ഉത്രവധം; ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം

 
Sooraj Uthra

2020 മേയ് ഏഴിനായിരുന്നു ഉത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്

കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവ് വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. സൂരജിനെതിരെ ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. 

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ പ്രോസിക്യൂഷന്‍, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് വാദിച്ചത്. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സ്വന്തം ഭാര്യ വേദനയാല്‍ നിലവിളിച്ചപ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. അതേസമയം, ഉത്രയുടേത് കൊലപാതകമല്ലെന്ന വാദം ആവര്‍ത്തിക്കുകയായിരുന്നു പ്രതിഭാഗം. ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോഴും, ഒന്നും പറയാനില്ലെന്നായിരുന്നു നിര്‍വികാരനായിനിന്ന സൂരജിന്റെ മറുപടി.

ശക്തമായ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം. പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയത് മരിച്ചയാളെ ആക്രമിച്ചതാണെന്ന് സ്ഥിരീകരിക്കാനാണ്, സംഭവത്തെ മുഴുവന്‍ പുനര്‍നിര്‍മ്മിച്ച് ഡമ്മി ട്രയലും നടത്തിയിരുന്നു. ഉത്രയുടെ ശരീരത്തില്‍ പതിഞ്ഞ പാമ്പിന്റെ പല്ലിന്റെ വീതി പരിശോധിച്ചപ്പോള്‍, പാമ്പുകടിയേറ്റത് അസ്വഭാവികമെന്ന് തോന്നിയെന്ന് വിദഗ്ധന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഹെര്‍പ്പറ്റോളജിസ്റ്റുകള്‍, ഫോറന്‍സിക് വിദഗ്ധര്‍, വെറ്ററിനറി സര്‍ജന്‍മാര്‍, വനം, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വിധി കേള്‍ക്കാന്‍ ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും സഹോദരന്‍ വിഷുവും കോടതിലെത്തിയിരുന്നു. വിധി അറിയാന്‍ വന്‍ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.

സമൂഹം ആഗ്രഹിക്കുന്നത് വധശിക്ഷ
സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജിന്റെ പ്രതികരണം. നിയമപരമായ ബാധ്യതയാണ് താന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറയുന്നു. വധശിക്ഷയുടെ ശരിതെറ്റുകളെക്കുറിച്ചോ വധശിക്ഷ പരിഷ്‌കൃതമാണോ എന്ന ചിന്തയോ തുടങ്ങി, വ്യക്തിപരമായ യാതൊരു അഭിപ്രായവും ഇതിലില്ല. പൊതുസമൂഹത്തിന്റെ പൊതുവായ ഒരാവശ്യം, അതാണ് പ്രധാനം. കേസില്‍ പൊലീസിന്റെ അന്വേഷണം തുടക്കം മുതല്‍ മികച്ചതാണ്. വളരെ സൂക്ഷ്മതയോടെയും കൃത്യതയോടും കൂടി അന്വേഷണം നടന്നിട്ടുണ്ട്. അതുകൊണ്ട് ആദ്യത്തെ അന്വേഷണം മോശമാണെന്ന് പറയാന്‍ കഴിയില്ലെന്നും മോഹന്‍രാജ് പറഞ്ഞു. ഇതുവരെ ഒരു കേസില്‍ വധശിക്ഷയ്ക്കുവേണ്ടി വാദിച്ചിട്ടില്ല. ആദ്യമായാണ് അങ്ങനെ വാദിക്കുന്നതെന്ന് മോഹന്‍രാജ് ഇന്നലെ കോടതിയിലും പറഞ്ഞിരുന്നു. 

പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം
2020 മേയ് ഏഴിന് അഞ്ചലിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ഉത്രയുടെ (25) മരണം. രാവിലെ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലേദിവസം സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടു ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഉത്ര മരിച്ചത്. 2020 മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കടിയേറ്റ ഉത്രയെ മൂന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. 56 ദിവസത്തെ ചികിത്സയ്ക്കു ശേഷം ഉത്ര അഞ്ചലിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോഴാണ് മൂര്‍ഖന്റെ കടിയേറ്റത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29നും പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ സൂരജ് ശ്രമിച്ചിരുന്നു. കോവണിപ്പടിയില്‍ പാമ്പിനെ ഇട്ടെങ്കിലും അന്നു ഉത്രയെ കടിച്ചില്ല. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണു സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. 

പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്ന് ലോക്കല്‍ പൊലീസ് എഴുതി തള്ളിയ കേസില്‍ വഴി തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കള്‍ പരാതിയുമായി കൊല്ലം റൂറല്‍ എസ്പിയെ സമീപിച്ചതോടെയാണ്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ സൂരജ് സ്വത്തിലും കുഞ്ഞിലും അവകാശം ആവശ്യപ്പെട്ട് വഴക്കിട്ടതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് സംശയമുണ്ടായത്. സ്ത്രീധനത്തിന്റെ പേരില്‍ ഉത്ര ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായിരുന്നുവെന്നത് സംശയം ബലപ്പെടുത്തി. 

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണ് കേസ്. കേസില്‍ 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അടച്ചിട്ട എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലേക്ക് പാമ്പിന് വഴി കണ്ടെത്തുന്നത് അസാധ്യമാണ്, പ്രത്യേകിച്ചും തറ ടൈല്‍ ചെയ്തതിനാല്‍. സ്വര്‍ണവും സ്വത്തും സമ്പാദിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചു. മരണത്തിന് മുമ്പ് ഒമ്പത് ആഴ്ചകള്‍ക്കുമുമ്പ്, ഉത്ര ഒരു അണലിയില്‍ നിന്ന് കടിയേറ്റത് ഈ സംശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു. ഇതനുസരിച്ച്, പൊലീസ് അന്വേഷണം തുടര്‍ന്നു, ഉത്രയുടെ മരണം ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഗൂഡാലോചനയാണെന്നും 1000 പേജുള്ള കുറ്റപത്രം പറയുന്നു. 

സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്. പ്രതിയെ രണ്ട് പാമ്പുകളെയും സ്വന്തമാക്കാന്‍ സഹായിച്ച ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  രണ്ട് പാമ്പുകളെയും 10,000 രൂപയ്ക്ക് വിറ്റതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ രണ്ട് പാമ്പുകളെ ഭക്ഷണം നല്‍കാതെ ഒരു പാത്രത്തില്‍ സൂക്ഷിച്ചതായി സമ്മതിക്കുകയും ചെയ്തു. പിന്നീട്, ഉത്രയുടെ 38 പവന്‍ സ്വര്‍ണം വീടിന് പിന്നില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അച്ഛനും അമ്മയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു.