണശേഷം വില്ലേജ് ഓഫിസിനെ സമീപിച്ചപ്പോഴാണ് നിഷയ്ക്കും കുടുംബത്തിനും ദുരനുഭവം ഉണ്ടായത്. പണം കിട്ടാതെ ഒന്നും ചെയ്തു തരില്ലെന്ന പിടിവാശിയിലായിരുന്നു വില്ലേജ് ഓഫിസര്‍. കഴുത്തില്‍ കിടക്കുന്ന താലിമാലയല്ലാതെ മറ്റൊരു സമ്പാദ്യവും തങ്ങള്‍ക്കില്ലെന്നും ഒന്നരലക്ഷം രൂപ ഉണ്ടാക്കാന്‍ വഴിയില്ലെന്നും നിഷയും ഭര്‍ത്താവും വില്ലേജ് ഓഫിസര്‍ സന്തോഷിനോട് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും വഴങ്ങിയില്ല. ഒടുവിലാണ് വിജിലന്‍സിനെ അറിയിക്കാന്‍ നിഷ തീരുമാനിച്ചത്. തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നിഷ അഴിമുഖത്തോട് പറയുന്നു-  ''  ചീമേനി പള്ളിപ്പാറയിലുള്ള മന്ദച്ചംവയലിലുള്ള അമ്പത്തിയൊന്നു സെന്റ് ഭൂമിയിലാണ് എന്റെ അച്ഛന്റെ വീട്. ഈ ഭൂമിക്ക് പട്ടയം കിട്ടിയിരുന്നില്ലെങ്കിലും മുത്തശ്ശി ലക്ഷ്മി കരം അടച്ചിരുന്നു. 2019 ല്‍ അച്ഛന്‍ ടി നാരയണന്‍ ഈ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വില്ലേജ് ഓഫിസില്‍ അപേക്ഷിച്ചിരുന്നു. പക്ഷേ, അനുകൂലമായി ഒന്നും നടന്നില്ല. ഈ വര്‍ഷം ഏപ്രിലില്‍ അച്ഛന്‍ മരിക്കുകയും ചെയ്തു.

അച്ഛന്റെ മരണശേഷമാണ് ആ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനു വേണ്ടി ഞാന്‍ ചീമേനി വില്ലേജ് ഓഫിസില്‍ അപേക്ഷിക്കുന്നത്. എന്നാല്‍ പട്ടയം തരുന്നതിന് പലതരം തടസവാദങ്ങളാണ് വില്ലേജ് ഓഫിസര്‍ ഉയര്‍ത്തിയത്. 2019 വരെ കരം അടച്ചിട്ടുള്ളൂ, അതിനുശേഷം അടച്ചിട്ടില്ല എന്നൊക്കെയാണ് പറഞ്ഞത്. പിന്നീടാണ് പറയുന്നത് പട്ടയം വേണമെങ്കില്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന്. എന്റെ ഭര്‍ത്താവിന് കൂലിപ്പണിയാണ്. എനിക്ക് പശു വളര്‍ത്തലും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ് ഞങ്ങളുടെ മോന്‍. നടക്കാന്‍ വയ്യാത്ത മോനായിരുന്നു. ഒരുപാട് പണം മോന്റെ ചികിത്സയ്ക്കു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിബാധിതരുടെ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇപ്പോള്‍ അവന്‍ പഠിക്കുന്ന ബഡ്‌സ് സ്‌കൂളില്‍ നിന്നും തെറാപ്പി ചികിത്സ ഉള്‍പ്പെടെയുള്ള ചികിത്സ സഹായങ്ങള്‍ കിട്ടുന്നുണ്ട്. പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഞങ്ങളുടെ നിവൃത്തികേടുകള്‍ എല്ലാം വില്ലേജ് ഓഫിസറോട് പറഞ്ഞു നോക്കിയെങ്കിലും പണം വേണമെന്ന വാശിയില്‍ തന്നെയായിരുന്നു അയാള്‍. ഒന്നരലക്ഷം കിട്ടില്ലെന്ന് മനസിലാക്കിയാകണം ഒടുവില്‍ അമ്പതിനായിരം രൂപയില്‍ അയാള്‍ എത്തി. ഞങ്ങള്‍ക്ക് ആകെയുള്ള സമ്പാദ്യം എന്നു പറയുന്നത് എന്റെ കഴുത്തില്‍ കിടക്കുന്ന താലിമാലയാണ്. എങ്കില്‍ അതു വിറ്റിട്ട് പണം കൊണ്ടുവരാനാണ് വില്ലേജ് ഓഫിസര്‍ പറഞ്ഞത്. ആ മാല വിറ്റാല്‍ കൂടിയാല്‍ ഇരുപത്തി അയ്യായിരം രൂപ കിട്ടും, ബാക്കി എവിടെ നിന്നും ഉണ്ടാക്കുമെന്ന് അറിയില്ലെന്നു പറഞ്ഞിട്ടും അയാള്‍ക്ക് മനസിലിവുണ്ടായില്ല.

ഇതിനിടയില്‍ ഭൂമി അളക്കല്‍ തുടങ്ങിയ നടപടികളൊക്കെ അവര്‍ ചെയ്തിരുന്നു. ഭൂമി അളന്ന് സ്‌കെച്ച് അടക്കം തയ്യാറാക്കിയെങ്കിലും പണം തരാതെ ഒരു പേപ്പര്‍ പോലും തരില്ലെന്ന വാശിയിലായിരുന്നു. കഴിഞ്ഞ മാസം(ഒക്ടോബര്‍) 23 ന് മുമ്പായി അമ്പതിനായിരംരൂപ കൊടുക്കണമെന്നും നിര്‍ബന്ധം പിടിച്ചു. കാരണം, ഒക്ടോബര്‍ 30 വരെ വില്ലേജ് ഓഫിസര്‍ ആ ഓഫിസില്‍ ഉള്ളൂ. സ്ഥലം മാറ്റം ഓര്‍ഡര്‍ വന്നതിനാല്‍ നവംബറില്‍ പുതിയ സ്ഥലത്തേക്ക് പോകും. അതിനുള്ളില്‍ പണം കിട്ടിയാല്‍ ഞങ്ങളുടെ പേപ്പറുകള്‍ തരാമെന്നും ഇല്ലെങ്കില്‍ പട്ടയം കിട്ടുമെന്ന് കരുതേണ്ടെന്നുമായിരുന്നു ഭീഷണി. അയാള്‍ പറഞ്ഞ പണം ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല, അയാള്‍ സ്ഥാലം മാറിപോവുകയും ചെയ്താല്‍ പട്ടയം കിട്ടാന്‍ വേണ്ടി വീണ്ടും ഞങ്ങള്‍ അലയേണ്ടിവരുമെന്ന് മനസിലായതോടെയാണ് വിജിലന്‍സിനെ സമീപിക്കാന്‍ തീരുമാനിച്ചത്'.

പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം നല്‍കിയ പതിനായിരം രൂപയുമായി നിഷ വില്ലേജ് ഓഫിസില്‍ എത്തി. പണം സന്തോഷിന് കൈമാറുന്നതിനിടയില്‍ ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം സന്തോഷിനെയും മഹേഷിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.