കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല് ഭരണസമിതി അംഗങ്ങള്‍ അറസ്റ്റില്‍

 
Karuvannur Bank

കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ.കെ ദിവാകരന്‍, ബൈജു ടി.എസ്, ജോസ് ചക്രംപിള്ളി, ലളിതന്‍ വി.കെ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും പ്രാദേശിക സിപിഎം നേതാക്കളാണ്. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. 12 ഭരണസമിതി അംഗങ്ങള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. ഭരണസമിതി അംഗങ്ങള്‍ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. 

ബാങ്കില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ 200 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. ചെറിയ കാലത്തിനുള്ളില്‍ ഇത്രയേറെ നിക്ഷേപം പിന്‍വലിച്ചതിനുപിന്നില്‍ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ബാങ്കിന്റെ പ്രതിസന്ധി മനസിലാക്കിയ ഭരണ സമിതിയംഗങ്ങള്‍ വേണ്ടപ്പെട്ടവരുടെ നിക്ഷേപം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും സംശയിക്കപ്പെടുന്നു. 

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശൂര്‍ സ്വദേശിയുമായ എം.വി സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. എന്നാല്‍, നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണെന്നിരിക്കെ കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വാദം. ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട ഹര്‍ജിക്കാരന്‍ വ്യക്തിവിരോധം തീര്‍ക്കാനാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.