ധീരസൈനികന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി 

 
d

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന് വീരോചിത യാത്രയയപ്പ് നല്‍കി ജന്മനാട്. കൊട്ടാരക്കരയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് വിലാപ യാത്രയായാണ് വൈശാഖിന്റെ ഭൗതികശരീരം കുടവട്ടൂരിലെ ജന്മനാട്ടിലേക്ക് എത്തിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. 

വൈശാഖിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ്  വൈശാഖ് പഠിച്ച കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ എത്തിയത്. 
അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം ജയ്ഹിന്ദ് വിളികളോടെയാണ് ധീരസൈനികന് വിടചൊല്ലിയത്. പൊതുദര്‍ശനം അവസാനിപ്പിച്ച് വൈശാഖിന്റെ വീട്ടിലേക്ക് ദേശീയ പതാക പുതപ്പിച്ച് ഭൗതികശരീരം മാറ്റുമ്പോഴും വന്‍ ജനാവലി അനുഗമിച്ചിരുന്നു. വീട്ടിലെത്തിച്ച മൃതദേഹം മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റേയും സൈനിക റെജിമെന്റിന്റേയും ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. 

ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. മറാഠ റെജിമെന്റില്‍ ആയിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഏഴുമാസം മുമ്പാണ് പഞ്ചാബില്‍നിന്ന് കശ്മീരില്‍ എത്തിയത്. രണ്ടുമാസംമുമ്പ് അവധിക്ക് വീട്ടില്‍ വന്നിരുന്നു. ശില്‍പ സഹോദരിയാണ്.