ഫാത്തിമ തഹ്ലിയ/ അഭിമുഖം: 'യൂത്ത് ലീഗില്‍ മാത്രമല്ല, മുസ്ലിം ലീഗിലും നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരണം'

ഇപ്പോള്‍ ടോട്ടലി കണ്‍ഫ്യൂസ്ഡായ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തത്തില്‍ നിന്നുള്ളതാണോയെന്ന് അറിയില്ല
 
fathima thahliya

കേരള രാഷ്ട്രീയത്തില്‍ സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമായിരുന്നു മുസ്ലിംലീഗിലെ 'ഹരിത'ക്കാരുടേത്. അവരുടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സ്ത്രീസ്വത്വത്തിന് മുറിവേല്‍ക്കുകയും പിന്നീട് പാര്‍ട്ടിക്കകത്ത് പരാതി പറഞ്ഞിട്ടും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. പരാതി ഉന്നയിച്ച ഹരിതയെ മരവിപ്പിച്ച് തീരുമാനമെടുത്താണ് മുസ്ലിംലീഗ് പരാതിയെ നേരിട്ടത്. പരാതിക്കാരായ പത്തുപെണ്‍കുട്ടികളും അവര്‍ക്ക് പിന്തുണ നല്‍കിയ മുന്‍ ഹരിത നേതാവും പാര്‍ട്ടിക്കകത്ത് വലിയ രീതിയിലുള്ള അനീതിക്കിരയായി. അവരുടെ പരാതിയില്‍ വനിതാലീഗ് പോലും ആശ്വാസമായില്ല. പകരം കുറ്റക്കാരായി ചിത്രീകരിച്ചു. പക്ഷേ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രശ്നത്തെ അഡ്രസ് ചെയ്യാതിരിക്കാന്‍ ഹരിതക്കാര്‍ക്ക് കഴിഞ്ഞില്ല. അവര്‍ പരാതിയുമായി വനിതാകമ്മീഷനെ സമീപിക്കുന്നു. ഇടതുമുന്നണി അധികാരത്തിലുള്ള സംസ്ഥാനത്ത് അവരുടെ വനിതാകമ്മീഷനിലുള്ള വിശ്വാസത്തെയും അങ്ങോട്ടുള്ള നീക്കത്തേയും രാഷ്ട്രീയകേരളവും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുകയായിരുന്നു. വനിതാകമ്മീഷനിലെത്തിയ ആ പത്തുപെണ്‍കുട്ടികളില്‍ നാലുപേര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തുകയും അതിന് നേതൃത്വം നല്‍കി എംഎസ്എഫിന്റെ മുന്‍ ദേശീയ വൈസ് പ്രസിഡന്റും മാധ്യമങ്ങളെ കാണുന്നു. മരവിപ്പിച്ച ഹരിതക്കാരെ പിരിച്ചുവിട്ട് പുതിയ കമ്മിറ്റി നിലവില്‍ വരുമ്പോള്‍ മുന്‍ ഹരിത നേതാവായ അഡ്വ ഫാത്തിമ തഹ്ലിയയും സ്ഥാനത്തുനിന്ന് തെറിക്കുന്നുണ്ട്. അഡ്വ ഫാത്തിമ തഹ്ലിയ സമകാലിക വിഷയങ്ങളിലും മുന്‍ വിവാദങ്ങളിലും പ്രതികരിച്ചുകൊണ്ട് അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിന്റെ അവസാന ഭാഗം.  അഭിമുഖത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം.


ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലീഗിനുള്ളിലെ തന്നെ എംഎസ്എഫുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് എന്നൊരു ആരോപണമുണ്ടായിരുന്നു. അതിന്റെ യാഥാര്‍ത്ഥ്യമെന്ത്?

ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അങ്ങനെ കാണേണ്ടതല്ല. അങ്ങനെയൊരു വായനയുടെ ആവശ്യമില്ല. ഹരിതയുമായി ബന്ധപ്പെട്ട് ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം. അത് വിഭാഗീയതയൊന്നുമല്ല. വിഭാഗീയതയുടെ പ്രശ്നങ്ങള്‍ അവിടെയുണ്ടെങ്കില്‍ തന്നെ അതിനെ ഇതുമായി ബന്ധപ്പെടുത്തി ഇതിന്റെ മെറിറ്റിനെ ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം.

വിഭാഗീയത ഉണ്ടെന്ന് അപ്പോള്‍ യാഥാര്‍ത്ഥ്യമാണല്ലേ?

