48 പേരുമായി മത്സ്യബന്ധന ബോട്ട് മുങ്ങി; ആളപായം ഇല്ല, നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം

 
Vyppin Boat Tragedy

കടലില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ അടിയന്തിരമായി നീക്കണം

പുതുവൈപ്പിനില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി. പുതുവൈപ്പിനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറു നീങ്ങിയാണ് അപകടം. 48 മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റു മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് രക്ഷപെടുത്തിയത്. ചിലര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കടലില്‍ അപകടത്തില്‍പെട്ടു കിടന്ന ബോട്ടിന്റെ അവശിഷ്ടവുമായി കൂട്ടിയിടിച്ച് സെന്റ് ആന്റണീസ് എന്ന ബോട്ടാണ് തകര്‍ന്നത്. ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയി. 

അതേസമയം, നേരത്തെ അപകടത്തില്‍ തകര്‍ന്ന ബോട്ട് നീക്കണമെന്ന് മത്സ്യബന്ധന വകുപ്പിനോടും കൊച്ചിന്‍ പോര്‍ട്ട് അധികൃതരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ആളപായം ഉണ്ടായില്ലെങ്കിലും വന്‍ തുകയുടെ സാമ്പത്തിക നഷ്ടമാണ് ബോട്ടുടമയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായിട്ടുള്ളത്. 

സംഭവത്തില്‍, മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടു. കടലില്‍ അപകടത്തില്‍പ്പെട്ട് നീക്കം ചെയ്യാതെ കിടന്നിരുന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ തട്ടിയതാണ് യാനം മറിയാന്‍ കാരണമായത്. കടലുകളില്‍ തകര്‍ന്നു കിടക്കുന്ന ബോട്ടുകള്‍ നീക്കം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം ബോട്ടുടമയ്ക്കാണെന്നിരിക്കെ, ബോട്ടുടമയില്‍നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്ന പോര്‍ട്ടും മറ്റും വകുപ്പുകളും സംയുക്തമായി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കടലില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന ബോട്ടുകളുടെ അവശിഷ്ടങ്ങള്‍ അടിയന്തിരമായി നീക്കാനും അവ തിരിച്ചറിയുന്ന രീതിയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം. അല്ലാത്തപക്ഷം ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. 

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ബോട്ടുകളുടെ ഇന്‍ഷുറന്‍സ് തുക ഭീമമായതിനാല്‍ നിരവധി ബോട്ടുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്ത അവസ്ഥയുണ്ട്. വ്യക്തിഗതമായി ഇന്‍ഷുറന്‍സ് എടുക്കുന്നത് ഭീമമായ ബാധ്യത സൃഷ്ടിക്കുന്നതിനാല്‍, ബോട്ടിനും ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് അയച്ച കത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.