ആദ്യം സ്ഥലംമാറ്റം, ഇനി അന്വേഷണം;  ഡോക്ടര്‍ പ്രഭുദാസിനെ വിടാതെ സര്‍ക്കാര്‍

ആശുപത്രിയിലെ ക്രമക്കേടുകളുടെ പേരിലാണ് മൂന്നംഗ സമിതിയെ ഡോക്ടര്‍ക്കെതിരായ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്
 
prabhudas-veena george


അട്ടപ്പാടിയിലെ കോട്ടത്തര ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മുന്‍ സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെതിരേ അന്വേഷണം. ആശുപത്രിയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ചാണ് അന്വേഷണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍, വിജിലന്‍സിന്റെ ചുമതലയുള്ള അഡിഷണല്‍ ഡയറക്ടര്‍, പാലക്കാട് ഡിഎംഒ എന്നിവരടങ്ങുന്ന മൂന്നംഗ സംഘമായിരിക്കും പ്രഭുദാസിനെതിരേ അന്വേഷണം നടത്തുക. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മൂന്നംഗ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരമങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇപ്പോഴത്തെ നടപടിയുടെ തുടക്കം. കോട്ടത്തറ ആശുപത്രിക്കുണ്ടായ വീഴ്ച്ചയാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ശിശുമരണങ്ങള്‍ വിവാദമായതോടെ ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി കോട്ടത്തറ ആശുപ്രതിയിലും വന്നിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ വന്‍ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം സൂപ്രണ്ടായ പ്രഭുദാസിനുണ്ടെന്നുമുള്ള പരാതികള്‍ മന്ത്രിക്കു മുന്നിലെത്തിയിരുന്നു.ആശുപത്രി നിര്‍മാണം മുതല്‍ കാന്റീന്‍ ജീവനക്കാരെ നിയമിച്ചതിലടക്കം അഴിമതി നടന്നുവെന്ന ആരോപണവും പ്രഭുദാസിനെതിരേ ഉയര്‍ന്നു. 

ഇല്ലാത്ത യോഗത്തിന്റെ പേര് പറഞ്ഞ് തന്നെ തിരുവനന്തപുരത്ത് എത്തിച്ചശേഷമാണ് ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ എത്തിയതെന്നായിരുന്നു പ്രഭുദാസന്റെ ആക്ഷേപം. തനിക്കെതിരേ ആരോഗ്യവകുപ്പ് പരാതികള്‍ ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു പരസ്യ പ്രതികരണത്തിലൂടെ മന്ത്രിയെയും സര്‍ക്കാരിനെയും ഉന്നം വച്ച് പ്രഭുദാസ് സംസാരിച്ചത്.  'ട്രൈബല്‍ വകുപ്പില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് ഒന്നാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യ്ത ഗൂഗിള്‍ മീറ്റ് വഴിയുള്ള ഉന്നതതലയോഗത്തില്‍ പങ്കെടുത്തിരുന്നു. ട്രൈബല്‍ ഹെല്‍ത്തിന്റെ നോഡല്‍ ഓഫിസര്‍ എന്ന നിലയില്‍ കൂടി എന്നോട് പലകാര്യങ്ങളും ചോദിക്കുകയും മറുപടി നല്‍കുകയും ചെയ്തു. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്നു കോട്ടത്തറ ആശുപത്രി. പിന്നാട് ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും ഒരുമിച്ച് ഈ ആശുപത്രി സംരക്ഷിക്കുകയാണെങ്കില്‍ ആവശ്യത്തിന് ഫണ്ട് ലഭിക്കാനും കൂടുതല്‍ ഉപകരണങ്ങള്‍ സ്വന്തമാക്കാനും ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാമെന്നും അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയും ട്രൈബല്‍ വകുപ്പ് മന്ത്രിയും പങ്കെടുത്ത യോഗമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ നാലാം തീയതി തിരുവനന്തപുരത്ത് എത്താന്‍ ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. അതനുസരിച്ച് തിരുവനന്തപുരത്ത് എത്താന്‍ വേണ്ടി അട്ടപ്പാടിയില്‍ നിന്നും ഞാന്‍ കൊല്ലത്ത് എന്റെ വീട്ടില്‍ എത്തി. അവിടെ നിന്നും നാലാം തീയതി രാവിലെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകാമെന്നായിരുന്നു ഉദ്ദേശം. തലേദിവസം കൊല്ലത്ത് എത്തിയശേഷം ആരോഗ്യവകുപ്പ് സെക്രട്ടറിയെ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുത്തില്ല. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ പലരെയും വിളിച്ചു, യോഗം എവിടെയാണെന്ന് അവരാരും പറയുന്നില്ല. പാലക്കാട്ടെ ഡിഎംഒയെയും സബ് കളക്ടറെയും വിളിച്ചു, അവര്‍ക്ക് അങ്ങനെയൊരു യോഗത്തെക്കുറിച്ച് അറിയില്ല. പിറ്റേദിവസം ഹെല്‍ത്ത് സെക്രട്ടറിയെ നേരിട്ട് കാണാന്‍ വേണ്ടി കൊല്ലത്ത് നിന്നും ഞാന്‍ യാത്ര ചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നോട് വിളിച്ചു പറയുന്നത്, ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ ഉണ്ടെന്ന്': ഡോക്ടര്‍ പ്രഭുദാസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ കാര്യങ്ങളാണിത്.  ആരോഗ്യമന്ത്രി വീണ ജോര്‍ജ് അട്ടപ്പാടി സന്ദര്‍ശിച്ചതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപവും പ്രഭുദാസ് അന്ന് ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷ നേതാവ് അട്ടപ്പാടിയില്‍ വരുന്നതിന് മുമ്പ് അവിടെ എത്താന്‍ വേണ്ടിയാണ് ഒരു സര്‍പ്രൈസ് വിസിറ്റ് പോലെ മന്ത്രി അട്ടപ്പാടിയില്‍ വന്നതെന്ന വിമര്‍ശനമായിരുന്നു ഡോക്ടറുടേത്.