എല്ലായിടത്തും വിവിധതരം അഭിപ്രായങ്ങള്‍ ഉണ്ടാവുമല്ലോ. അത് ജനാധിപത്യത്തില്‍ ആവശ്യമാണ്. നിങ്ങള്‍ക്ക് നിങ്ങളുടേതായ അഭിപ്രായം ഉണ്ടാവും. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുമ്പോള്‍ തന്നെ ഒരു തീരുമാനം വന്നാല്‍ അത് അംഗീകരിക്കുന്ന രീതിയാണ് ഉണ്ടാകാറുള്ളത്. നമ്മള്‍ വോട്ടുചെയ്യുന്ന എല്ലാവരും രാജ്യത്ത് പ്രധാനമന്ത്രിമാരും മന്ത്രിമാരുമൊന്നും ആകുന്നില്ലല്ലോ. ഹരിതയുമായി ബന്ധപ്പെട്ടുണ്ടായ പരാതിക്ക് അടിസ്ഥാനം സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ്. അത് പാര്‍ട്ടിയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. പാര്‍ട്ടിയുടെ വേദികളില്‍ പരിഹരിക്കാന്‍ വേണ്ടിയുള്ള ശ്രമം നടത്തിയതാണ്. അതിന്റെ അവസാനഘട്ടത്തിലാണ് വനിത കമ്മീഷനില്‍ പരാതിയുമായി എത്തിയത്.

എംഎസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടിയില്ലെങ്കിലും കുഴപ്പമില്ല, പകരം ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഫാത്തിമ ത്വഹാനിയെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെട്ടതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിലെന്തെങ്കിലും ശരിയുണ്ടോ? ത്വഹാനിക്ക് പകരം ആഷിഖ ഖാനത്തിന് അവസരം നല്‍കണമെന്ന ആവശ്യവും നിങ്ങള്‍ക്കുണ്ടായിരുന്നോ?

അതൊക്കെ തെറ്റായിട്ടുള്ള വാര്‍ത്തകളും വിഷയത്തിന്റെ മെറിറ്റിനെ ഇല്ലാതാക്കാനുള്ള വാദങ്ങളുമാണ്. അത്തരത്തിലുള്ള സംസാരങ്ങളോ നീക്കങ്ങളോ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ വന്ന ലീഗിന്റെ പ്രതിനിധികള്‍ വിഷയമെന്താണെന്ന് കേട്ടിട്ട് പോലുമില്ല. ആ സമയത്താണ് അവര്‍ വിഷയം പോലും അറിയുന്നത്. മാന്യമായി കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഞങ്ങളെങ്ങനെയാണ് ഇതില്‍ പരിഹാരം പറയുക? ഇത് എപ്പോഴും പെണ്‍കുട്ടികള്‍ പരാതി പറയുമ്പോള്‍ അതിനെ കൂച്ചുവിലങ്ങിടാന്‍ വേണ്ടിയുള്ളതാണ്. സ്ത്രീയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയുണ്ട് ഈ പുരുഷകേന്ദ്രീകൃത സമൂഹത്തില്‍. അതിന്റെ ഭാഗമായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്.

വനിത ലീഗിലെ നേതാക്കളെല്ലാവരും ഹരിതയിലെ പെണ്‍കുട്ടികളുടെ മാതാവൊക്കെയാകാന്‍ തക്കവിധം പ്രായമുള്ളവരാണ്. അവരെന്ത് കൊണ്ടാണ് നിങ്ങളെ പിന്തുണക്കാത്തത്?

അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാനവരുടെ (ഹരിതക്കാരുടെ) സീനിയറാണ്. ഈ വിഷയത്തില്‍ ഞാനുള്‍പ്പെടെയുള്ള ആളുകള്‍ വനിത ലീഗിന്റെ സ്റ്റേറ്റ് പ്രസിഡന്റിനോടും ജനറല്‍സെക്രട്ടറിയോടുമെല്ലാം സംസാരിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളോടു പറയുന്ന മധുരമുള്ള വാക്കുകള്‍ മീഡിയകളില്‍ ഉള്‍പ്പെടെയുള്ള പ്രത്യക്ഷമായ ഇടങ്ങളിലെ അഭിപ്രായപ്രകടനങ്ങളിലൊന്നും കണ്ടിട്ടില്ല. അതിലൊക്കെ ഒരുപാട് പ്രയാസമുണ്ട്. സ്ത്രീ അനുകൂലമായിട്ടുള്ള, സൗഹാര്‍ദ്ദപരമായിട്ടുള്ള നയങ്ങളും നടപടികളും രൂപീകരിക്കാന്‍ സ്ത്രീയാകണമെന്നില്ല. പലപ്പോഴും നല്ല നിയമങ്ങള്‍ കൊണ്ടുവരുന്നത് അസംബ്ലിയിലെ ആണുങ്ങളായുള്ള നേതാക്കന്‍മാരാണ്. അതുപോലെതന്നെയാണിതും. സ്ത്രീയായതുകൊണ്ട് മാത്രം സ്ത്രീപക്ഷമാണെന്ന് പറയാന്‍ കഴിയില്ല.

