'നടിയെ ആക്രമിച്ച കേസില്‍ കേസില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല'; ദിലീപിനെ പിന്തുണച്ച് മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ

 
srilekha

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്  ക്ലീന്‍ ചിറ്റ് നല്‍കി മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ പൊലീസിനെ പൂര്‍ണ്ണമായും തള്ളുന്ന തരത്തിലാണ് യൂട്യൂബ് ചാനലിലൂടെയുള്ള ആര്‍ ശ്രീലേഖയുടെ പ്രതികരണം. കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും, നടനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞു. 

ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.

'ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു. കേസിലെ ആറ് പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വര്‍ഷമായി വിചാരണത്തടവുകാരനായ പള്‍സര്‍ സുനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചാല്‍ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവര്‍ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതില്‍ കുടുക്കാനും തെളിവുകള്‍ നിരത്താനും ശ്രമിക്കുമ്പോള്‍ പൊലീസ് അപഹാസ്യരാവുകയാണ് -ശ്രീലേഖ പറഞ്ഞു. നടന്‍ ദിലീപ് അദ്ദേഹത്തിനെതിരെ എടുത്ത കേസില്‍ നിരപരാധിയാണെന്ന് ഞാന്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു എന്ന് എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പ്രസിദ്ധീകരിച്ചത്.

അതേസമയം ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചില്‍ ദിലീപിന്റെ താല്‍പര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി രംഗത്തെത്തി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.

ആര്‍.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എല്‍ എ പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്നയാള്‍ ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു. 

ആര്‍.ശ്രീലേഖയുടെ പ്രതികരണത്തിനെതിരെ നടി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമമമെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. അതിജീവിതയെ ഒന്ന് നേരില്‍ കാണാന്‍ പോലും അനുവദിക്കാത്ത ആളാണ് ശ്രീലേഖ. ഇപ്പോഴത്തെ നിലപാടിലെ വിയോജിപ്പ് നേരിട്ട് അറിയിച്ചെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.