നിപ്പ  വൈറസ്:  ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം നാളെയെത്തും
 

 
veena

ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണമുണ്ടായ സാഹചര്യത്തില്‍  വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം നാളെ രാവിലെ സ്ഥലത്തെത്തും. ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചു. 

വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യും. ഇവയുടെ ആവാസ വ്യവസ്ഥക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. .ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. 

ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഹൗസ് സര്‍വെയ്ലന്‍സ് ആരംഭിച്ചു.

ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന നടത്തുമെന്നും ജില്ലയിലെ എംപി, എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗത്തെ അറിയിച്ചു. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ.കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണ് മന്ത്രി പറഞ്ഞു.