യൂത്ത് ലീഗിന്റെ ഭാരവാഹിപ്പട്ടികയില്‍ വനിതാപ്രാതിനിധ്യം 20ശതമാനം കൊണ്ടുവരുമെന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം പട്ടികയില്‍ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല. തഹ്ലിയയുടേയും മറ്റു രണ്ടുമൂന്നുപേരുടേയും പേരുകള്‍ ഉണ്ടാവുമെന്ന് കേട്ടിരുന്നു. പ്രഖ്യാപനത്തിന് ശേഷം ഉണ്ടായില്ല. എന്താണ് പ്രതികരണം?

ഞാന്‍ വേണം മറ്റൊരാള്‍ വേണം എന്നതല്ല. പൊതുസമൂഹത്തില്‍ അഭിപ്രായരൂപീകരണമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാധാന്യം. ജനാധിപത്യപ്രക്രിയയെ ഊര്‍ജ്ജസ്വലമാക്കി നിര്‍ത്താനുള്ള പൊളിറ്റിക്കല്‍ ഒപ്പീനിയന്‍ ബോഡിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. രാഷ്ട്രീപാര്‍ട്ടികളുടെ ഓരോ വിങ്ങിലും ആണുങ്ങളെപ്പോലെ തന്നെ പെണ്ണുങ്ങളും ഉണ്ടാവണം. അല്ലെങ്കില്‍ എല്ലാ ശബ്ദങ്ങളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുക എന്നത് പ്രധാനമാണ്. യൂത്ത് ലീഗില്‍ മാത്രമല്ല, മുസ്ലിം ലീഗിലും നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരണം. അതായത് സ്ത്രീപക്ഷമായുള്ളവര്‍ വരണം.

അഭിപ്രായം പറഞ്ഞതിനുശേഷം സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു, പ്രശ്നം പറഞ്ഞ പെണ്‍കുട്ടികളെ പിന്തുണച്ചതിന്റെ പേരിലാണല്ലോ എംഎസ്എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ഇനിയെന്താണ് ലീഗില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?

എംഎസ്എഫിന്റെ നാഷ്ണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് നീക്കം ചെയ്തത്. ഞാനിപ്പോള്‍ എംഎസ്എഫിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് മെമ്പറാണ്. ഇതുവരെ എന്താണോ ചെയ്തുകൊണ്ടിരുന്നത്. അതൊക്കെ ഞാനിപ്പോഴും ചെയ്യുന്നുണ്ട്. എന്നെ വിളിക്കുന്ന വേദികളിലൊക്കെ ഞാന്‍ പോകുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അപ്പോള്‍ അങ്ങനെയുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട്.

ഇതില്‍ നിന്നും മെച്ചപ്പെട്ട ഒരവസ്ഥ ലീഗില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ടോ?

മെച്ചപ്പെട്ട അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.

സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

സ്ഥാനമെന്ന് പറയുന്നത് ചോദിച്ചുവാങ്ങേണ്ട ഒന്നല്ല. അതൊരു ബഹുമതിയോ അല്ല. അതൊരു ഉത്തരവാദിത്തമാണ്. അതിന്റെ സ്ട്രഗ്ഗിളും സ്ട്രെസ്സും ഉണ്ടാവും. ഇപ്പോള്‍ കുറച്ചൂടെ ഫ്രീയാണ്. ഉത്തരവാദിത്തങ്ങളുടെ പ്രെഷറില്ലാതെ ഓപ്പണായിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. സ്ഥാനം തരുന്നതും എടുക്കുന്നതും ആ പാര്‍ട്ടിയുടെ സ്വമേധയാലുള്ള തീരുമാനമാണ്. സ്ഥാനത്തുനിന്ന് നീക്കം ചെയ്തെന്ന് പറഞ്ഞ് റിമൂവ് ചെയ്തുള്ള നോട്ടീസ് തന്നിട്ടില്ല. ലെറ്ററും തന്നിട്ടില്ല. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതില്‍ പരാതി പറയാനും പോയിട്ടില്ല. റിമൂവ് ചെയ്തിട്ടുള്ളത് അവരുടെ അവകാശമാണ്. ഞാനാ സ്ഥാനത്തേക്ക് യോഗ്യതയുള്ളയാളാണെങ്കില്‍ മാത്രം എന്നെ അവിടെ ഇരുത്തിയാല്‍ മതി. അല്ലാത്തിടത്തോളം കാലം സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും മറ്റൊരാളെ നിശ്ചയിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഭാവിപ്രവര്‍ത്തനം?

