ഒറ്റവരിയില്‍ വിധി; ദൈവത്തിന് സ്തുതി പറഞ്ഞ് ഫ്രാങ്കോ 

 
Franco Mulackal

കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോടതി. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് ഒറ്റ വാചകത്തിലാണ് കോടതി വിധി പറഞ്ഞത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികള്‍. അതിനാല്‍, കേസുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ കോടതിയില്‍ ചര്‍ച്ചയായെന്ന കാര്യം വ്യക്തമല്ല. ഫ്രാങ്കോക്കെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനോ സാക്ഷി മൊഴികള്‍ക്കോ കഴിഞ്ഞില്ലെന്ന് വ്യക്തമാകുന്നതാണ് നിലവിലെ വിധി.  

Also Read : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍ 

ദൈവത്തിന് സ്തുതി എന്നായിരുന്നു ഫ്രാങ്കോയുടെ ആദ്യ പ്രതികരണം. കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ടശേഷം കോടതി മുറിയില്‍നിന്ന് പുറത്തിറങ്ങിയ, ഫ്രാങ്കോ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. എന്നാല്‍, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. കൈ കൂപ്പുകയും ഇരു കൈകളും മുകലിലേക്ക് ഉയര്‍ത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്. കാറില്‍ മടങ്ങിപ്പോകവെ, മാധ്യമങ്ങള്‍ പ്രതികരണത്തിനായി അടുത്തെത്തിയെങ്കിലും ദൈവത്തിന് സ്തുതി എന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. അതേസമയം, പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം. 

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. 2014 മുതല്‍ 2016 കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. 2020 സെപ്റ്റംബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ തുടങ്ങിയ വിചാരണ പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. 

Also Read : 24 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 83 സാക്ഷികള്‍; ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിധി ഇന്ന്

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മൂന്ന് ബിഷപ്പുമാര്‍, 11 വൈദികര്‍, 24 കന്യാസ്ത്രീകള്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുള്‍പ്പെടെ 83 സാക്ഷികളാണ് കേസിലുള്ളത്. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് നിലപാടെടുത്തത്. പ്രതിഭാഗത്തുനിന്ന് ആറ് സാക്ഷികളെയും വിസ്തരിച്ചു. ഫ്രാങ്കോയുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ആരും കൂറു മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നിട്ടും ഫ്രാങ്കോക്കെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.