സര്‍ക്കാരിനും മന്ത്രിക്കുമെതിരേ പരസ്യമായി പ്രതികരിച്ചതിനു പിന്നാലെയാണ് ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ കൂടിയായിരുന്ന പ്രഭുദാസിനെ കോട്ടത്തറയില്‍ നിന്നും മാറ്റിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് വരുന്നത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല നല്‍കിയായിരുന്നു പ്രഭുദാസിന് സ്ഥലമാറ്റം നല്‍കിയത്. ഭരണസൗകര്യാര്‍ത്ഥം എന്നായിരുന്നു സ്ഥലം മാറ്റത്തിനു പിന്നിലെ സര്‍ക്കാര്‍ വിശദീകരണമെങ്കിലും ഡോക്ടര്‍ക്കെതിരേയുള്ള നടപടിയായിട്ടാണ് ആരോഗ്യവകുപ്പ് തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. സ്വഭാവിക നടപടിയെന്നാണ് മന്ത്രിയും പറഞ്ഞതെങ്കിലും, താന്‍ അട്ടപ്പാടിയില്‍ പോയതിനുശേഷമുള്ള സാഹചര്യം മലീമസമാക്കാന്‍ ശ്രമങ്ങള്‍ നടന്നെന്ന മന്ത്രിയുടെ വാക്കുകളില്‍ നിന്നും സര്‍ക്കാരിന് ഡോക്ടര്‍ അനഭിമതനായി തീര്‍ന്നുവെന്നതിന്റെ സൂചനയുണ്ടായിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണവും പ്രഭുദാസിനെതിരേ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡോക്ടര്‍ പ്രഭുദാസിനെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പ്. ആശുപത്രിയുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടുകളായിരുന്നു ഡോക്ടര്‍ക്കെതിരെ ചൂണ്ടിക്കാണിച്ചത്. ആശുപത്രിയിലേക്ക് ഉകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ലാബ് റീ ഏജന്റുകള്‍ വാങ്ങിയതിലും വൈദ്യുതി ബില്‍ അടയ്്കകുന്നതിലും ആശുപത്രി കാന്റീനിലേക്ക് വിറക് വാങ്ങിയതിലും കാന്റീനില്‍ താത്കാലിക ജീവനക്കാരെ നിയമച്ചതിലുമെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നും സൂപ്രണ്ടായിരുന്ന പ്രഭുദാസിന് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും പരാതികളുണ്ട്. ഈയാരോപണങ്ങള്‍ നിലനില്‍ക്കെയാണ് ആശുപത്രി കാന്റീന്‍ പൂട്ടാന്‍ കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുത്തത്. ആശുപത്രിക്ക് നിലവില്‍ രണ്ടുകോടി രൂപയുടെ കടബാധ്യതയുണ്ടെന്നും കാന്റീനു മാത്രം 79 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിട്ടുണ്ടെന്നുമാണ് മാനേജ്‌മെന്റ് കമ്മിറ്റി പറയുന്നത്. പത്തുലക്ഷം മാത്രമാണ് കാന്റീന് കിട്ടാനുള്ളതെന്നും ഈയൊരു സാഹചര്യത്തിലാണ് താത്കാലികമായി പൂട്ടാന്‍ തീരുമാനം എടുത്തതെന്നും കാന്റീന്‍ വീണ്ടും തുറന്നു നടത്താന്‍ വേണ്ടി ടെന്‍ഡര്‍ വിളിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പറയുന്നുണ്ട്. വലിയ അഴിമതി ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്നാണ് മാനേജ്‌മെന്റ് കമ്മിറ്റിയും കുറ്റപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണവും മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 