ഇതുപോലെ പ്രവര്‍ത്തിച്ച് മുന്നോട്ടുപോകും.

അടുത്തിടെ നടത്തിയ വിദേശയാത്രകളില്‍ പലയിടങ്ങളിലും സ്വീകരണം നല്‍കരുതെന്ന് ലീഗിന്റെ പ്രസ്ഥാവനയുണ്ടായിരുന്നു. അറിഞ്ഞിരുന്നോ?

കണ്ടിരുന്നു.

പ്രതികരണം?

ഇപ്പോള്‍ നടക്കുന്നത് എന്താണെന്ന് വെച്ചാല്‍ ടോട്ടലി കണ്‍ഫ്യൂസ്ഡായ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തത്തില്‍ നിന്നുള്ളതാണോയെന്ന് അറിയില്ല. പക്ഷേ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നുണ്ട്. ഞാനതിനോട് യോജിക്കുന്നില്ല. ഞാനിപ്പോഴും മുസ്ലിംലീഗിന്റെ മെമ്പര്‍ഷിപ്പുള്ള പ്രവര്‍ത്തകയാണ്. എനിക്ക് അതിനുള്ള അവകാശമുണ്ട്. പോകാനും വിളിക്കുന്ന വേദികളില്‍ സംസാരിക്കുവാനുമുള്ള റൈറ്റുണ്ട്. അത് ഞാന്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്.

സിപിഎമ്മിലേക്ക് ഓഫര്‍ വന്നാലും പോകില്ലെന്നുണ്ടോ?

ഇല്ല.

ജെന്റര്‍ന്യൂട്രല്‍ യൂണിഫോമിനെ എതിര്‍ത്ത സമയത്ത് നിങ്ങളുടെ പാന്റും ഷര്‍ട്ടുമിട്ട ചിത്രങ്ങള്‍ വാട്സ്അപ്പിലും ഫേസ്ബുക്കിലുമൊക്കെ ഭയങ്കരമായി ഓടിക്കൊണ്ടിരുന്നു. നിങ്ങള്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും മറ്റുള്ളവരെ എതിര്‍ക്കുകയും ചെയ്യുകയാണെന്നുള്ള ആക്ഷേപമായിരുന്നു ഉയര്‍ന്നിരുന്നത്?

ഞാന്‍ പാന്റിനും ഷര്‍ട്ടിനും എതിരല്ല. അതെന്റെ നിലപാടല്ല. പാന്റും ഷര്‍ട്ടും മാത്രമേ ഇടാവൂ എന്ന നയത്തിനാണ് എതിര്. ജെന്റര്‍ ന്യൂട്രല്‍ എന്നുപറഞ്ഞ് പാന്റും ഷര്‍ട്ടും ധരിച്ച് വരണം എന്ന് പറയുന്നത് അപകടകരമാണ്. നിങ്ങള്‍ ജെന്റര്‍ സെന്‍സിറ്റിവിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ചോളൂ. ജെന്റര്‍ സംവേദനക്ഷമത ഉണ്ടാക്കുന്നതിന് വേണ്ടി സംസാരിക്കൂ. നിങ്ങള്‍ക്ക് തുണി കൊടുക്കാം. അതെങ്ങനെ ഇട്ടുവരണമെന്ന് നിങ്ങള്‍ പറഞ്ഞുതരേണ്ട. സ്‌കൂളിലെ കുട്ടികളെ ഈസിയായി കണ്‍ട്രോള്‍ ചെയ്യാന്‍ വേണ്ടിയാണല്ലോ യൂണിഫോം സിസ്റ്റം. അങ്ങനെ യൂണിഫോം സിസ്റ്റം കൊണ്ടുവരുമ്പോള്‍ എല്ലാര്‍ക്കും ഒരേ തുണി കൊടുക്കുകയും അതുകൊണ്ട് അവര്‍ക്കിഷ്ടമുള്ള ചുരിദാറോ പാന്റും ഷര്‍ട്ടോ പാവാടയോ എന്താണെങ്കിലും ധരിക്കട്ടെ. നിങ്ങള്‍ തുണി നല്‍കി പാന്റും ഷര്‍ട്ടും ഇട്ട് വരാന്‍ പറഞ്ഞ് ജെന്റര്‍ ന്യൂട്രല്‍ വസ്ത്രമെന്ന് പറയേണ്ടതില്ല. അതിനെ വേണമെങ്കില്‍ കംഫര്‍ട്ട് യൂണിഫോം എന്ന് വിളിച്ചോളൂ. അതാണ് ബെറ്റര്‍.

