'എല്ലാം കള്ളക്കഥകള്‍, ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു'; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. എല്ലാം കള്ളക്കഥകളാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദമാണ് ദിലീപിനുള്ളത്. ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കേസ് തനിക്കെതിരേ കെട്ടിച്ചമച്ചിരിക്കുന്ന ആരോപണവും ദിലീപ് ഉയര്‍ത്തിയിട്ടുണ്ട്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രോസിക്യൂക്ഷന്‍ തയ്യാറെടുത്തപ്പോഴും ഇതേ ആരോപണം ദിലീപ് ഉയര്‍ത്തിയിരുന്നു. സി ഐ ബൈജു പൗലോസിനെ വിസ്തരിക്കാന്‍ തയ്യാറെടുക്കവെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതെന്നും ബൈജു പൗലോസ് പറഞ്ഞുകൊടുത്ത കഥ ആവര്‍ത്തിക്കുകയാണ് ബാലചന്ദ്രകുമാര്‍ ചെയ്യുന്നതെന്നുമായിരുന്നു ദിലീപിന്റെ പരാതി. ഇപ്പോള്‍ നടക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിതമായ നീക്കമാണെന്നും നടന് കുറ്റപ്പെടുത്തുന്നുണ്ട്.
'കുറ്റം ചെയ്തത് ഞാനല്ല, ഈ യാത്ര ഞാന്‍ തുടരും,തനിച്ചല്ലെന്നും തിരിച്ചറിയുന്നു'

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചു എന്ന ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. ഡി ഐ ജി എ വി ജോര്‍ജ് മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യം യൂട്യൂബില്‍ ഫ്രീസ് ചെയ്ത് വച്ച് ജോര്‍ജിനു നേരെ കൈചൂണ്ടി, സന്ധ്യയും സോജനും സുദര്‍ശനും ബൈജു പൗലോസും പിന്നെ ജോര്‍ജും അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞുവെന്നാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആറില്‍ പറയുന്നത്. തന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം എന്നു ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാര്‍ നല്കിയ മൊഴിയില്‍ ഉണ്ടെന്നും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈജു പൗലോസ് നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടി വരുമല്ലേ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറഞ്ഞുവെന്നും ഇത് ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായി എന്നും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
'പണത്തിനു മീതെ പരുന്ത് പറക്കുമോ? ഞാനായിട്ട് ഒന്നും കൊടുക്കണ്ടല്ലോയെന്നോര്‍ത്ത് മിണ്ടാത്തതാണ്': പള്‍സര്‍ സുനി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണം നടത്തുക എറണാകുളം ക്രൈംബ്രാഞ്ച് ആയിരിക്കും. ഗൂഢാലോചന നടന്നത് ആലുവയിലുള്ള ദിലീപിന്റെ വീട്ടില്‍വച്ചായിരുന്നു എന്ന് മൊഴിയിലുള്ളതുകൊണ്ടാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എഫ് ഐ ആര് സമര്‍പ്പിക്കുന്നത്. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, അനൂപിന്റെ ഭാര്യാസഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും കണ്ടാലറിയുന്ന മറ്റൊരാളെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മൊഴി സാധൂകരിക്കുന്നതിനായി ചില ഓഡിയോ സന്ദേശങ്ങളും ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.