കോട്ടത്തറ ആശുപത്രിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡോക്ടര്‍ പ്രഭുദാസിന്റെ ആവശ്യങ്ങള്‍ പലതവണ നിരാകരിച്ചിട്ടുണ്ടെന്ന വിവരവും പുറത്തു വന്നിരുന്നു. കുട്ടികളുടെ ഐ സി യു ആരംഭിക്കും. ഗൈനക്കോളദി, പീഡിയാട്രിക് വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പിക്കുമെന്നായിരുന്നു അട്ടപ്പാടിയില്‍ വച്ച് മന്ത്രി പറഞ്ഞത്. എന്നാല്‍, ആശുപത്രിയില്‍ മാതൃ-ശിശു വാര്‍ഡ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനും നാലാം നിലയിലെ വാര്‍ഡിലേക്ക് ലിഫ്റ്റ് നിര്‍മിക്കാനും സഹായം തേടി സൂപ്രണ്ടായ ഡോക്ടര്‍ പ്രഭുദാസ് ആരോഗ്യവകുപ്പിനെ ഒന്നിലേറെ തവണ സമീപിച്ചിട്ടും നിരാശയായിരുന്നുവെന്നാണ് പറയുന്നത്. തന്നെ മനഃപൂര്‍ഴം ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് ആശുപത്രിക്കെതിരേ പരാതികള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ സംശയമുണ്ടെന്നു ഡോക്ടര്‍ പ്രഭുദാസ് പറഞ്ഞതും ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

2007 മുതല്‍ കോട്ടത്തറ ആശുപത്രിയില്‍ സേവനം ചെയ്തു വന്ന ഡോക്ടര്‍ പ്രഭുദാസിനെതിരേ ഇതാദ്യമായല്ല അന്വേഷണം നടക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വരെ ഡോക്ടര്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. ഒന്നിനു പുറകെ ഒന്നായി വിജിലന്‍സ് അന്വേഷണങ്ങള്‍ താന്‍ നേരിട്ടുണ്ടെന്ന് ഡോക്ടര്‍ പ്രഭുദാസ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ മറിച്ചു വില്‍ക്കുന്നുവെന്ന പരാതിയിലായിരുന്നു നേരത്തെയുണ്ടായിട്ടുള്ള വിജിലന്‍സ് അന്വേഷണം. 2007 ഓഗസ്റ്റില്‍ ആയിരുന്നു കോട്ടത്തറ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാധാരണ ജനുവരി മാസത്തിലാണ് എല്ലാ ആശുപത്രികളിലേക്കും മരുന്നുകളുടെ സപ്ലൈ നടക്കുന്നത്. അതുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കോട്ടത്തറ ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നു ശേഖരിച്ച മരുന്നുകളായിരുന്നു. ചിലതൊക്കെ അളവിലും കൂടുതലും കിട്ടി. ചിലതൊക്കെ കുറവും. ഇതോടെയാണ് ഡോക്ടര്‍ പ്രഭുദാസ് കോട്ടത്തറയിലേക്കുള്ള മരുന്നുകള്‍ കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി മറിച്ചുവില്‍ക്കുന്നു എന്ന പരാതി ഉയര്‍ന്നത്. ആശുപത്രിയില്‍ നിന്നും ഒരു വണ്ടി പുറത്തേക്കുപോയാല്‍ ഉടന്‍ അന്വേഷണസംഘം തന്നെ തേടിയെത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പ്രഭുദാസ് തന്നെ പറഞ്ഞിട്ടുണ്ട്. പുറത്തു പോകുന്ന വണ്ടികളില്‍ മരുന്നുകള്‍ കടത്തുകയാണെന്നായിരുന്നു ആക്ഷേപം. പക്ഷേ വിജിലന്‍സ് അന്വേഷണങ്ങളില്‍ ഡോക്ടര്‍ക്കെതിരേ തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍പ്പോലും അന്വേഷണം നടക്കുകയുണ്ടായി. എല്ലാ അന്വേഷണത്തിലും ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നു കണ്ടെത്തി. സര്‍വീസില്‍ കയറി പതിനാറു വര്‍ഷം കഴിഞ്ഞിട്ടും ഡോക്ടര്‍ പ്രഭുദാസിന്റെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്തു കൊടുത്തിരുന്നില്ല. ഒരു ഡോക്ടറുടെ അടിസ്ഥാന ശമ്പളം മാത്രം വാങ്ങിയായിരുന്നു കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രഭുദാസ് ജോലി ചെയ്തിരുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന കാരണം പറഞ്ഞായിരുന്നു ഡോക്ടറുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചിരുന്നത്. പിന്നീടൊരിക്കല്‍ ഡോക്ടര്‍ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്, നിലവില്‍ ഡോക്ടര്‍ക്കെതിരെ എന്തെങ്കിലും വിജിലന്‍സ് അന്വേഷണം ഉണ്ടോയെന്ന് പരിശോധിച്ചിട്ട് നടപടിയെടുക്കാമെന്നായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു അന്വേഷണം ഡോക്ടര്‍ പ്രഭുദാസിനെതിരേ ആരംഭിച്ചിരിക്കുന്നത്. പുതിയ നടപടികളുമായി ബന്ധപ്പെട്ട് ഡോക്ടര്‍ പ്രഭുദാസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.