അപ്പോള്‍ കംഫര്‍ട്ട് യൂണിഫോം എന്ന നിലയില്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനെ അംഗീകരിക്കുന്നുണ്ടോ?

ഇല്ല. ജെന്റര്‍ ന്യൂട്രാലിറ്റിയെ ഞാന്‍ അംഗീകരിക്കുന്നേയില്ല. ജെന്റര്‍ സെന്‍സെറ്റൈസേഷനെ അംഗീകരിക്കുക എന്നതാണ് മുദ്രാവാക്യം.

ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം, വിവാഹപ്രായം 21 ആക്കല്‍ ഇതിനൊക്കെ നിങ്ങള്‍ക്കും മുസ്ലിംലീഗ് പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയെന്ന് വിശ്വസിക്കുന്നുണ്ടോ?

ഞാനങ്ങനെ സ്വീകാര്യതക്ക് വേണ്ടിയല്ല നിലപാടെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ഹരിത വിഷയത്തില്‍ പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എല്ലാവരും ഇരുന്നപോലെ എനിക്കും ഇരിക്കാരുന്നല്ലോ. നിലപാട് പറയാന്‍ പറ്റുക എന്നതുള്ളതാണ് ആഗ്രഹം. അതിനുവേണ്ടി ജീവിതത്തിന്റെ അവസാനം വരെയും കലഹിക്കാന്‍ തന്നെയാണ് തീരുമാനം.

ഒരു മുസ്ലിം കമ്മ്യൂണിറ്റി എന്ന നിലയില്‍ ഇതിന്റെയൊക്കെ പ്രശ്നം അനുഭവിക്കുന്ന ഒരു സമുദായമാണ്. പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചുവിടുകയും ജോലിക്ക് വിടാതിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്താണ് അഭിപായം?

പുതിയ കാലത്ത് കണ്ടുവരുന്ന മാറ്റമാണ് വിദ്യാഭ്യാസത്തിനിടയില്‍ വിവാഹമൊരു പ്രശ്നമല്ലാത്ത വിഷയം. ജീവിതത്തിലെ ചില ഘട്ടങ്ങള്‍ അങ്ങനെ കടന്നുപോകാറുണ്ട്. അതുപോലെ ഇതും സംഭവിക്കുന്നുണ്ട്.

വിവാഹം ഈസിയാണെന്നാണോ?

അതല്ല. പറഞ്ഞുവരുന്നത് പഠിക്കുകയും അതിനിടയില്‍ വിവാഹം കഴിക്കുകയും ചെയ്യുന്നവരുണ്ട് എന്നതാണ്. 18 നും 21 നും ഇടയിലുള്ള വിവാഹങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 62 ശതമാനേത്താളേം നടക്കുന്ന വിവാഹങ്ങള്‍ സ്വയം കണ്ടെത്തുന്ന ഇണകളുമായി ഉള്ളതാണെന്ന് ഒരു പഠനത്തില്‍ പറയുന്നുണ്ട്. അതായത് അത് ഫോഴ്സ്ഫുളിയായതല്ല. പഠിക്കുന്ന സ്‌കൂളിലെ സുഹൃത്തിനെ വിവാഹം കഴിക്കുക തുടങ്ങിയുള്ള വിവാഹങ്ങളാണതൊക്കെ. 26 ശതമാനവും മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്ന വിവാഹമാണുള്ളത്. അത് സൂചിപ്പിക്കുന്നത് അവര്‍ തീരുമാനമെടുക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. അത് പഠിച്ചോണ്ടിരിക്കുന്ന കാലഘട്ടങ്ങളില്‍ നടക്കുന്നതാണ്.