വേദനിച്ചവരോടൊക്കെ മാപ്പ് ചോദിക്കുന്നു; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. റോയി കണ്ണന്‍ചിറ

 
Roy Kannanchira

തന്റെ പേരിലുള്ള വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണം

വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. റോയി കണ്ണന്‍ചിറ. കത്തോലിക്കാ സഭയിലെ മതാധ്യാപകരോടായാണ് സംസാരിച്ചത്. എന്നാല്‍, ഈഴവ സമുദായത്തില്‍പ്പെട്ട സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയെന്ന് മനസിലാക്കുന്നു. തന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു, മാപ്പ് ചോദിക്കുന്നു. തന്റെ വാക്കോ പ്രവര്‍ത്തിയോ കൊണ്ട് കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെ തടസപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫോ. റോയി ഷെഖെയ്‌ന ന്യൂസ് ചാനലിലെ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.  

ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നത്. ഭദ്രമായ സമൂഹമാണ് രാഷ്ട്രനിര്‍മിതിക്ക് ഏറെ സഹായകമാകുന്നത്. അതുകൊണ്ട് രാജ്യത്തിന് ഉപകാരമുള്ള, നന്മ ചെയ്യുന്ന നല്ല പൗരബോധമുള്ള മക്കളായി വളര്‍ന്നുവരുവാന്‍ മക്കളെ പരിശീലിപ്പിക്കണമെന്നാണ് താന്‍ പറഞ്ഞതിലുള്ള സദുദ്ദേശം. അതുകൊണ്ട് തന്റെ പേരിലുള്ള വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് ഫാ. റോയി കണ്ണന്‍ചിറ അഭ്യര്‍ഥിച്ചു. 


ഫാ. റോയി കണ്ണന്‍ചിറയുടെ വാക്കുകള്‍ 

കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയിലെ മതബോധന അധ്യാപകര്‍ക്ക്, വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട ചിന്തകള്‍ പങ്കുവെക്കുന്ന സമയത്ത്, ഇതര മതവിശ്വാസികളുമായിട്ടുള്ള വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇടവന്നു. അങ്ങനെ സംസാരിക്കുവാന്‍ കാരണമായത്, ഞങ്ങള്‍ വൈദികരുടെ പക്കല്‍ നിരവധി മാതാപിതാക്കള്‍, മക്കള്‍ അവരെ തള്ളിപ്പറഞ്ഞു മറ്റു ചിലരോടൊപ്പം വീടുവിട്ട് ഇറങ്ങിപ്പോകുന്നതായി അവര്‍ നമ്മുടെ മുന്നില്‍ വന്ന് വേദന പങ്കുവെക്കുമ്പോള്‍, കരയുമ്പോള്‍ ആ ഒരു ദുരന്തം ഒത്തിരി കുടുംബങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നതായിട്ട് മനസിലാക്കാന്‍ കഴിഞ്ഞു. വളര്‍ന്നു വരുന്ന തലമുറയില്‍ കുടുംബ ഭദ്രത ആവശ്യമാണെന്ന് ആ മക്കളെ പറഞ്ഞുപഠിപ്പിക്കേണ്ടത് കത്തോലിക്കാ സഭയില്‍ മതബോധന അധ്യാപകരാണ്, വൈദികരായ ഞങ്ങളാണ്, സമര്‍പ്പിതരാണ്. ഈ കുടുംബ ഭദ്രത നിലനില്‍ക്കണമെങ്കില്‍ വിശ്വാസ ഭദ്രത കൂടി വേണം. വിശ്വാസ ഭദ്രതയാണ് കത്തോലിക്കാ സഭയിലെ ദാമ്പത്തിക ഭദ്രതയുടെ അടിത്തറയെന്ന് പഠിപ്പിക്കുന്നു. കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്ന യുവാവും യുവതിയും തമ്മിലുള്ള വിവാഹമാണ് സഭയില്‍ പുതിയ കുടുംബത്തിന്റെ തുടര്‍ച്ചയുണ്ടാക്കുന്നത്. 

ഈയൊരു കാഴ്ചപ്പാട് പങ്കുവെക്കുന്നതിനിടയിലാണ് അടുത്തകാലത്ത് ശ്രദ്ധയില്‍പ്പെട്ട ചില അനുഭവങ്ങള്‍ അവരോട് പങ്കുവെച്ചത്. ഇതര മതത്തിലെ ചില ചെറുപ്പക്കാര്‍, കത്തോലിക്കാ സഭയിലെ പെണ്‍കുട്ടികളെ പ്രണയിച്ച് മാതാപിതാക്കളുടെ അനുവാദമില്ലാതെ, അറിവില്ലാതെ ഒളിച്ചുകടത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന അനുഭവങ്ങള്‍ അവരുമായി പങ്കുവെച്ചു. അതിനിടെ ഈഴവ സമുദായത്തിലെ ചില ചെറുപ്പക്കാരുടെ പരിശ്രമത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അത് എന്റെ പ്രിയപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ട സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയെന്ന് മനസിലാക്കുന്നു. ഞാന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമായിരുന്നു. എന്നാല്‍ ആ പ്രസംഗ വീഡിയോ പുറത്തുവന്നപ്പോള്‍ അത് മറ്റു പലര്‍ക്കും വേദനയുളവാക്കിയെന്ന് മനസിലായി. എന്റെ വാക്കു മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടൊക്കെ നിരുപാധികം ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു മാപ്പ് ചോദിക്കുന്നു. എന്റെയൊരു വാക്കോ പ്രവര്‍ത്തിയോ കൊണ്ട് കേരളത്തിന്റെ മതേതര സങ്കല്‍പ്പത്തെയോ, എല്ലാവരും ഒരുമിച്ച് വസിക്കുന്ന സ്‌നേഹസന്തോഷ ജന്യമായ സമൂഹ നിര്‍മിതിയിലെ യാത്രയെയോ തടസപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 

ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നത്. ഭദ്രമായ സമൂഹമാണ് രാഷ്ട്രനിര്‍മിതിക്ക് ഏറെ സഹായകമാകുന്നത്. അതുകൊണ്ട് രാജ്യത്തിന് ഉപകാരമുള്ള, നന്മ ചെയ്യുന്ന നല്ല പൗരബോധമുള്ള മക്കളായി വളര്‍ന്നുവരുവാന്‍ മക്കളെ പരിശീലിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞതിലുള്ള സദുദ്ദേശം. അതുകൊണ്ട് എന്റെ പേരിലുള്ള വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവരോടും ഒരിക്കല്‍കൂടി ഖേദം പ്രകടിപ്പിക്കുന്നു.