കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ അമ്പത് സെന്റ് ഭൂമിയുള്ള നായര്‍ എങ്ങനെ ദരിദ്രനാകും? സവര്‍ണ സംവരണത്തിന്റെ യുക്തി എന്താണ്? സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

 
കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ അമ്പത് സെന്റ് ഭൂമിയുള്ള നായര്‍ എങ്ങനെ ദരിദ്രനാകും? സവര്‍ണ സംവരണത്തിന്റെ യുക്തി എന്താണ്? സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

സവര്‍ണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമനം സംവരണം ഏര്‍പ്പെടുത്തിയതില്‍ എന്താണ് തെറ്റ്? സമൂഹത്തിലെ ഒരു വിഭാഗത്തില്‍ നിന്നുയരുന്ന ചോദ്യമാണിത്. എന്തുകൊണ്ട് സാമ്പത്തിക സംവരണം തെറ്റും ഭരണഘടനാ നീതിക്ക് എതിരാണെന്നും വിശദീകരിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് സാമൂഹ്യ നിരീക്ഷകനും ദളിത് ചിന്തകനുമായ സണ്ണി എം കപിക്കാട്.

സവര്‍ണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതില്‍ യുക്തിയുണ്ട്. എന്നാല്‍, സംവരണം എന്നത് അത്തരമൊരു വിഭാഗത്തെ സഹായിക്കാന്‍ ഭരണഘടനപരമായി ഉണ്ടാക്കിയിരിക്കുന്ന സംവിധാനമില്ലാത്തിടത്താണ് യുക്തി ഇല്ലായ്മ വരുന്നത്. അവിടെയാണ് വിമര്‍ശനവും എതിര്‍പ്പും ഉയരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയല്ല സംവരണം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, ഇന്ത്യന്‍ സമൂഹത്തിലെ അടിസ്ഥാന പ്രകൃതമായിട്ടുള്ള സാമൂഹിക ബഹിഷ്‌കരണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ചില വിഭാഗങ്ങള്‍ക്ക് സ്വാഭാവിക നീതി കിട്ടില്ല. അത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് ആധുനിക ദേശരാഷ്ട്രത്തിനകത്ത് നിയമപരമായി പങ്കാളിത്തം ഉറപ്പ് ചെയ്യണം. എല്ലാ മേഖലകളിലും അവരുടെ കൂടി പ്രാതിനിധ്യം ഉറപ്പാക്കണം. നിയമപരമായി ഈ പ്രാതിനിധ്യം ഉറപ്പാക്കിയില്ലെങ്കില്‍ അവര്‍ പുറത്താകും. ഇതാണ് സംവരണത്തിന്റെ അടിസ്ഥാനപരമായ നയം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നില്ല. അവര്‍ സാമൂഹികപരമായി ബഹിഷ്‌കൃതരായ വിഭാഗമല്ല. പണമില്ലായ്മയുടെ പ്രശ്‌നങ്ങളാണ് അവര്‍ നേരിടുന്നത്. ഇതെല്ലാ വിഭാഗത്തില്‍പ്പെട്ടവരും നേരിടുന്ന പ്രശ്‌നം തന്നെയാണ്. സാമ്പത്തികമല്ല സംവരണത്തിന്റെ അടിസ്ഥാനമെന്നതുകൊണ്ടാണ് ഇപ്പോഴത്തെ തീരുമാനം ഭരണഘടന നീതിക്ക് എതിരാണെന്നു പറയേണ്ടി വരുന്നത്.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നു പറയുമ്പോഴും അതിന്റെ അധികാരത്തിന്റെ കോമ്പിനേഷനും ഓറിയന്റേഷനും സവര്‍ണ സമൂഹങ്ങളോടാണ്. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ നീതി കൊടുക്കാത്ത സ്ഥാപനങ്ങളല്ല, എല്ലാവര്‍ക്കും കൊടുക്കുന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാണ് സാമ്പത്തിക സംവരണത്തില്‍ തീരുമാനം എടുത്തത്. സവര്‍ണര്‍ നേതാക്കളല്ലാത്ത ഏതു പാര്‍ട്ടിയാണ് ഇന്ത്യയിലുള്ളത്? മുസ്ലിം ലീഗ് അല്ല, അവര്‍ എതിര്‍ക്കുകയും ചെയ്തു. ഒവൈസി എതിര്‍ത്തു.വേറെയാര് എതിര്‍ത്തു? ബിഎസ്പിയുടെ നേതാവ് മായാവതി മാത്രമല്ല, സതീഷ് ചന്ദ്ര മിശ്രയാണ് അവരുടെ ജനറല്‍ സെക്രട്ടറി, അദ്ദേഹം ബ്രാഹ്മണനാണ്. സിതാറാം യെച്ചൂരി ബ്രാഹ്മണനാണ്, രാഹുല്‍ ഗാന്ധി ബ്രാഹ്മണനാണ്. ആരാണ് അല്ലാത്തത്? ഇവര്‍ക്കൊക്കെ തങ്ങളുടെ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം കിട്ടണമെന്നാണ് ആഗ്രഹം. ഇന്ത്യയുടെ ഹൃദയമെന്നത് സവര്‍ണമായ ഒന്നാണ്. അതിനെ നൊമ്പരപ്പെടുത്താതിരിക്കുക, കൂടെ നിര്‍ത്തുക എന്നത് എല്ലാവരുടെയും താത്പര്യമാണ്.

പാവപ്പെട്ടവര്‍ എന്നെങ്ങനെയാണിവര്‍ കാറ്റഗറി ഉണ്ടാക്കുന്നത്? സവര്‍ണരില്‍ മാത്രമെ പാവപ്പെട്ടവരുള്ളോ? പത്തു ശതമാനം സംവരണം കൊടുക്കണം എന്നു പറയുന്നുണ്ടോ? പത്തു ശതമാനം വരെ എന്നാണ് കേന്ദ്ര നിയമത്തില്‍ പറയുന്നത്. അതെത്രവരെ വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും സാമ്പത്തിക സംവരണം ഇതുവരെ നടപ്പാക്കിയിട്ടില്ല. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു കേസ് ഉണ്ടായി. ആ കേസില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനു മുമ്പ് കേരളത്തിലെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണമായിരുന്നു. ഇവിടെ സവര്‍ണരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എത്ര പേരുണ്ട്? ജനസംഖ്യയുടെ എത്രശതമാനം വരുമത്? സംവരണം എപ്പോഴും ജനസംഖ്യ ആനുപാതികമായിട്ടാണ് കൊടുക്കുന്നത്. എത്ര സവര്‍ണര്‍ ദരിദ്രരായിട്ടുണ്ട്? എന്തു കണക്കാണ് സര്‍ക്കാരിനു മുന്നിലുള്ളത്. കണക്കില്ലെന്നു മാത്രമല്ല, സവര്‍ണ സംവരണം നടപ്പാക്കുന്നതിനു മുന്നോടിയായി നിയോഗിച്ച ശശിധരന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ കേരളത്തില്‍ ആരും തന്നെ സാമ്പത്തിക സംവരണത്തിന് അര്‍ഹരാകില്ല എന്നാണ് പറഞ്ഞിരിക്കുന്നതും. സംവരണത്തിനുള്ള മാനദണ്ഡം മാറ്റണമെന്ന് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞതിന്‍ പ്രകാരമാണ് രണ്ടരയേക്കര്‍ ഭൂമി പഞ്ചായത്തിലുള്ളവനും, എഴുപത്തിയഞ്ച് സെന്റ് ഭൂമി മുന്‍സിപ്പാലിറ്റിയിലുള്ളവനും, അമ്പത് സെന്റ് ഭൂമി കോര്‍പ്പറേഷനില്‍ ഉള്ളവനും ഈ ലിസ്റ്റില്‍ വരുന്നത്. ഇത് വലിയൊരു ചതിയാണ്. രണ്ടരയേക്കര്‍ ഭൂമിയുള്ളവന്‍ എങ്ങനെയാണ് ദരിദ്രനാകുന്നത്? കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ അമ്പത് സെന്റ് സ്ഥലമുള്ളവന്‍ എങ്ങനെയാണ് ദരിദ്രനാകുന്നത്? നാല് ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ളവനെയും എങ്ങനെയാണ് ദരിദ്രനാക്കിയത്?

എന്താണ് സംവരണത്തിനര്‍ഹരായ പുതിയ കാറ്റഗറിയുടെ പ്രശ്‌നം? ദരിദ്രനായൊരു നായര്‍ക്ക് നാളെ ലോട്ടറിയടിച്ചാല്‍ അവന്‍ കാറ്റഗറിക്ക് പുറത്തു പോകില്ലേ? ആദിവാസിയുടെയോ പട്ടിക ജാതിക്കാരന്റെയോ പ്രശ്‌നങ്ങളുമായി എങ്ങനെയാണ് ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയുക? ഒരു നായര്‍ക്ക് ലോട്ടറിയടിച്ചാല്‍ അവന്‍ കാറ്റഗറിയില്‍ നിന്നും പുറത്തു പോകും, പക്ഷേയൊരു ആദിവാസിക്ക് ലോട്ടറിയടിച്ചാലും അവന്‍ പുറത്തു പോകില്ല. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ ഉണ്ടാകുന്ന മറു ചോദ്യമാണ്, മറ്റുള്ളവരുടെ സംവരണം അവിടെ തന്നെയില്ലേ പിന്നെന്താ പ്രശ്‌നം? രാഷ്ട്രത്തിന്റെ സമ്പത്താണ് ചെലവാക്കുന്നത്. ഇവിടുത്തെ സമ്പത്തും ഭൂമിയും ആര്‍ക്കൊക്കെ കൊടുക്കുന്നുണ്ടെന്ന് അറിയാനുള്ള അവകാശം പട്ടിക ജാതിക്കാരനും ആദിവാസിക്കുമെല്ലാം ഉണ്ട്. ഞങ്ങളും ഇവിടുത്തെ പൗരന്മാരാണ് എന്നാണ് മറുപടി. പട്ടിക ജാതിക്കര്‍ക്ക് കൊടുക്കാനുള്ളത് കൊടുക്കുന്നുണ്ടല്ലോ എന്നൊക്കെ ചോദിക്കുന്നത് തികഞ്ഞ സവര്‍ണവാദമാണ്. ഞങ്ങള്‍ നിങ്ങളുടെയൊന്നും എടുത്തിട്ടില്ലല്ലോ എന്നൊക്കെയുള്ള സവര്‍ണ മാടമ്പിത്തരം വിലപ്പോകില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.